ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയം തുടര്‍ന്ന് ചെല്‍സി. ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ചെല്‍സി തോല്‍പ്പിച്ചത്. ചെല്‍സിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് നീലപ്പട രണ്ട് ഗോളും നേടിയത്. ആദ്യ പകുതിയില്‍ ശക്തമായ പ്രതിരോധം പുറത്തെടുത്ത ക്രിസ്റ്റല്‍ പാലസ് ലംപാര്‍ഡിന്റെ ശിഷ്യന്മാരെ ഗോളടിപ്പിക്കാതെ തടുത്തു നിര്‍ത്തി. 52ാം മിനുട്ടില്‍ വില്യന്റെ അസിസ്റ്റില്‍ തമി അബ്രഹാമാണ് ചെല്‍സിയുടെ സ്കോര്‍ബോര്‍ഡ് തുറന്നത്. 79ാം മിനുട്ടില്‍ ക്രിസ്റ്റിയന്‍ പുലിസിച്ച് ചെല്‍സിക്കായി രണ്ടാം ഗോളും നേടി. സീസണിലെ എട്ടാം ജയത്തോടെ 26 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്ന് ചെല്‍സി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 31 പോയിന്റുള്ള ലിവര്‍പൂളാണ് ഒന്നാം സ്ഥാനത്ത്. 23ാം തീയ്യതി മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയാണ് ചെല്‍സിയുടെ അടുത്ത മത്സരം.
ലീഗില്‍ ടോട്ടനം മോശം ഫോം തുടരുന്നു. സ്വന്തം തട്ടകത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനോട് ടോട്ടനം 1-1 സമനില വഴങ്ങുകയായിരുന്നു. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷം 58ാം മിനുട്ടില്‍ സണ്‍ഹ്യൂങ് മിന്നിന്റെ ഗോളില്‍ ടോട്ടനം മുന്നിലെത്തിയെങ്കിലും 78ാം മിനുട്ടില്‍ ബല്ഡോക്കിന്റെ ഗോളിലൂടെ ഷെഫീല്‍ഡ് സമനില പിടിച്ചു. 14 പോയിന്റുള്ള ടോട്ടനം 12ാം സ്ഥാനത്തും 17 പോയിന്റുള്ള ഷെഫീല്‍ഡ് ആറാമതുമാണ്.
രണ്ടാം തവണയും അഫ്ഗാനിസ്ഥാന് തോറ്റു; ഏകദിന പരമ്പര വിന്‍ഡീസിന്
സന്ദര്‍ശകരായെത്തി സതാംപ്്റ്റണെ വീഴ്ത്തി എവര്ട്ടന്.ഒന്നിനെതിരേ രണ്ട് ഗോളിനാണ് എവര്‍ട്ടന്റെ ജയം. നാലാം മിനുട്ടില്‍ ടോം ഡേവിസിന്റെ ഗോളില്‍ എവര്ട്ടന് മുന്നിലെത്തിയപ്പോള്‍ 50ാം മിനുട്ടില്‍ ഡാനി ഇന്ഗസിലൂടെ സതാംപ്റ്റണ് സമനില പിടിച്ചു. എന്നാല്‍ 75ാം മിനുട്ടില്‍ റിച്ചാര്‍ലിസന്റെ ഗോളില്‍ എവര്ട്ടന് വിജയം പിടിച്ചെടുക്കുകയായിരുന്നു. എവര്ട്ടന് 13ാം സ്ഥാനത്തും തരംതാഴ്ത്തല്‍ ഭീഷണി നേരിട്ട് സതാംപ്റ്റണ് 19ാം സ്ഥാനത്തുമാണ്.