Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകഫുട്‌ബോളിനെ വാര്‍ത്തകളില്‍ നിറച്ച പത്ത് സംഭവങ്ങള്‍ ഏതൊക്കെ?

സംഗതി ഉള്ളത് പോലെ പറയാമല്ലോ, 2016 ലോക ഫുട്‌ബോള്‍ സംഭവബഹുലമായിരുന്നു ! ഇംഗ്ലണ്ടില്‍ ലെസ്റ്റര്‍ സിറ്റിയുടെ കിരീടക്കുതിപ്പ് ഫുട്‌ബോള്‍ ചരിതത്തിലെ ഒരത്ഭുതകഥയാണ്. യൂറോ കപ്പില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ കപ്പില്‍ മുത്തമിട്ടത് ഫുട്‌ബോളിന്റെ അനിശ്ചിതത്വം നിറഞ്ഞ സൗന്ദര്യം അടിവരയിട്ടു. യൂറോ കപ്പില്‍ അരങ്ങേറ്റക്കാരായ വെയില്‍സും ഐസ്‌ലാന്‍ഡും ലോകഫുട്‌ബോളില്‍ പുതിയ മേല്‍വിലാസമുണ്ടാക്കിയതും മറക്കുന്നതെങ്ങനെ ! മെസിയുടെ വിരമിക്കലും തിരിച്ചുവരവും, ബ്രസീലിയന്‍ ക്ലബ്ബ് ഷാപെകോയിന്‍സെയുടെ ദുരന്തവും ഈ വര്‍ഷത്തെ സംഭവബഹുലമാക്കിയെന്ന് പറയാം.

ക്രിസ്റ്റ്യാനോയുടെ സൂപ്പര്‍ ഇയര്‍

ക്രിസ്റ്റ്യാനോയുടെ സൂപ്പര്‍ ഇയര്‍

ഫ്രാന്‍സ് മാഗസിന്റെ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം വീണ്ടും സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ ഫിഫ ലോകഫുട്‌ബോളര്‍ പുരസ്‌കാരത്തിനും ഫേവറിറ്റായി നില്‍ക്കുന്നു. യുസേബിയോയുടെയും ലൂയിസ് ഫിഗോയുടെയും പോര്‍ച്ചുഗലിന് സാധിക്കാതെ പോയതാണ് ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗല്‍ ഈ വര്‍ഷം സാധ്യമാക്കിയത് - ഒരു രാജ്യാന്തര കിരീടം ! ഇതോടെ പോര്‍ച്ചുഗല്‍ഡ ഫുട്‌ബോളിലെ എക്കാലത്തേയും അതികായനായി ക്രിസ്റ്റ്യാനോ മാറുകയും ചെയ്തു.

ഐസ്‌ലന്‍ഡും വെയില്‍സും കൈയ്യടി നേടി...

ഐസ്‌ലന്‍ഡും വെയില്‍സും കൈയ്യടി നേടി...

യൂറോകപ്പില്‍ വലിയ സാധ്യത കല്പിക്കപ്പെട്ട ടീമായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍, പ്രീക്വാര്‍ട്ടറില്‍ ഐസ്ലാന്‍ഡിന് മുന്നില്‍ 2-1ന് തോറ്റ് ഇംഗ്ലണ്ട് പുറത്തായി. താമസിയാതെ ഇംഗ്ലണ്ട് കോച്ച് റോയ് ഹൊഗ്‌സന് ജോലി നഷ്ടമായി.

മൂന്ന് ലക്ഷം ജനസംഖ്യയുള്ള ഐസ്ലാന്‍ഡ് ലോകഫുട്‌ബോളില്‍ തരംഗം സൃഷ്ടിച്ചത് കളിയോടുള്ള ആത്മാര്‍പ്പണം കൊണ്ടായിരുന്നു. ഫ്രാന്‍സിനോട് തോറ്റായിരുന്നു ഐസ്ലാന്‍ഡ് ടൂര്‍ണമെന്റില്‍ നിന്ന് മടങ്ങിയത്. വെയില്‍സ് സെമിഫൈനലില്‍ പ്രവേശിച്ചത് മറ്റൊരു വിപ്ലവമായി. ഗാരെത് ബെയ്‌ലിന്റെയും റാംസിയുടെയും താരപ്രഭമാത്രം അവകാശപ്പെടാനുള്ള വെയില്‍സിന്റെ കുതിപ്പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ലോകോത്തര സ്‌ട്രൈക്കറുടെ ഹെഡര്‍ ഗോളിന് മുന്നിലാണ് അവസാനിച്ചത്.

