സാന്റിയാഗോ: കളി കഴിഞ്ഞ ശേഷം എതിര്‍താരത്തിന് നേരെ പന്തടിച്ച ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ക്ക് കിട്ടിയത് കനത്ത ശിക്ഷ. കോപ്പ അമേരിക്ക 2015 ല്‍ ഇനി കളിക്കാനാവാത്ത വിധമാണ് നെയ്മറെ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ഗവേണിങ് ബോഡി നെയ്മറെ പറഞ്ഞയച്ചത്. ലോകകപ്പില്‍ പരിക്കായിരുന്നു വില്ലനെങ്കില്‍ കോപ്പയില്‍ സ്വന്തം കയ്യിലിരിപ്പാണ് സ്റ്റാര്‍ സ്‌ട്രൈക്കര്‍ക്ക് പണി കൊടുത്തത്.
നാല് കളികളില്‍ നിന്നാണ് നെയ്മറെ വിലക്കിയിരിക്കുന്നത്. സി ഗ്രൂപ്പില്‍ വെനസ്വേലയ്‌ക്കെതിരെ ഒരു കളി ബ്രസീലിന് ബാക്കിയുണ്ട്. മുന്നോട്ട് പോയാല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍, സെമിഫൈനല്‍, ഫൈനല്‍ എന്നിങ്ങനെ മൂന്ന് കളികള്‍ കൂടി. മൊത്തം നാല് കളി. നെയ്മറിന് വിലക്ക് കിട്ടിയിരിക്കുന്നതും നാല് കളികളില്‍ നിന്നാണ്. ഫലത്തില്‍ കോപ്പ അമേരിക്ക 2015 ല്‍ നെയ്മര്‍ക്ക് ഇനി കളിക്കാനാകില്ല.

നെയ്മര്‍ അടിച്ച പന്ത് പുറത്തു കൊണ്ട കൊളംബിയന്‍ കളിക്കാരന്‍ നിലത്ത് വീണുപോയിരുന്നു. സഹതാരങ്ങളും ഒഫീഷ്യലുകളും നെയ്മറെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ കൊളംബിയന്‍ താരം കാര്‍ലോസ് ബാക്ക ഓടിവന്ന് നെയ്മറെ പിടിച്ചുതള്ളുകയും ചെയ്തു. കാര്യങ്ങള്‍ പിടിവിട്ടുപോയതോടെ ഓടിയെത്തിയ റഫറി, ഡ്രസിംഗ് റൂമില്‍ കയറുന്ന നെയ്മറിന് പിന്നാലെ ചെന്ന് ചുവപ്പുകാര്‍ഡ് കാണിക്കുകയായിരുന്നു.
കോപ്പയിലെ ആദ്യത്തെ രണ്ട് കളികളിലും മഞ്ഞക്കാര്‍ഡ് കണ്ട നെയ്മര്‍ക്ക് വെനസ്വേലയ്‌ക്കെതിരായ കളി നഷ്ടമാകുമെന്ന കാര്യം നേരത്തെ ഉറപ്പായിരുന്നു. ആദ്യ കളിയില്‍ പെറുവിനോട് കഷ്ടിച്ച ജയിച്ച ബ്രസീല്‍ രണ്ടാമത്തെ കളിയില്‍ കൊളംബിയയോട് തോറ്റു. വെനസ്വേലയ്‌ക്കെതിരെ വലിയ മാര്‍ജിനില്‍ ഒരു തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നാല്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താകും എന്ന സ്ഥിതിയിലാണ് ബ്രസീല്‍. അതിനിടെയാണ് ക്യാപ്റ്റനെ നഷ്ടമായിരിക്കുന്നത്.