വാര്‍സൗ: ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ ഇനി സെമിഫൈനല്‍ പോരാട്ടങ്ങള്‍. യു.എസ്.എ.യെ തകര്‍ത്ത് ഇക്വഡോറും സെനഗലിനെ വീഴ്ത്തി കൊറിയയും മുന്നേറിയതോടെ സെമി ഫൈനല്‍ ലൈനപ്പായി. ജൂണ്‍ 11-നാണ് സെമി ഫൈനല്‍ മത്സരങ്ങള്‍. ഇറ്റലി യുക്രെയിനെയും ഇക്വഡോര്‍ കൊറിയയെ നേരിടും. യു.എസ്.എ.യെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇക്വഡോര്‍ അവസാന നാലില്‍ സ്ഥാനം ഉറപ്പിച്ചത്. സെനഗലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് കൊറിയ സെമിയിലേക്ക് കുതിച്ചത്.
കനേഡിയന്‍ ഗ്രാന്റ്പ്രീ: ഹാമില്‍ട്ടനെ മറികടന്ന് വെറ്റലിന് പോള്‍ പൊസിഷന്‍
ആദ്യമായാണ് ഇക്വഡോര്‍ അണ്ടര്‍ 20 ലോകകപ്പ് സെമിയിലെത്തുന്നത്. ആദ്യ പകുതിയിലാണ് മൂന്നുഗോളുകളും പിറന്നത്. 30-ാം മിനിറ്റില്‍ ജോസ് സിഫുന്റസാണ് ഇക്വഡോറിന്റെ ആദ്യ ഗോള്‍ നേടിയത്. 25 വാര അകലെ നിന്നുള്ള സിഫന്റസിന്റെ ഉജ്വല ഷോട്ട് യു.എസ്.എ. ഗോള്‍കീപ്പര്‍ ഡേവിഡ് ഊച്ചയെ മറികടന്ന് വലയില്‍ പതിക്കുകയായിരുന്നു. 36-ാം മിനിറ്റില്‍ ടിം വിയ യു.എസ്.എ.യെ ഒപ്പമെത്തിച്ചു. ഈ ലോകകപ്പില്‍ വിയയുടെ രണ്ടാമത്തെ ഗോളാണിത്. 43-ാം മിനിറ്റില്‍ ജോണ്‍ എസ്പിനോസയിലൂടെ ഇക്വഡോര്‍ ലീഡ് തിരിച്ചുപിടിച്ചു. കോണ്‍കകാഫ് ചാമ്പ്യന്മാരായ യു.എസ്.എ. തുടര്‍ച്ചായായി മൂന്നാം തവണയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെടുന്നത്. സെനഗലും കൊറിയയും മൂന്നു ഗോള്‍ വീതം നേടിയതിനെത്തുടര്‍ന്നാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ 3-2നാണ് കൊറിയ വിജയിച്ചത്.
ഇരു ടീമുകളും മികച്ച പോരാട്ടം കാഴ്ചവെച്ച മത്സരത്തില്‍ ആദ്യ പകുതിയില്‍ സെനഗലാണ് കൂടുതല്‍ ശക്തമായ ആക്രമണങ്ങള്‍ നടത്തിയത്. 37-ാം മിനിറ്റില്‍ കൊറിയല്‍ പ്രതിരോധം ഭേദിച്ച് സെനഗല്‍ ആദ്യ ഗോള്‍ വലയിലാക്കി. ഇബ്രാഹിമ നിയാനെ ഹെഡ് ചെയ്ത് നല്കിയ പന്ത് ക്യാപ്റ്റന്‍ കാവിന് ഡിയാനെ എട്ട് വാര അകലെ നിന്ന് ലക്ഷ്യത്തിലേക്ക് തൊടുക്കുകയായിരുന്നു. 62-ാം മിനിറ്റ് വരെ ഈ ലീഡ് വിട്ടുകൊടുക്കാതെ തുടരാന്‍ ആഫ്രിക്കന്‍ ശക്തികള്‍ക്കായി. 62-ാം മിനിറ്റില്‍ ലീ കാങ് ജിന്‍ കൊറിയക്കായി സമനില ഗോള്‍ നേടി. എന്നാല്‍ 76-ാം മിനിറ്റില്‍ ഇബ്രാഹിമ നിയനെയിലൂടെ സെനഗല്‍ ലീഡ് തിരിച്ചുപിടിച്ചു.
ഇഞ്ചറി ടൈമില്‍ ലീ ജോ സോളിലൂടെ കൊറിയ വീണ്ടും സമനില പിടിച്ചെടുത്തു. തുടര്‍ന്ന് അധികസമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി മത്സരം സമനിലയിലാക്കി. കൊറിയക്കു വേണ്ടി യുങ് വീക് ചോയും സെനഗലിനായി അമഡോ സിസ്സുമാണ് വലകുലുക്കിയത്. ഫൈനല്‍ വിസിലിന് സെക്കന്റുകള്‍ക്ക് മുന്‍പായിരുന്നു സിസ്സുവിന്റെ ഗോള്‍. ഷൂട്ടൗട്ടില്‍ ആദ്യ രണ്ട് കിക്കുകള്‍ പാഴായ കൊറിയ ബാക്കി മൂന്ന് കിക്കുകളും ലക്ഷ്യത്തിലെത്തിച്ചാണ് ജയം സ്വന്തമാക്കിയത്.