റോം: കോപ്പ ഇറ്റാലിയ ഫുട്ബോളില്‍ യുവന്റസ്, മിലാന്, ഫിയോറന്റീന ടീമുകള്‍ ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു. യുവന്റസ് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഉദിനെസിയെ തോല്‍പ്പിച്ചു. സ്പാലിനെ 3-0ത്തിന് മിലാനും അറ്റ്ലാന്റയെ 2-1ന് ഫിയോറന്റീനയും പരാജയപ്പെടുത്തി. ഇന്റര്മിലാന്, നാപ്പോളി, ലാസിയോ, ടൊറിനോ എന്നിവര്‍ കഴിഞ്ഞദിവസം ക്വാര്‍ട്ടറിലെത്തിയിരുന്നു. അവസാന പ്രീക്വാര്‍ട്ടറില്‍ പാര്‍മയും റോമയും ഏറ്റുമുട്ടും.
ഡിബാലയുടെ ഇരട്ടഗോളാണ് യുവന്റസിന് വമ്പന്‍ ജയം സമ്മാനിച്ചത്. 26, 57 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ഗോണ്‍സാലോ ഹിഗ്വെയ്ന്(16), ഡഗ്ലസ് കോസ്റ്റ(61) തുടങ്ങിയവരും യുവന്റസിനായി സ്കോര്‍ ചെയ്തു. ക്രിസ്റ്റിയാനോയ്ക്ക് വിശ്രമം നല്‍കിയിട്ടും മത്സരത്തില്‍ യുവന്റസ് പൂര്‍ണ ആധിപത്യം നേടിയിരുന്നു. 20 തവണ ഗോള്‍ശ്രമവും 8 തവണ ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ടുകളുതിര്‍ക്കാനും യുവന്റസിന് കഴിഞ്ഞു.
എഫ് എ കപ്പ്; യുണൈറ്റഡ് നാലാം റൗണ്ടില്‍, റാഷ്ഫോര്‍ഡിന് പരിക്ക്
ഫോമിലേക്കുയര്‍ന്ന മിലാനും മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പിയാറ്റെക്(20), സമു കാസ്റ്റലിജോ(44), തിയോ ഹെര്‍ണാണ്ടസ്(66) എന്നിവര്‍ മിലാനുവേണ്ടി ഗോള്‍ നേടി. മത്സരത്തില്‍ പന്തടക്കം കാട്ടിയിട്ടും സ്പാലിന് ഗോളടിക്കാന്‍ കഴിഞ്ഞില്ല. മിലാനില്‍ തിരിച്ചെത്തിയ സ്ലാട്ടന് ഇബ്രാഹിമോവിച്ച് കളത്തിലിറങ്ങിയില്ല. മറ്റൊരു മത്സരത്തില്‍ ഫിയോറന്റീനയും അറ്റ്ലാന്റയ്ക്കെതിരെ മികവുകാട്ടി.