ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പുതിയ സീസണില്‍ അത്ഭുതക്കുതിപ്പുമായി ബോണിമൗത്ത്. ആറ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ മൂന്നാംസ്ഥാനത്താണ് ഇപ്പോള്‍ ടീം. വെള്ളിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ സതാംപ്ടണെതിരെ ചരിത്രവിജയം നേടിയ ബോണിമൗത്ത് 6 കളികളില്‍ നിന്നും 3 ജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമായി 10 പോയന്റ് നേടി. അഞ്ച് കളികളില്‍നിന്നും 15 പോയന്റുമായി ലിവര്‍പൂളും ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും 10 പോയന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്.
പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ആദ്യമായാണ് ബോണിമൗത്ത് സതാംപ്ടണില്‍ ഒരു ജയം സ്വന്തമാക്കുന്നത്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ടീമിന്റെ ജയം. നഥാന്‍ അകേ(10), ഹാരി വില്‍സണ്‍(35), കല്ലും വില്‍സണ്‍(90+5) എന്നിവര്‍ ബോണിമൗത്തിന്റെ ഗോളുകള്‍ നേടിയപ്പോള്‍ ജെയിംസ് വാര്‍ഡ്(53) സതാംപ്ടണിന്റെ ആശ്വാസഗോള്‍ നേടി. പ്രീമിയര്‍ ലീഗില്‍ പ്രമുഖ ടീമുകള്‍ ശനിയാഴ്ച കളിക്കിറങ്ങും.
ബ്രസീലിന്റേയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റേയും അത്ഭുത താരം ആന്ഡേഴ്സണ് വിരമിച്ചു
മറ്റു ലീഗുകളിലെ മത്സരഫലങ്ങള്‍, സ്പാനിഷ് ലാ ലീഗയില്‍ ഒസാസുനയും റിയല്‍ ബെറ്റിസും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ഇറ്റാലിയന്‍ ലീഗില്‍ കഗ്ലിയാരി 3-1ന് ജെനോവയെ തോല്‍പ്പിച്ചു. ബുണ്ടസ് ലീഗയില്‍ ഷാല്‍ക്കെ 2-1ന് മെയ്ന്സിനേയും പരാജയപ്പെടുത്തി. ഫ്രഞ്ച് ലീഗില്‍ സ്ട്രാസ്ബര്‍ഗ് 2-1ന് നാന്റെസിനെതിരെ ജയം ആഘോഷിച്ചു.