വാസ (ഫിന്‍ലാന്‍ഡ്): അണ്ടര്‍ 19 യുവേഫ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ നിന്ന് നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ട് പുറത്ത്. ഗ്രൂപ്പ് ബിയിലെ നിര്‍ണായക മല്‍സരത്തില്‍ മുന്‍ ചാംപ്യന്മാരായ ഫ്രാന്‍സിന് മുന്നില്‍ ഇംഗ്ലണ്ട് തകര്‍ന്നടിയുകയായിരുന്നു. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ഇംഗ്ലണ്ടിന്റെ കഥകഴിച്ചത്. ഫ്രാന്‍സിനു വേണ്ടി നാബില്‍ അലിയോഹി, അമിനെ ഫെറിഡ് ഗൗയിരി എന്നിവര്‍ ഇരട്ട ഗോള്‍ നേടി. മൈസിയാനെ മൗലിഡ ഒരു തവണ ലക്ഷ്യംകണ്ടു.
വിജയത്തോടെ ഫ്രാന്‍സ് സെമിഫൈനലിലേക്ക് മുന്നേറി. സെമിഫൈനലില്‍ ഇറ്റലിയാണ് ഫ്രാന്‍സിന്റെ എതിരാളി. രണ്ടാം സെമിഫൈനലില്‍ പോര്‍ച്ചുഗല്‍ ഉക്രെയ്നിനെ നേരിടും. ടൂര്‍ണമെന്റില്‍ സെമിഫൈനലില്‍ കടന്ന നാലു ടീമുകളും 2019 ഫിഫ അണ്ടര്‍ 20 ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടുകയും ചെയ്തു. ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരെത്തിയ ഇംഗ്ലണ്ടും നോര്‍വെയും ലോകകപ്പ് പ്ലേ ഓഫ് മല്‍സരത്തില്‍ ഏറ്റുമുട്ടും. ഈ മല്‍സരത്തില്‍ വിജയിക്കുന്ന ടീമിനും അണ്ടര്‍ 20 ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും.