Euro Cup: ടോപ് സ്‌കോററായി റൊണാള്‍ഡോ, ചരിത്രമെഴുതി ഡൊണാറുമ, പുരസ്‌കാര നേട്ടക്കാരെ അറിയാം
വിംബ്ലി: കോപ്പാ അമേരിക്കയ്ക്ക് പിന്നാലെ യൂറോ കപ്പ് ആവേശങ്ങള്‍ക്കും അവസാനമായിരിക്കുകയാണ്. ഫൈനലില്‍ ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തില്‍ ഷൂട്ടൗട്ടില്‍ തളച്ച ഇറ്റലിയാണ് കിരീടം സ്വന്തമാക്കിയത്. ഇറ്റലിയുടെ രണ്ടാമത്തെ യൂറോ കപ്പ് കിരീടമായിരുന്നു ഇത്. 1968ലായിരുന്നു ആദ്യ കിരീട നേട്ടം. 2018ലെ ലോകകപ്പ് ഫുട്‌ബോളില്‍ യോഗ്യത നേടാനാവാതെ പോയ ടീമെന്ന നിലയില്‍ നിന്ന് ഇന്നത്തെ കിരീട നേട്ടം വരെയുള്ള ഇറ്റലിയുടെ വളര്‍ച്ച ആരെയും ആവേശം കൊള്ളിക്കുന്നതാണ്.
ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇതിഹാസങ്ങള്‍ രചിച്ചിട്ടുള്ള അസൂറികളുടെ പാരമ്പര്യം നിലനിര്‍ത്താന്‍ തങ്ങള്‍ പ്രാപ്തരാണെന്ന് തെളിയിക്കുന്ന പ്രകടനം കാഴ്ചവെച്ച യുവനിര 2022ലെ ഖത്തര്‍ ലോകകപ്പിന് മുമ്പ് എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. യൂറോ കപ്പിന് കലാശക്കൊട്ടാവുമ്പോള്‍ വ്യക്തിഗത പുരസ്‌കാര ജേതാക്കള്‍ ആരൊക്കെയാണെന്നറിയാം.

ടോപ് സ്‌കോററായ റൊണാള്‍ഡോ
പ്രീ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനോട് തോറ്റ് പോര്‍ച്ചുഗല്‍ പുറത്തായെങ്കിലും യൂറോ കപ്പ് 2021ലെ ടോപ് സ്‌കോററായിരിക്കുന്നത് ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്. അഞ്ച് ഗോളുകളും ഒരു അസിസ്റ്റുമാണ് അദ്ദേഹം നടത്തിയത്. ചെക്ക് റിപ്പബ്ലിക്കിന്റെ പാട്രിക്ക് ഷിക്കും അഞ്ച് ഗോള്‍ നേടിയെങ്കിലും ഒരു അസിസ്റ്റ് പോലും ചെയ്തില്ല. ഫ്രാന്‍സിന്റെ കരിം ബെന്‍സേമ നാല് ഗോളുകളും ടൂര്‍ണമെന്റില്‍ നേടി.

ടൂര്‍ണമെന്റിലെ താരമായി ഡൊണാറുമ
ഇറ്റലിയുടെ കിരീട ധാരണത്തിന് പിന്നില്‍ ജിയാന്‍ലൂജി ഡൊണാറുമ എന്ന ഗോള്‍കീപ്പറുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത് ഡൊണാറുമയുടെ ഗോള്‍കീപ്പിങ് മികവിലാണ്. ടൂര്‍ണമെന്റിലുടെനീളം ഗോള്‍വലക്ക് മുന്നില്‍ തിളങ്ങിയ താരത്തെയാണ് ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുത്തത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഗോള്‍കീപ്പറെന്ന ബഹുമതിയും ഡൊണാറുമക്ക് സ്വന്തം.

മികച്ച യുവതാരമായി പെഡ്രോ
ടൂര്‍ണമെന്റിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സ്‌പെയിനിന്റെ 18കാരന്‍ പെഡ്രോ ഗോണ്‍സാലസ് ലോപ്പസ് സ്വന്തമാക്കി. മിഡ്ഫീല്‍ഡറായ താരം ബാഴ്‌സലോണക്കുവേണ്ടിയാണ് ക്ലബ്ബ് ഫുട്‌ബോള്‍ കളിക്കുന്നത്. 2021ല്‍ സ്പാനിഷ് ടീമില്‍ അരങ്ങേറ്റം കുറിച്ച താരം 10 മത്സരങ്ങള്‍ കളിച്ചെങ്കിലും ഒരു ഗോളുപോലും നേടിയിട്ടില്ല. ഖത്തര്‍ ലോകകപ്പിലേക്ക് സ്‌പെയിന്‍ വളരെ പ്രതീക്ഷയോടെ കാണുന്ന താരമാണ് പെഡ്രോ. ബാഴ്‌സലോണക്കായി 37 മത്സരത്തില്‍ നിന്ന് മൂന്ന് ഗോളും അദ്ദേഹം നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications