ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നടന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആഴ്സണല്‍ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടിയാണ് സമനിലയിലായത്. സ്കോട്ട് മക്ടോമിനായ്(45) യുണൈറ്റഡിനുവേണ്ടിയും ഔബമെയാങ്(58) ആഴ്സണലിനുവേണ്ടിയും സ്കോര്‍ ചെയ്തു. സ്വന്തം മൈതാനത്ത് ആധിപത്യമുണ്ടായിട്ടും മത്സരത്തില്‍ ജയം സ്വന്തമാക്കാന്‍ യുണൈറ്റഡിന് കഴിഞ്ഞില്ല.
ഗോളാക്രമണത്തിലും ഷോട്ടുകളിലും മുന്നിട്ടുനിന്നത് യുണൈറ്റഡാണ്. സീസണില്‍ ഇരു ടീമുകള്‍ക്കും ഫോമിലേക്കുയരായിട്ടില്ലെന്നതിനാല് വിജയം ലക്ഷ്യമാക്കിയാണ് രണ്ട് ടീമുകളും കളിക്കിറങ്ങിയത്. പന്ത് കൈവശം വെക്കുന്നതില്‍ യുണൈറ്റഡ് വിജയിച്ചെങ്കിലും മികച്ച മുന്നേറ്റനിരയുടെ അഭാവം ടീമിന് തിരിച്ചടിയായി. പരിക്കില്‍നിന്നും മോചിതനായി റാഷ് ഫോര്‍ഡ് കളിക്കിറങ്ങിയിരുന്നു.
ലോക ചാമ്പ്യന്‍ഷിപ്പ്; ചരിത്രനേട്ടവുമായി ജാവലിന്‍ താരം അന്നു റാണി, ദേശീയ റെക്കോര്‍ഡും തിരുത്തി
മറുവശത്ത് ഒന്നാംനിര ടീമുമായി ഇറങ്ങിയ ആഴ്സണിലിനും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാനായില്ല. ചില മികച്ച അവസരങ്ങള്‍ ഗോളാക്കി മാറ്റാനും കഴിഞ്ഞില്ല. ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞതോടെ പോയന്റ് മുന്നില്‍ യുണൈറ്റഡ് ഇപ്പോഴും പിറകിലാണ്. 7 കളികളില്‍നിന്നും 12 പോയന്റുമായി ആഴ്സണല്‍ നാലാം സ്ഥാനത്തും ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും 9 പോയന്റുമായി യുണൈറ്റഡ് 10-ാം സ്ഥാനത്തുമാണ്.