ഇംഗ്ലണ്ടില്‍ തലമാറ്റം

ഇംഗ്ലണ്ടില്‍ തലമാറ്റം

യൂറോ കപ്പിലെ തോല്‍വിയോടെ റോയ് ഹൊഗ്‌സന്‍ ഇംഗ്ലണ്ടിന്റെ സ്ഥാനം ഒഴിഞ്ഞതിന് ശേഷം സാം അലര്‍ഡൈസ് വന്നു. എന്നാല്‍, 67 ദിവസത്തിനുള്ളില്‍ വാതുവെപ്പ് വിവാദത്തില്‍ പെട്ട് അലഡൈസിന്റെ തൊപ്പി തെറിച്ചു. പകരമെത്തിയ ഗാരെത് സൗത്ത്‌ഗേറ്റ് ഇപ്പോള്‍ ഇംഗ്ലണ്ടിന്റെ സ്ഥിരം പരിശീലകനായി.

 മെസിയുടെ വിരമിക്കല്‍ !

മെസിയുടെ വിരമിക്കല്‍ !

കോപ അമേരിക്ക ഫൈനലില്‍ അര്‍ജന്റീന തോറ്റതിനെ തുടര്‍ന്നുണ്ടായ വിവാദത്തിനിടെ ലയണല്‍ മെസി രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത് വലിയ ഞെട്ടലായി. അര്‍ജന്റീന തുടരെ മൂന്നാം ഫൈനലില്‍ തോറ്റതിന് മെസിയെ പഴിചാരുവാന്‍ ശ്രമമുണ്ടായിരുന്നു. ഡിയഗോ മറഡോണ പോലും ഇതില്‍ നിന്ന് വിട്ടുനിന്നില്ല.

എന്നാല്‍, അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനിലെ ചില വ്യക്തികളുടെയും ടീം അംഗങ്ങളുടെയും ഇടപെടലിനെ തുടര്‍ന്ന് മെസി തീരുമാനം പിന്‍വലിച്ചു.

 ബ്രസീല്‍ ഒളിമ്പിക് ചാമ്പ്യന്‍മാരാകുന്നു, നെയ്മര്‍ വിരമിക്കുന്നു !

ബ്രസീല്‍ ഒളിമ്പിക് ചാമ്പ്യന്‍മാരാകുന്നു, നെയ്മര്‍ വിരമിക്കുന്നു !

ബ്രസീല്‍ കോപ അമേരിക്കയുടെ ഗ്രൂപ്പ് റൗണ്ടില്‍ പുറത്തായെങ്കിലും ഒളിമ്പിക്‌സില്‍ നെയ്മര്‍ നയിച്ച മഞ്ഞപ്പട ചരിത്രം കുറിച്ച് ചാമ്പ്യന്‍മാരായി. ബ്രസീലിന്റെ കന്നി ഒളിമ്പിക് ഫുട്‌ബോള്‍ സ്വര്‍ണം. ഫൈനലിന് ശേഷം നെയ്മര്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചു.

സ്പാനിഷ് ക്ലബ്ബുകളുടെ വാഴ്ച..

സ്പാനിഷ് ക്ലബ്ബുകളുടെ വാഴ്ച..

യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളില്‍ സ്പാനിഷ് ടീമുകളുടെ ആധിപത്യം വ്യക്തം. മൂന്ന് സീസണിനിടെ രണ്ടാം തവണയും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഏറ്റുമുട്ടിയ റയല്‍മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും സ്പാനിഷ് കരുത്തിന്റെ പര്യായമായി. ഫൈനലില്‍ ക്രിസ്റ്റ്യാനോയുടെ പെനാല്‍റ്റിയില്‍ റയലാണ് ചാമ്പ്യന്‍മാരായത്.

സ്പാനിഷ് ക്ലബ്ബായ സെവിയ്യ മൂന്നാം തവണയും യൂറോപ ലീഗ് ചാമ്പ്യന്‍മാരായി.ഫൈനലില്‍ യുര്‍ഗന്‍ ക്ലോപിന്റെ ലിവര്‍പൂളിനെയാണ് സെവിയ്യ തോല്‍പ്പിച്ചത്.

