Euro Cup 2021: ആരാധകര്‍ക്കു ആശ്വാസം- എറിക്‌സണ്‍ ആശുപത്രിയില്‍, ബോധം വീണ്ടെടുത്തു

കോപ്പന്‍ഹേഗന്‍: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്കു ആശ്വാസവാര്‍ത്ത. യൂറോ കപ്പില്‍ ഡെന്മാര്‍ക്കും ഫിന്‍ലാന്‍ഡും തമ്മിലുള്ള കളിക്കിടെ കുഴഞ്ഞു വീണ ഡാനിഷ് സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ അപകടനില തരണം ചെയ്തു. ആശുപത്രിയിലുള്ള അദ്ദേഹം ബോധം വീണ്ടെടുത്ത ശേഷം കൂടുതല്‍ മെഡിക്കല്‍ പരിശോധനകള്‍ക്കു വിധേയനാവുകയാണെന്നാണ് ഏറ്റവും പുതിയ വിവരം. അതിനിടെ എറിക്‌സണ്‍ ആശുപത്രിയില്‍ വച്ച് സംസാരിച്ചതായും അദ്ദേഹത്തിന്റെ ഏജന്റ് മാര്‍ട്ടിന്‍ സ്‌കൂട്ട്‌സ് ഒരു മാധ്യമത്തോടു പറഞ്ഞു. എറിക്‌സണിന്റെ പിതാവുമായി സംസാരിച്ചതായും അദ്ദേഹമാണ് ഇക്കാര്യമറിയിച്ചതെന്നും സ്‌കൂട്ട്‌സ് വ്യക്തമാക്കി.

ഡെന്‍മാര്‍ക്കും ഫിന്‍ലാന്‍ഡും തമ്മിലുള്ള മല്‍സരം റദ്ദാക്കിയിരുന്നു. പിന്നീട് എറിക്‌സണിന്റെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ഇരുടീമുകളിലെയും കളിക്കാരുടെ ആവശ്യപ്രകാരം മണിക്കൂറുകള്‍ക്കു ശേഷം മല്‍സരം പുനരാരംഭിക്കുകയായിരുന്നു. ഒന്നാംപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെയായിരുന്നു എറിക്‌സണ്‍ പെട്ടെന്നു ഗ്രൗണ്ടില്‍ ബോധരഹിതനായി വീണത്. ത്രോയ്ക്കു ശേഷമായിരുന്നു ബോളിലേക്കു നടന്നുവരവെ പൊടുന്നനെ അദ്ദേഹം ഗ്രൗണ്ടില്‍ വീണത്. അപ്പോള്‍ ആരും കാര്യമാക്കിയില്ലെങ്കിലും ഒരു ഫിന്‍ലാന്‍ഡ് താരം ഇതു ചൂണ്ടിക്കാണിച്ചതോടെ മറ്റുതാരങ്ങള്‍ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. ഈ സമയത്ത് എറിക്‌സണിനു ബോധം നഷ്ടമായിരുന്നു. ഇതോടെ പരിഭ്രാന്തരായ ഡാനിഷ് താരങ്ങള്‍ മെഡിക്കല്‍ സംഘത്തോടെ ഉടനെത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

എറിക്‌സണിന് ഉടന്‍ മെഡിക്കല്‍ ടീം സിപിആര്‍ നല്‍കി. ഈ സമയത്തു ഡാനിഷ് ടീമിലെ സഹതാരങ്ങള്‍ കൈകള്‍ കോര്‍ത്തു അദ്ദേഹത്തിനു ചുറ്റും നിന്നു. സിപിഎര്‍ നല്‍കിയെങ്കിലും എറിക്‌സണിന്റെ സ്ഥിതിയില്‍ മാറ്റം കണ്ടില്ല. ഇതോടെ ചുറ്റുമുണ്ടായിരുന്ന താരങ്ങള്‍ കണ്ണീര്‍ പൊഴിക്കുകയും പ്രാര്‍ഥിക്കുന്നതും കാണാമായിരുന്നു. ഫിന്‍ലാന്‍ഡ് കളിക്കാരും ഞെട്ടലോടെ ഗ്രൗണ്ടിലിരുന്നപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാവാതെ സ്‌റ്റേഡിയത്തിലെത്തി കാണികളും ഞെട്ടിത്തരിച്ചു നിന്നു. ചിലര്‍ പരസ്പരം ആശ്വസിപ്പിക്കുന്നതും വിതുമ്പുന്നതും പ്രാര്‍ഥിക്കുന്നതുമെല്ലാം കാണാമായിരുന്നു.

