ടുറിന്: ഫുട്ബോള്‍ പ്രേമികള്‍ക്ക് ഇന്ന് ആഘോഷ ദിനം. ആധുനിക ഫുട്ബോളിലെ രണ്ട് ഇതിഹാസങ്ങളെന്ന് വിശേഷിപ്പിക്കുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നീ താരങ്ങളുടെ ജന്മദിനമാണിന്ന്. യുവന്റസിന്റെ പോര്‍ച്ചുഗല്‍ സ്ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ 36ാം വയസിലേക്കാണ് കടന്നിരിക്കുന്നത്. കഷ്ടത നിറഞ്ഞ ബാല്യത്തില്‍ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്കുള്ള റൊണാള്‍ഡോയുടെ വളര്‍ച്ച ആരെയും അത്ഭുതപ്പെടുത്തുന്നത് തന്നെയാണ്.
സ്പോര്‍ട്ടിങ് സിപിയിലൂടെ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ച അദ്ദേഹം 2003ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് എത്തിയതാണ് തലവര മാറ്റിയത്. 2009വരെ ക്ലബ്ബില്‍ തുടര്‍ന്ന അദ്ദേഹം മൂന്ന് പ്രീമിയര്‍ ലീഗും ഒരു ചാമ്പ്യന്‍സ് ലീഗും ഉള്‍പ്പെടെ ഒമ്പത് കിരീടങ്ങളാണ് നേടിയത്.
പിന്നീട് സ്പാനിഷ് സൂപ്പര്‍ ക്ലബ്ബ് റയല്‍ മാഡ്രിഡിലേക്ക് ചുവടുമാറ്റം. റൊണാള്‍ഡോയുടെ കരിയറിലെ ഒട്ടുമിക്ക നേട്ടങ്ങളും അദ്ദേഹം സ്വന്തമാക്കിയത് റയലിനൊപ്പമായിരുന്നു. രണ്ട് ലാലിഗയും നാല് ചാമ്പ്യന്‍സ് ലീഗും ഉള്‍പ്പെടെ 15ഓളം കിരീടങ്ങളാണ് റയലിനൊപ്പം അദ്ദേഹം നേടിയത്. റയലിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളായാണ് റൊണാള്‍ഡോയെ വിശേഷിപ്പിക്കപ്പെടുന്നത്.
2018ലാണ് ആരാധകരെ ഞെട്ടിച്ച് റൊണാള്‍ഡോ റൊണാള്‍ഡോ യുവന്റസിലേക്ക് കൂടുമാറിയത്. ഇറ്റാലിയന്‍ ക്ലബ്ബിനൊപ്പം ചാമ്പ്യന്‍സ് ലീഗ് നേടാന്‍ സാധിച്ചില്ലെങ്കിലും മികച്ച പ്രകടനം റൊണാള്‍ഡോ കാഴ്ചവെക്കുന്നുണ്ട്. പോര്‍ച്ചുഗലിന്റെ നായകനായ റൊണാള്‍ഡോ യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലും യുവേഫ നാഷന്‍സ് ലീഗിലും രാജ്യത്തെ ചാമ്പ്യന്മാരാക്കിയിട്ടുണ്ട്. നിലവില്‍ ഏറ്റവും കൂടുതല്‍ ഗോളുകളുള്ള താരമെന്ന റെക്കോഡ് റൊണാള്‍ഡോയുടെ പേരിലാണ്. അഞ്ച് തവണ ബാലന്‍ദ്യോര്‍ പുരസ്കാരവും അദ്ദേഹത്തിന്റെ പേരിലുണ്ട്.
ബ്രസീല്‍ ഫുട്ബോള്‍ ടീം നായകനായ നെയ്മര്‍ 30ാം വയസിലേക്കാണ് കടന്നിരിക്കുന്നത്. മെസ്സിക്കും റൊണാള്ഡോയ്്ക്കുമൊപ്പം വലിയ ആരാധക പിന്തുണയുള്ള താരമാണ് നെയ്മര്‍. 29വയസുവരെയുള്ള പ്രകടന കണക്കുകളില്‍ മെസ്സിയേക്കാളും റൊണാള്‍ഡോയേക്കാളും മികവ് നെയ്മര്‍ക്കുണ്ട്. സാന്റോസിലൂടെ കരിയര്‍ ആരംഭിച്ച താരം 2013ലാണ് ബാഴ്സലോണയില്‍ എത്തുന്നത്.
2017വരെ അദ്ദേഹം അവിടെ തുടര്‍ന്നു. മെസ്സിക്കും സുവാരസിനുമൊപ്പം രണ്ട് ലാലിഗയിലും ഒരു ചാമ്പ്യന്‍സ് ലീഗിലും ഉള്‍പ്പെടെ എട്ട് കിരീടങ്ങളില്‍ അദ്ദേഹം മുത്തമിട്ടു. പിന്നീട് അപ്രതീക്ഷിതമായി പിഎസ്ജിയിലേക്ക് കൂടുമാറി. അവസാന സീസണില്‍ പിഎസ്ജിയെ ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിക്കാന്‍ നെയ്മര്‍ക്കായി. 2013ല്‍ ഫിഫ കോണ്ഫഡേഷന് കപ്പ് നേടിയത് നെയ്മറുടെ മികവിലായിരുന്നു.
മുന്‍ അര്‍ജന്റീന സ്ട്രൈക്കര്‍ കാര്‍ലോസ് ടെവസിനും ഇന്ന് ജന്മദിനമാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്,മാഞ്ചസ്റ്റര്‍ സിറ്റി,യുവന്റസ് ടീമുകള്‍ക്കൊപ്പം അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്. 2004-2015വരെ അര്‍ജന്റീന ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ടെവസിന്റെ 37ാം ജന്മദിനമാണിന്ന്.