ക്ലബ്ബ് ലോകകപ്പും സ്‌പെയ്‌നിലേക്ക്

ക്ലബ്ബ് ലോകകപ്പും സ്‌പെയ്‌നിലേക്ക്

ഡിസംബറില്‍ നടന്ന ക്ലബ്ബ് ലോകകപ്പ് ഫൈനലിലും സ്പാനിഷ് ശക്തിപ്രകടനം പ്രകടം. ജാപനീസ് ക്ലബ്ബ് കാഷിമയെ തകര്‍ത്ത് റയല്‍മാഡ്രിഡ് ചാമ്പ്യന്‍മാരായി. ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ആദ്യമായി ഒരു ഏഷ്യന്‍ ടീം കളിച്ചു എന്ന പ്രത്യേകത ഇത്തവണയുണ്ട്.

 യുവെന്റസിനും കെല്‍റ്റിക്കിനും പഞ്ചാമൃതം

യുവെന്റസിനും കെല്‍റ്റിക്കിനും പഞ്ചാമൃതം

ജര്‍മനിയില്‍ ബയേണ്‍ മ്യൂണിക്കും ഫ്രാന്‍സില്‍ പാരിസ് സെയിന്റ് ജെര്‍മെയ്‌നും ലീഗ് ചാമ്പ്യന്‍മാരായി. ഇറ്റാലിയന്‍ സീരി എ കിരീടം തുടരെ അഞ്ചാം തവണയും സ്വന്തമാക്കി യുവെന്റസ് ചരിത്രം സൃഷ്ടിച്ചു.

സ്‌കോട്‌ലാന്‍ഡില്‍ കെല്‍റ്റിക്കും തുടരെ അഞ്ചാം കിരീടം നേടി വിസ്മയമായി. സ്‌പെയ്‌നില്‍ മാത്രമായി ബാഴ്‌സയുടെ നേട്ടങ്ങള്‍. ലാ ലിഗയും കിംഗ്‌സ് കപ്പും കാറ്റലന്‍ ക്ലബ്ബ് നേടി.

കറുത്ത അധ്യായമായി ഷാപ്‌കോയിന്‍സെ..

കറുത്ത അധ്യായമായി ഷാപ്‌കോയിന്‍സെ..

കോപ സുഡാമേരിക്കാന ഫൈനലില്‍ കൊളംബിയന്‍ ടീം അത്‌ലറ്റിക്കോ നാഷനലുമായി ഏറ്റുമുട്ടേണ്ടിയിരുന്ന ബ്രസീലിയന്‍ ക്ലബ്ബ് ഷാപെകോയിന്‍സെ ടീം വിമാനപകടത്തില്‍ ഒന്നടങ്കം ഇല്ലാതായത് ഞെട്ടിക്കുന്ന ദുരന്തമായി. രണ്ട് താരങ്ങള്‍ രക്ഷപ്പെട്ടെങ്കിലും അവര്‍ ഇനിയും ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടില്ല. കറുത്ത അധ്യായമായി ഷാപ്‌കോയിന്‍സെ 2016 നെ വേട്ടയാടുന്നു. ആദരാഞ്ജലിയെന്നോണം കോപ സുഡാമേരിക്കാന കിരീടം ഷാപ്‌കോയിന്‍സെക്ക് കൈമാറി.

ചൈനീസ് വിപ്ലവം

ചൈനീസ് വിപ്ലവം

ഫുട്‌ബോളിള്‍ ചൈനീസ് വിപ്ലവം നടക്കുകയാണ്. ഈ വര്‍ഷം തന്നെ നിരവധി സൂപ്പര്‍ താരങ്ങളെ ചൈനീസ് ക്ലബ്ബുകള്‍ റാഞ്ചി. അതെല്ലാം യൂറോപ്പിലെ മുന്‍നിരക്ലബ്ബുകളില്‍ നിന്നായിരുന്നു. ചെല്‍സിയുടെ ബ്രസീലിയന്‍ താരം ഓസ്‌കറാണ് ഏറ്റവും ഒടുവില്‍ ചൈനീസ് സൂപ്പര്‍ ലീഗിലേക്ക് ചേക്കേറിയത്. ചൈനയുടെ ഫുട്‌ബോള്‍ വിപ്ലവും യൂറോപ്യന്‍ ഫുട്‌ബോളിനെ ബാധിക്കുമെന്ന മുന്നറിയിപ്പാണ് 2016 നല്‍കുന്നത്.

Story first published: Saturday, December 24, 2016, 11:24 [IST]
Other articles published on Dec 24, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+