ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്താനായി പുതിയ സീസണില്‍ കളി തുടങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കനത്ത തിരിച്ചടി. ടീമിന്റെ കുന്തമുനയായ ബെല്‍ജിയം താരം കെവിന് ഡി ബ്രുയിന് ദീര്‍ഘകാലം പുറത്തായതോടെയാണിത്. മൂന്നു മാസത്തോളം കാലം ഡി ബ്രുയിന് കളിക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വലതുകാല്‍മുട്ടിന് പരിക്കേറ്റതാണ് വിനയായത്.
ഇത് താന്‍ പൊള്ളാര്‍ഡ് സ്റ്റൈല്‍, കന്നി സെഞ്ച്വറിയുമായി കത്തിക്കയറി; തുടര്‍ തോല്‍വിക്കും ബ്രേക്ക്
ഇതോടെ പ്രീമിയര്‍ ലീഗിലെ പ്രധാന മത്സരങ്ങള്‍ താരത്തിന് നഷ്ടമാകും. ഒക്ടോബര്‍ 7ന് നടക്കുന്ന ലിവര്‍പൂളുമായുള്ള മത്സരം, നവംബര്‍ 11ന് നടക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള മത്സരം എന്നിവയില്‍ ഡി ബ്രുയിന് കളിക്കാനാകില്ല. ബോക്സ് ടു ബോക്സ് കളിക്കുന്ന സൂപ്പര്‍ താരത്തിന്റെ അഭാവം മറികടക്കുക സിറ്റിക്ക് ദുഷ്കരമാകും.
2015-16 സീസണില്‍ താരത്തിന് വലതുകാല്‍മുട്ടിലെ പരിക്കുകാരണം രണ്ടുമാസത്തോളം നഷ്ടമായിരുന്നു. ഇതേ കാലിനാണ് വീണ്ടും പരിക്കേറ്റത്. സീസണില്‍ ആഴ്സണലുമായുള്ള ആദ്യ മത്സരത്തില്‍ സിറ്റി 2-0ത്തിന്റെ ജയം നേടിയിരുന്നു. റഷ്യ ലോകകപ്പില്‍ ബെല്‍ജിയത്തിനുവേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച താരമാണ് ഡി ബ്രുയിന്. ടീമിനെ സെമിയിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.