പ്രീമിയര്‍ ലീഗ്: പുരസ്‌ക്കാരം വാരിക്കൂട്ടി ലിവര്‍പൂള്‍ താരങ്ങള്‍, ഇക്കാര്യത്തില്‍ സിറ്റിക്ക് നിരാശ
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഒരു സീസണിന് കൂടി കൊടിയിറങ്ങിയിരിക്കുന്നു. വീറും വാശിയും നിറഞ്ഞുനിന്ന ആവേശകരമായ സീസണിന് പരിസമാപ്തിയാകുമ്പോള്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ ലിവര്‍പൂളിനെ മറികടന്ന് മാഞ്ചസ്റ്റര്‍ സിറ്റി കിരീടം സ്വന്തമാക്കി. 38 മത്സരങ്ങളില്‍ നിന്ന് 32 ജയം രണ്ട് സമനില,നാല് തോല്‍വിയടക്കം 98 പോയിന്റാണ് സിറ്റി നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ ലിവര്‍പൂളിന് 38 മത്സരത്തില്‍ നിന്ന് 97 പോയിന്റ് നേടാനെ സാധിച്ചുള്ളു.

30 ജയവും ഒരു തോല്‍വിയും മാത്രം വഴങ്ങിയ ലിവര്‍പൂളിന് വിനയായത് ഏഴ് സമനിലകളാണ്. എതിര്‍ ഗോള്‍മുഖം കടന്നാക്രമിക്കുന്ന സിറ്റി ഈ സീസണിലും പതിവ് തെറ്റിക്കാതെ ഗോള്‍വേട്ടതുടര്‍ന്നു. 95 ഗോളാണ് സിറ്റി താരങ്ങള്‍ എതിര്‍ പോസ്്റ്റില്‍ അടിച്ചുകയറ്റിയത്.23 ഗോള്‍ മാത്രമാണ് വഴങ്ങിയതെന്നത് ടീമിന്റെ പ്രതിരോധക്കരുത്തിനെ കാട്ടുന്നു. ലിവര്‍പൂള്‍ 89 ഗോള്‍ സ്വന്തമാക്കിയപ്പോള്‍ 22 ഗോള്‍ വഴങ്ങി. വാന്‍ ഡെക്ക് അണിനിരക്കുന്ന ലിവര്‍പൂള്‍ പ്രതിരോധമാണ് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ കൈയടി നേടിയത്.
72 പോയിന്റുമായി ചെല്‍സി മൂന്നാം സ്ഥാനവും 71 പോയിന്റുമായി ടോട്ടനം നാലാം സ്ഥാനവും സ്വന്തമാക്കി. 70 പോയിന്റോടെ ആഴ്‌സണല്‍ അഞ്ചാം സ്ഥാനത്തും,66 പോയിന്റോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആറാം സ്ഥാനത്തുമായാണ് ഈ സീസണ്‍ അവസാനിച്ചത്. അവസാന മത്സരംവരെ ആവേശം നീണ്ടുന്ന പ്രീമിയര്‍ ലീഗിലെ പുരസ്‌ക്കാരനേട്ടത്തില്‍ ലിവര്‍പൂളിന്റെ സര്‍വാധിപത്യമാണ്. പ്രമുഖ പുരസ്‌ക്കാരങ്ങളിലെല്ലാം ലിവര്‍പൂളിന് സാന്നിദ്ധ്യമറിയിക്കാന്‍ സാധിച്ചുവെന്നതാണ് ശ്രദ്ധേയം. ഈ സീസണിലെ പ്രീമിയര്‍ ലീഗ് പുരസ്‌ക്കാര ജേതാക്കള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഗോള്‍ഡന്‍ ബൂട്ടില്‍ ആഫ്രിക്കന്‍ കരുത്ത്
ഇത്തവണത്തെ പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് പുരസ്‌ക്കാരം മൂന്ന് താരങ്ങള്‍ ചേര്‍ന്ന് പങ്കിട്ടു. മുഹമ്മദ് സലാഹ്,സാദിയോ മാനെ എന്നീ ലിവര്‍പൂള്‍ താരങ്ങള്‍ക്കൊപ്പം ആഴ്‌സണലിന്റെ ഔബ്‌മെയാങും ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനായി. 22 ഗോളാണ് മൂവരും അടിച്ചുകൂട്ടിയത്. എട്ട് അസിസ്റ്റുമായി മൂവരില്‍ കേമന്‍ സലാഹാണ്. ഔബ്‌മെയാങ് അഞ്ച് ഗോളിന് വഴിയൊരുക്കിയപ്പോള്‍ മാനെ ഒരു ഗോളിനും അവസരമൊരുക്കി. മൂവരും ആഫ്രിക്കയില്‍ നിന്നുള്ള താരങ്ങളാണെന്നതാണ് ഇത്തവണത്തെ പ്രധാന സവിശേഷത. യൂറോപ്പിന്റെ അപ്രമാധിത്യം അവസാനിപ്പിക്കാന്‍ കെല്‍പ്പുള്ള താരങ്ങള്‍ ആഫ്രിക്കയില്‍ നിന്ന് ഉയര്‍ന്നുവരുന്നത് ശുഭസൂചനയാണ്. സീസണിന്റെ തുടക്കം മുതല്‍ ഗോള്‍വേട്ടയില്‍ മുന്നിട്ടുനിന്നത് സെര്‍ജിയോ അഗ്യൂറോ സീസണ്‍ അവസാനിക്കുമ്പോള്‍ 21 ഗോളുമായി നാലാമതാണ്.
ഗോള്‍ഡന്‍ ഗ്ലൗവില്‍ ബ്രസീല്‍ കരുത്ത്
വലകാക്കാന്‍ അലിസണ്‍ ബെക്കറെ ടീമിലെത്തിച്ച ലിവര്‍പൂളിന്റെ തന്ത്രത്തിന് ഫുള്‍ മാര്‍ക്ക്. ഇത്തവണ 22 ഗോള്‍ മാത്രമാണ് എതിരാളികള്‍ ലിവര്‍പൂള്‍ വലയിലെത്തിച്ചതെന്നത് അലിസണിന്റെ മികവിനെ വ്യക്തമാക്കുന്നു. ബ്രസീല്‍ ദേശീയ ടീം ഗോളിയായി ബെക്കറെ ഇറ്റാലിയന്‍ ക്ലബ്ബായ എ.എസ് റോമയില്‍ നിന്നാണ് ലിവര്‍പൂള്‍ ടീമിലെത്തിച്ചത്. നിലവിലുള്ള ഗോളിമാരില്‍ ഏറ്റവും പ്രതിഫലം ലഭിക്കുന്നതും അലിസനാണ്. 21 ക്ലീന്‍ഷീറ്റോടെയാണ് അലിസണ്‍ പുരസ്‌ക്കാരം സ്വന്തമാക്കിയത്. ചെല്‍സിക്കുവേണ്ടി 24 ക്ലീന്‍ചിറ്റ് നേടിയ പീറ്റര്‍ ചെക്കാണ് ഈ റെക്കോഡില്‍ അലിസണ് മുന്നിലുള്ളത്.

പ്ലേമേക്കര്‍ പുരസ്‌ക്കാരം ഹസാര്‍ഡിന്
സീസണിലെ മൂന്നാം സ്ഥാനക്കാരായ ചെല്‍സിക്ക് അഭിമാനിക്കാന്‍ വക നല്‍കി ഏദന്‍ ഹസാര്‍ഡ്. കൂടുതല്‍ അസിസ്റ്റിനുള്ള പ്ലേ മേക്കര്‍ അവാര്‍ഡാണ് ഹസാര്‍ഡ് സ്വന്തം പേരിലാക്കിയത്. 16 ഗോള്‍ അടിച്ചെടുത്ത ബെല്‍ജിയം സ്‌ട്രൈക്കര്‍ 15 ഗോളിന് വഴിയൊരുക്കി.14 അസിസ്റ്റ് നടത്തിയ റ്യാന്‍ ഫ്രേസറിനെ മറികടന്നാണ് ഹസാര്‍ഡിന്റെ നേട്ടം. അടുത്ത സീസണില്‍ റയല്‍ മാഡ്രിഡിലേക്ക് കൂടുമാറാനുള്ള തയ്യാറെടുപ്പിലാണ് ഹസാര്‍ഡ്.
സീസണിലെ താരമായി വാന്‍ ഡെക്ക്
സീസണിലെ മികച്ച താരത്തിനുള്ള പുരസ്‌ക്കാരവും ലിവര്‍പൂളിന് സ്വന്തം. പ്രതിരോധതാരം വാന്‍ ഡെക്കാണ് ഇത്തവണത്തെ മികച്ച താരമായത്. ഈ സീസണിലെ പ്രൊഫഷനല്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ മികച്ച താരത്തിനുള്ള പുരസ്‌ക്കാരവും വാന്‍ ഡെക്കിനായിരുന്നു.ലിവര്‍പൂളിലെ സഹതാരം മുഹമ്മദ് സലാഹ്,സാദിയോ മാനെ,മാഞ്ചസ്റ്റര്‍ സിറ്റിയുടെ സെര്‍ജിയോ അഗ്യൂറോ,റഹിം സ്റ്റെര്‍ലിങ്,ചെല്‍സിയുടെ ഏദന്‍ ഹസാര്‍ഡ് എന്നിവരെയെല്ലാം പിന്തള്ളിയാണ് വാന്‍ ഡെക്കിന്റെ നേട്ടം.
Congratulations to @ManCity!
— Premier League (@premierleague) May 12, 2019
Your Premier League champions 2018/19 👏👏👏 pic.twitter.com/gGkHnacUYg
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications