ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ ലെയ്‌സെസ്റ്റര്‍ സിറ്റിയെ മുന്‍ ചാംപ്യന്മാരായ ലിവര്‍പൂള്‍ നാണം കെടുത്തി. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ചെമ്പടയുടെ ജയം. ബ്രസീല്‍ താരം റോബര്‍ട്ടോ ഫെര്‍മിനോ രണ്ടു ഗോളും സെനഗല്‍ താരം സാഡിയോ മനെ, ഇംഗ്ലണ്ട് മിഡ്ഫീല്‍ഡര്‍ ആദം ലല്ലാന എന്നിവരാണ് ലിവര്‍പൂളിനുവേണ്ടി ഗോള്‍ നേടിയത്. ചാംപ്യന്മാരുടെ ആശ്വാസ ഗോള്‍ ദേശീയ ടീമംഗം ജാമി വാര്‍ഡിയില്‍ നിന്നായിരുന്നു.

മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി 2-1ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയും ആഴ്‌സണല്‍ ഇതേ സ്‌കോറില്‍ സൗത്ത്ആംപ്ടനെയും ബോണെമൗത്ത് ഏകപക്ഷീയമായ ഒരു ഗോളിന് വെസ്റ്റ്‌ബ്രോമിനെയും ക്രിസ്റ്റിയല്‍ പാലസ് 2-1ന് മിഡില്‍സ്ബറോയെയും ടോട്ടന്‍ഹാം 4-0ന് സ്റ്റോക്കിനെയും വാട്ട്‌ഫോര്‍ഡ് 4-2ന് വെസ്റ്റ്ഹാമിനെയും കീഴടക്കി. ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ചെല്‍സി സ്വന്‍സയുമായി ഏറ്റുമുട്ടും.
നാലാം റൗണ്ടിലേക്ക് കടക്കുമ്പോള്‍ 12 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഏറ്റവും മുന്നില്‍. മൂന്നു മത്സരങ്ങളില്‍ നിന്നും ഒമ്പത് പോയിന്റുമായി ചെല്‍സി തൊട്ടുപിറകിലുണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ടോട്ടന്‍ഹാം, ലിവര്‍പൂള്‍, ആഴ്‌സണല്‍ ടീമുകള്‍ യഥാക്രമം മൂന്നും നാലും അഞ്ചും ആറും സ്ഥാനത്തുണ്ട്. നിലവിലുള്ള ചാംപ്യന്മാരായ ലെയ്‌സെസ്റ്റര്‍ പതിനഞ്ചാം സ്ഥാനത്താണ്.