അബുദാബി: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൂപ്പര്‍ ഫ്രീ കിക്കിന്റെ മികവില്‍ ബ്രസീലിയന്‍ ടീമായ ഗ്രെമിയോയെ തോല്‍പ്പിച്ച് സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് ചാംപ്യന്മാരായി. 53ാം മിനിറ്റിലായിരുന്നു പോര്‍ച്ചുഗല്‍ താരത്തിന്റെ സൂപ്പര്‍ ഷോട്ട്.
വാസ്തവത്തില്‍ കളിയുടെ നിയന്ത്രണം പരിപൂര്‍ണമായും സ്പാനിഷ് ചാംപ്യന്മാരുടെ കൈയിലായിരുന്നു. അബുദാബിയില്‍ നടന്ന മത്സരത്തില്‍ ബ്രസീലിയന്‍ ടീമിന് റൊണാള്‍ഡോയുടെ സൂപ്പര്‍ ടീമിനെതിരേ പിടിച്ചു നില്ക്കാന് നന്നേ പണി പെടേണ്ടി വന്നു. കളിയുടെ 66% സമയത്തും പന്തിന്റെ നിയന്ത്രണം സ്പാനിഷ് ടീമിനായിരുന്നു. മാഡ്രിഡ് ഒമ്പത് കോര്‍ണറുകള്‍ നേടിയപ്പോള്‍ ബ്രസീല്‍ ടീമിന് ആകെ ഒരു കോര്‍ണര്‍ മാത്രമാണ് ലഭിച്ചത്.
തുടര്‍ച്ചയായി രണ്ടാം തവണയാണ് റയല്‍ മാഡ്രിഡ് ഈ നേട്ടം സ്വന്തമാക്കുന്നത്. സെമി ഫൈനലില്‍ അല്‍ ജസീറ ക്ലബ്ബിനെ ഒന്നിനെതിരേ രണ്ട് ഗോള്‍ക്ക് തോല്‍പ്പിച്ചാണ് റയല്‍ ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്. ഗ്രെമിയ മെക്സിക്കന്‍ ക്ലബ്ബായ പച്ചുക്കയെ 1-0ന് തോല്‍പ്പിച്ചാണ് അവസാന മത്സരത്തിനെത്തിയത്.
2017ല്‍ റയല്‍ മാഡ്രിഡ് നേടുന്ന അഞ്ചാം കിരീടമാണിത്. ലാ ലിഗ, ചാംപ്യന്‍സ് ലീഗ്, യുവേഫ, സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നിവ നേടിയതിനു ശേഷമാണ് സ്പാനിഷ് ടീം ഫിഫ ക്ലബ്ബ് പോരാട്ടത്തിനെത്തിയത്.