ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്ഥിരതയില്ലാതെ കളിക്കുന്ന ചെല്‍സിക്ക് വീണ്ടും തോല്‍വി. പതിവുപോലെ കളിയുടെ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ചിട്ടും ഗോളടിക്കാന്‍ മറന്ന ലണ്ടന്‍ ടീം ന്യൂകാസില്‍ യുണൈറ്റഡിനോട് അവസാന സെക്കന്റില്‍ തോല്‍വി വഴങ്ങുകയായിരുന്നു. ഐസക് ഹൈഡന്(90+4) ആണ് ന്യൂകാസിലിന്റെ വിജയഗോള്‍ നേടിയത്. തോറ്റെങ്കിലും 23 കളിയില്‍ നിന്നും 39 പോയന്റുമായി ചെല്‍സി നാലാം സ്ഥാനത്ത് തുടരുകയാണ്.
ഇറ്റാലിയന്‍ സീരി എ യില്‍ നാപ്പോളിയും തോല്‍വി വഴങ്ങി. ഫോമിലേക്ക് തിരിച്ചെത്തിയ ഫിയോറന്റീനയാണ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നാപ്പോളിയെ മുട്ടുകുത്തിച്ചത്. സസോളോ 2-1ന് ടൊറിനോയേയും ലാസിയോ 5-1 എന്ന സ്കോറിന് സാംപ്ഡോറിയയേയും തകര്‍ത്തു. ലീഗില്‍ 19 കളിയില്‍നിന്നും 48 പോയന്റുമായി യുവന്റസ് ഒന്നാം സ്ഥാനത്തും 46 പോയന്റുമായി ഇന്റര്മിലാന് രണ്ടാം സ്ഥാനത്തുമാണ്.
മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ പൂട്ടി ക്രിസ്റ്റല്‍ പാലസ്;റയല്‍ മാഡ്രിഡിന് ജയം
ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബൊറൂസിയ ഡോട്ട്മുണ്ട് 5-3ന് ഔസ്ബര്ഗിനെ തോല്‍പ്പിച്ചു. എഫ്സി കോളിന് 3-1ന് വോള്‍ഫ്സ്ബര്‍ഗിനേയും ഫ്രീബര്‍ഗ് 2-1ന് മെയ്ന്സിനേയും വെര്ഡര്ബ്രമന് 1-0ത്തിന് ദസ്സല്ഡോര്ഫിനേയും ഫ്രാങ്ക്ഫുര്‍ട് 2-1ന് ഹോഫെന്ഹെയ്മിനേയും ലെയ്സിഗ് 3-1ന് യൂണിയന് ബര്‍ലിനേയും തോല്‍പ്പിച്ചു. ലീഗില്‍ 18 കളികളില്‍നിന്നും 40 പോയന്റുമായി ലെയ്പ്സിഗ് ഒന്നാം സ്ഥാനത്തും 35 പോയന്റുമായി ഗ്ലാഡ്ബെഷ് രണ്ടാംസ്ഥാനത്തുമാണ്.