Euro Cup 2021: ഷിക്ക് ഡബിളില്‍ ചെക്ക് മിന്നിച്ചു, പോളണ്ടിന്റെ കഥ കഴിച്ച് സ്ലൊവാക്യ

ഗ്ലാസ്‌ഗോ/ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: യൂറോ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിലെ ഗ്രൂപ്പ് ഡി മല്‍സത്തില്‍ ചെക്ക് റിപബ്ലിക്കിനു വിജത്തുടക്കം. ഗ്ലാസ്‌ഗോയില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ആതിഥേയരായ സ്‌കോട്ട്‌ലാന്‍ഡിനെ അവര്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്തുവിട്ടു. അതേസമയം, ഗ്രൂപ്പ് ഇയില്‍ സ്ലൊവാക്യ 2-1ന് പോളണ്ടിനെ ഞെട്ടിച്ചു.

ഇരുപകുതികളിലുമായി പാട്രിക് ഷിക്ക് നേടിയ ഇരട്ടഗോളുകളാണ് സ്‌കോട്ടിഷ് ടീമിനെതിരേ ചെക്കിന് മിന്നുന്ന വിജയം സമ്മാനിച്ചത്. 42, 52 മിനിറ്റുകളിലായിരുന്നു താരം ലക്ഷ്യം കണ്ടത്. ആദ്യത്തെ ഗോള്‍ തകര്‍പ്പന്‍ ഹെഡ്ഡറില്‍ നിന്നായിരുന്നെങ്കില്‍ രണ്ടാമത്തേത് താരത്തിന്റെ വ്യക്തിഗത മികവിന്റെ നേര്‍ക്കാഴ്ചയായിരുന്നു. ഇത്തവണത്തെ ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളായി ഇതു തിരഞ്ഞെടുക്കപ്പെട്ടേക്കും. 50 വാര അകലെ നിന്നും കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടിലൂടെയായിരുന്നു ഷിക്ക് പന്തിനെ വലയിലേക്കു നയിച്ചത്.

തോറ്റെങ്കിലും സ്‌കോട്ടിഷ് ടീമിന്റെ പ്രകടനം മോശമായിരുന്നുവെന്നു പറയാന്‍ കഴിയില്ല. ഇഞ്ചോടിഞ്ച് പ്രകടനമായിരുന്നു സ്‌കോട്ട്്‌ലാന്‍ഡ് കാഴ്ചവച്ചത്. എന്നാല്‍ ചെക്ക് ഗോള്‍കീപ്പറിന്റെ തോമസ് വാക്ലിക്കിന്റെ തകര്‍പ്പന്‍ സേവുകള്‍ അവര്‍ക്കു ഗോള്‍ നിഷേധിക്കുകയായിരുന്നു. സമനിലയെങ്കിലും അര്‍ഹിച്ച പ്രകടനമായിരുന്നു അവരുടേത്. എന്നാല്‍ സ്‌കോട്ട്‌ലാന്‍ഡിന്റെ ക്ലോസ് റേഞ്ച് ഗോള്‍ ശ്രമങ്ങള്‍ പോലും അസാധാരണമായ മെയ് വഴക്കത്തോടെ വാക്ലിക് നിഷ്പ്രഭമാക്കുകയായിരുന്നു.

16ാം മിനിറ്റില്‍ ചെക്ക് ടീമാണ് കളിയിലെ ആദ്യത്തെ ഗോള്‍നീക്കം നടത്തിയത്. ഇടതുവിങില്‍ നിന്നും യാങ് തോ നല്‍കിയ ക്രോസ് ഷിക്ക് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ലക്ഷ്യത്തിലേക്കു തൊടുത്തെങ്കിലും ഗോളി മാര്‍ഷല്‍ ഡൈവിങ് സേവിലൂടെ തട്ടിയകറ്റി. ആദ്യപകുതി ഗോള്‍രഹിതമായി കലാശിക്കുമെന്നിരിക്കെയായിരുന്നു ഷിക്കിലൂടെ ചെക്ക് അക്കൗണ്ട് തുറന്നത്. വലതുമൂലയില്‍ നിന്നുള്ള കോര്‍ണര്‍ കിക്ക് ഉയര്‍ന്നുചാടിയ ഷിക്ക് കരുത്തുറ്റ ഹെഡ്ഡറിലൂടെ വലയിലേക്കു വഴികാണിച്ചപ്പോള്‍ ഡൈവ് ചെയ്ത ഗോളിക്കു എത്തിപ്പിടിക്കാനായില്ല.

രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ ഇരുടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചു. ക്രോസ് ബാര്‍ രക്ഷയ്‌ക്കെത്തിയിരുന്നില്ലെങ്കില്‍ 48ാം മിനിറ്റില്‍ സ്‌കോട്ട്‌ലാന്‍ഡ് 1-1ന് ഒപ്പമെത്തേണ്ടതായിരുന്നു. സമനില ഗോളിനായി സ്‌കോട്ടിഷ് ടീം കിണഞ്ഞു ശ്രമിക്കവെയാണ് കൗണ്ടര്‍ അറ്റാക്കില്‍ നിന്നും ഷിക്കിന്റെ വണ്ടര്‍ ഗോള്‍ അവര്‍ക്കു ഷോക്കായത്. സുസെക്കില്‍ നിന്നും ലഭിച്ച ബോള്‍ സ്വന്തം ഹാഫ് കഴിഞ്ഞതിനു പിന്നാലെ ഷിക്ക് ഇടംകാല്‍ ഷോട്ടിലൂടെ ലക്ഷ്യത്തിലേക്കു തൊടുത്തു. ഈ സമയത്ത് സ്‌കോട്ടിഷ് ഗോളി മാര്‍ഷല്‍ ബോക്‌സിനു പുറത്തേക്കു ഇറങ്ങി നില്‍ക്കുകയായിരുന്നു. ഷിക്കിന്റെ ഷോട്ട് കണ്ട് പരിഭ്രാന്തനായി ഗോള്‍മുഖത്തേക്കു കുതിച്ച മാര്‍ഷല്‍ ഇവിടെയെത്തുമ്പോഴേക്കും ബോള്‍ വലയ്ക്കുള്ളില്‍ താഴ്ന്നിറങ്ങിയിരുന്നു.

ഗ്രൂപ്പ് ഡിയില്‍ ഗോള്‍കീപ്പര്‍ വോസിയെക്ക് ഷെസ്‌നിയുടെ സെല്‍ഫ് ഗോളും മിലന്‍ ക്രിനിയറുടെ ഗോളുമാണ് പോളണ്ടിനെതിരേ സ്ലൊവാക്യക്കു അട്ടിമറി വിജയം സമ്മാനിച്ചത്. പോളണ്ടിന്റെ ഗോള്‍ 46ാം മിനിറ്റില്‍ കരോള്‍ ലിനെറ്റിയുടെ വകയായിരുന്നു. സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി തീര്‍ത്തും നിറംമങ്ങിയത് പോളണ്ടിന്റെ പതനത്തിനു വഴിയൊരുക്കി. ആദ്യ പകുതിയില്‍ സ്ലൊവാക്യയായിരുന്നു മികച്ച ടീം. ലീഡുമായി അവര്‍ അതു തെളിയിക്കുകയും ചെയ്തു.

18ാം മിനിറ്റിലായിരുന്ന പോളണ്ടിനെ സ്തബ്ധരാക്കിയ സെല്‍ഫ് ഗോള്‍. ഇടതു വിങില്‍ നിന്നും രണ്ടു പോളണ്ട് താരങ്ങളെ വെട്ടിയൊഴിഞ്ഞ് ബോക്‌സിലേക്കു കയറിയ ശേഷം റോബര്‍ട്ട് മാക്ക് തൊടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയ ശേഷം ഡൈവ് ചെയ്തു വീണ ഗോളി ഷെസ്‌നിയുടെ ദേഹത്തു തട്ടി വലയില്‍ കയറുകയായിരുന്നു. ആദ്യപകുതിയില്‍ ഗോളിലേക്കു മികച്ച നീക്കങ്ങളൊന്നും നടത്താന്‍ പോളണ്ടിനായില്ല.

രണ്ടാംപകുതിയില്‍ പോളണ്ടിന്റെ മറ്റൊരു മുഖമാണ് കണ്ടത്. കളി പുനരാരംഭിച്ച് ആദ്യ മിനിറ്റില്‍ത്തന്നെ അവര്‍ ഇതിനു ഫലംകാണുകയും ചെയ്തു. മികച്ച ചില പാസുകള്‍ക്കൊടുവില്‍ ടീമംഗം ബോക്‌സുള്ളില്‍ നിന്നു നല്‍കിയ ക്രോസ് ഗ്രൗണ്ട് ഷോട്ടിലൂടെ ലിനെറ്റി വലയിലേക്കു തട്ടിയിട്ടപ്പോള്‍ ഗോളിയടക്കം എല്ലാവരും കാഴ്ചക്കാരായിരുന്നു. തുടര്‍ന്നും പോളണ്ട് കളിയില്‍ കരുത്താര്‍ജിക്കവെയായിരുന്നു അപ്രതീക്ഷിത ടേണിങ് പോയിന്റ്. ഗ്രെഗോസ് ക്രിക്കോവിയാക്ക് രണ്ടാം മഞ്ഞക്കാര്‍ഡും കണ്ടു പുറത്തായതോടെ പോളണ്ട് 10 പേരായി ചുരുങ്ങി. ഈ ആനുകൂല്യം മുതലെടുത്ത് സ്ലൊവാക്യ കളിയിലേക്കു തിരിച്ചുവന്നു.

69ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ ക്രിനിയറുടെ ഗോളില്‍ സ്ലൊവാക്യ ലീഡ് തിരിച്ചുപിടിച്ചു. കോര്‍ണര്‍ കിക്കിനൊടുവില്‍ ബോള്‍ ബോക്‌സിനകത്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ക്രിനിയറിലേക്കാണ് വന്നത്. പന്ത് സ്റ്റോപ്പ് ചെയ്ത ശേഷം ക്രിനിയര്‍ തൊടുത്ത കരുത്തുറ്റ വലം കാല്‍ ഷോട്ട് കൂട്ടംകൂടി നിന്ന പോളണ്ട് താരങ്ങള്‍ക്കിടയിലൂടെ വലയില്‍ തുളഞ്ഞുകയറുകയായിരുന്നു. ഈ ഗോളിനു പോളണ്ടിന്റെ പക്കല്‍ മറുപടിയില്ലായിരുന്നു. അവസാന മിനിറ്റുകളില്‍ പോളണ്ട് സമനില ഗോളിനായി ചില മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഫിനിഷിങിലെ പിഴവുകള്‍ തിരിച്ചടിയായി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
പ്രവചനങ്ങൾ
VS
Story first published: Monday, June 14, 2021, 23:34 [IST]
Other articles published on Jun 14, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X