10 മിനിറ്റിലേറെ നേരം മെഡിക്കല്‍ സംഘം എറിക്‌സണിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. ഒടുവില്‍ ഇരുവശങ്ങളും മറച്ച ശേഷം താരത്തെ സ്‌ട്രെച്ചറില്‍ ഗ്രൗണ്ടിനു പുറത്തേക്കു കൊണ്ടുപോവുകയും ചെയ്തു. സ്‌ട്രെച്ചറില്‍ പുറത്തേക്കു കൊണ്ടു പോവുമ്പോള്‍ എറിക്‌സണിനു ബോധം തിരിച്ചുകിട്ടിയിരുന്നതായി തെളിയിക്കുന്ന ചില ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഓക്‌സിജന്‍ മാസ്‌കോടെ തലയില്‍ കൈവച്ച് എറിക്‌സണ്‍ നോക്കുന്നതായിരുന്നു ഫോട്ടോ. ഇതോടെയാണ് ഫുട്‌ബോള്‍ പ്രേമികള്‍ക്കു ശ്വാസം നേരെ നീണത്.

വൈകാതെ യുവേഫയുടെയും ഡാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്റെയും ഔദ്യോഗിക വിശദീകരണം പുറത്തുവന്നതോടെ എറിക്‌സണ്‍ ജീവിതത്തിലേക്കു മടങ്ങിയെത്തിയതായി ഉറപ്പാവുകയും ചെയ്തു. ഡാനിഷ് താരം ക്രിസ്റ്റ്യന്‍ എറിക്‌സണുള്‍പ്പെട്ട മെഡിക്കല്‍ എമേര്‍ജന്‍സിയെത്തുടര്‍ന്നു ഇരുടീമുകളുടെയും മാച്ച് ഒഫീഷ്യലുകളുടെും അടിയന്തര യോഗം ചേര്‍ന്നിരുന്നു. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ അറിയിക്കും. നിലവില്‍ എറിക്‌സണിനെ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണെന്നും യുവേഫയുടെ ഔദ്യോഗിക വിശദീകരണം.

മിനിറ്റുകള്‍ക്കകം ഡാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്റെയും വിശദീകരണം വന്നു. ബോധം വീണ്ടുകിട്ടിയ എറിക്‌സണ്‍ ആശുപത്രിയില്‍ കൂടുതല്‍ മെഡിക്കല്‍ പരിശോധനകള്‍ക്കു വിധേയനായിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു ഡാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.

ഡെന്‍മാര്‍ക്ക് ടീമിലെ ഗ്ലാമര്‍ താരം കൂടിയാണ് 29കാരനായ എറിക്‌സണ്‍. യൂറോ യോഗ്യതാ ടൂര്‍ണമെന്റില്‍ ടീമിന്റെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു അദ്ദേഹം. അഞ്ചു ഗോളുകളായിരുന്നു അദ്ദേഹം നേടിയത്. നിലവില്‍ ഇറ്റാലിയന്‍ ലീഗില്‍ ഇന്റര്‍മിലാന്‍ ടീമിന്റെ താരമായിരുന്നു എറിക്‌സണ്‍. നേരത്തേ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ടോട്ടനം ഹോട്‌സ്പറിനു വേണ്ടി നടത്തിയിട്ടുള്ള മിന്നുന്ന പ്രകടനങ്ങളാണ് എറിക്‌സണിനെ യൂറോപ്പിലെ സൂപ്പര്‍ താരങ്ങളിലൊരാളാക്കി മാറ്റിയത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
പ്രവചനങ്ങൾ
VS
Story first published: Saturday, June 12, 2021, 22:40 [IST]
Other articles published on Jun 12, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X