മ്യൂണിക്ക്/റോം/പാരിസ്: ജര്‍മന്‍ കപ്പ് (ഡിഎഫ്ബി പോക്കല്‍) ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ വിജയത്തോടെ മുന്‍ ചാംപ്യന്മാരായ ബൊറൂസ്യ ഡോട്മുണ്ട് പ്രീക്വാര്‍ട്ടറില്‍ കടന്നു. രണ്ടാംറൗണ്ടില്‍ അധികസമയത്തേക്ക് നീണ്ട പോരില്‍ ഡോട്മുണ്ട് 3-2ന് യൂണിയന് ബെര്‍ലിനെ മറികടക്കുകയായിരുന്നു. നിശ്ചിത സമയത്ത് ഇരു ടീമും 2-2ന് ഒപ്പത്തിനൊപ്പം നിന്നതോടെയാണ് മല്‍സരം അധികസമയത്തേക്ക് നീണ്ടത്.
അധികസമയത്തെ 120ാം മിനിറ്റില്‍ മാര്‍കോ റ്യൂസ് പെനാല്‍റ്റിയിലൂടെ ഡോട്മുണ്ടിന്റെ വിജയഗോള്‍ നേടുകയായിരുന്നു. നിശ്ചിതസമയത്ത് ഡോട്മുണ്ടിനായി ക്രിസ്റ്റിയാന് പുലിസിക്ക്, മാക്സിമിലാന്‍ ഫിലിപ്പ് എന്നിവര്‍ ലക്ഷ്യംകണ്ടപ്പോള്‍ ബെര്‍ലിനായി സെബാസ്റ്റിയന് പോള്‍ട്ടര്‍ ഇരട്ട ഗോളോടെ ഒപ്പമെത്തിക്കുകയായിരുന്നു. ലീഗിലെ മറ്റു പ്രധാന മല്‍സരങ്ങളില്‍ ബയേര്‍ ലെവര്ക്യൂസന് 5-0ന് ബൊറൂസ്യയെയും ലെയ്പ്സിങ് 2-0ന് ഹൊഫന്ഹെയിമിനെയും ഷാല്‍ക്കെ 3-2ന് കോണിനെയും തോല്‍പ്പിച്ചു.
അതേസമയം, ഇറ്റാലിയന്‍ ലീഗില്‍ മുന്‍ ചാംപ്യന്മാരായ എസി മിലാന് 2-1ന് ജെനോവയെ തോല്‍പ്പിച്ചു. മിലാനായി സുസോ, ക്യാപ്റ്റന്‍ അലെസ്സിയോ റോമാഗ്നോലി എന്നിവരാണ് സ്കോര്‍ ചെയ്തത്. ജെനോവയുടെ ഏക ഗോള്‍ റോമാഗ്നോലിയുടെ സെല്‍ഫ് ഗോളിലൂടെയായിരുന്നു. വിജയത്തോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറാനും മിലാനായി. ഫ്രഞ്ച് ലീഗ് കപ്പിലെ മൂന്നാം റൗണ്ടില്‍ നൈസ് 3-2ന് ഓക്സേറയെയും നാന്റസ് 3-0ന് മോണ്ടപെല്ലെയറിനെയും ഡിജോന്‍ 3-1ന് കീനിനെയും പരാജയപ്പെടുത്തി.