ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ശനിയാഴ്ച നടന്ന മത്സരങ്ങളില്‍ ആഴ്‌സണല്‍ 4-1ന് ഹള്ളിനെയും ലെയ്‌സെസ്റ്റര്‍ 3-0ന് ബേര്‍ണ്‍ലിയെയും മാഞ്ചസ്റ്റര്‍ സിറ്റി 4-0ന് ബോണ്‍മൗത്തിനെയും വെസ്റ്റ്‌ബ്രോം 4-2ന് വെസ്റ്റ്ഹാമിനെയും എവര്‍ട്ടണ്‍ 3-1ന് മിഡില്‍സ്‌ബ്രോയെയും തോല്‍പ്പിച്ചു. പോയിന്‍റ് നിലയില്‍ എവര്‍ട്ടണ്‍ സിറ്റിക്കു പിറകെ രണ്ടാം സ്ഥാനത്തെത്തി.
ഞായറാഴ്ച നടക്കുന്ന മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വാട്ട്‌ഫോഡുമായും ക്രിസ്റ്റിയല്‍ പാലസ് സ്‌ടോക്കുമായും സൗത്ത്ആംപ്റ്റന്‍ സ്വന്‍സയുമായും ടോട്ടന്‍ഹാം സണ്ടര്‍ലാന്‍ഡുമായും ഏറ്റുമുട്ടും. വാട്ട് ഫോഡിനെതിരേയുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മത്സരം ഇന്ത്യന്‍ സമയം 4.30നാണ്. മറ്റു മത്സരങ്ങള്‍ വൈകുന്നേരം 6.45ന് തുടങ്ങും.
അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 15 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി കുതിപ്പ് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള എവര്‍ട്ടന് 13 പോയിന്റും തൊട്ടുപിറകിലുള്ള ആഴ്‌സണലിന് പത്തു പോയിന്റുമാണുള്ളത്. ചെല്‍സി, ലിവര്‍പൂള്‍ ടീമുകള്‍ക്കും പത്തു പോയിന്റ് തന്നെയാണുള്ളതെങ്കിലും മെച്ചപ്പെട്ട ഗോള്‍ ശരാശരിയുടെ മികവില്‍ ആഴ്‌സണല്‍ മുന്നിലെത്തി. യുനൈറ്റഡിന്റെ അഞ്ചാം മത്സരം ഇന്നാണ്. ജയിക്കാനായാല്‍ ആറാം സ്ഥാനത്തു നിന്നും മൂന്നാം സ്ഥാനത്തേക്ക് മുന്നേറാന്‍ സാധിക്കും.