റിയോ ഡി ജനെയ്റോ: കോപ്പാ അമേരിക്കയില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി പെറു. ഗ്രൂപ്പ് ബിയിലെ ജീവന് മരണ പോരാട്ടത്തില്‍ 2-1ന് കൊളംബിയയെ പരാജയപ്പെടുത്തിയാണ് പെറു പ്ലേ ഓഫ് സാധ്യത സജീവമാക്കിയത്. ആദ്യ മത്സരത്തില്‍ ആതിഥേയരായ ബ്രസീലിനോട് എതിരില്ലാത്ത നാല് ഗോളിന് തോറ്റ ശേഷമാണ് പെറു കൊളംബിയക്കെതിരേ വിജയത്തോടെ തിരിച്ചെത്തിയത്. മിഡ്ഫീല്‍ഡര്‍ സെര്‍ജിയോ പീനെയും യാര മിനയുടെ സെല്‍ഫ് ഗോളും പെറുവിന്റെ സ്കോര്‍ ബോര്‍ഡില്‍ ചേര്‍ന്നപ്പോള്‍ പെനാല്‍റ്റി വലയിലാക്കി മിഗ്വേല്‍ ബോര്‍ഹയാണ് കൊളംബിയയുടെ ആശ്വാസ ഗോള്‍ നേടിയത്.
4-4-2 ഫോര്‍മേഷനിലിറങ്ങിയ കൊളംബിയയെ 4-2-3-1 ഫോര്‍മേഷനിലാണ് പെറു നേരിട്ടത്. ആക്രമണത്തിലൂന്നിയാണ് ഇരു ടീമും തുടക്കം മുതല്‍ കളിച്ചത്. കൊളംബിയയാണ് ആദ്യ പകുതിയില്‍ കൂടുതല്‍ ആക്രമണം നടത്തിയത്. മൂന്നിനെതിരേ ആറ് ഗോള്‍ശ്രമമാണ് കൊളംബിയ നടത്തിയത്. അഞ്ചാം മിനുട്ടില്‍ അക്കൗണ്ട് തുറക്കാന്‍ കൊളംബിയയുടെ ബോര്ജക്ക് മികച്ചൊരു അവസരം ലഭിച്ചെങ്കിലും പെറുവിന്റെ പ്രതിരോധത്തെ മറികടക്കാനായില്ല.
13ാം മിനുട്ടില്‍ കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ക്വാഡ്രോഡയുടെ കിക്ക് നേരിയ വ്യത്യാസത്തിലാണ് പെറു പോസ്റ്റിനടുത്തുകൂടി കടന്ന് പോയത്. 17ാം മിനുട്ടില്‍ പെറു കൊളംബിയയെ ഞെട്ടിച്ച് അക്കൗണ്ട് തുറന്നു.റീ ബൗണ്ട് പന്തില്‍ നിന്ന് സെര്‍ജിയോ പീനെയാണ് പെറുവിനായി വലകുലുക്കിയത്. കൊളംബിയന്‍ ഗോളി ഓസ്പിനയ്ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഗോള്‍ വഴങ്ങിയതോട പെറു ആക്രമണം തുടര്‍ന്നെങ്കിലും ഗോള്‍ മടക്കാനായില്ല. ഇതോടെ ആദ്യ പകുതി പെറു ലീഡോടെ പിരിഞ്ഞു.
രണ്ടാം പകുതിയുടെ തുടക്കം തന്നെ കൊളംബിയക്ക് ഗോള്‍ മടക്കാനായി. 52ാം മിനുട്ടില്‍ കൊളംബിയയുടെ ബോര്‍ഹയെ പെറു ഗോളി ഗല്ലീസെ ഫൗള്‍ ചെയ്തതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. ലക്ഷ്യം പിഴക്കാതെ ബോര്‍ഹ പന്ത് വലയിലാക്കിയതോടെ ഇരു ടീമും 1-1. ഇതോടെ മത്സരം കൂടുതല്‍ കടുത്തു. ഇരു ടീമും ആക്രമണത്തോടൊപ്പം പ്രതിരോധവും ശക്തിപ്പെടുത്തിയതോടെ ഗോളവസരങ്ങളും കുറഞ്ഞു.
64ാം മിനുട്ടില്‍ കൊളംബിയയുടെ സന്തോഷം തച്ചുടച്ച് പെറു ലീഡ് നേടി. കോര്‍ണര്‍കിക്കിലൂടെ കൊളംബിയന്‍ ബോക്സിലേക്ക് ഉയര്‍ന്നുവന്ന പന്ത് കൊളംബിയയുടെ യേരി മിനയുടെ ശരീരത്തില്‍ തട്ടി പോസ്റ്റില്‍ കയറുകയായിരുന്നു. ഗോള്‍കീപ്പര്‍ ഓസ്പിന പരമാവധി ശ്രമിച്ചെങ്കിലും ഗോള്‍ തടയാനായില്ല. പിന്നീടുള്ള സമയത്ത് പ്രതിരോധം ശക്തിപ്പെടുത്തി കളിച്ച പെറുവിന് മുന്നില്‍ കൊളംബിയയുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഇതോടെ 2-1ന്റെ ജയം പെറുവിനൊപ്പം.
നിലവില്‍ മൂന്നാം സ്ഥാനത്താണ് പെറു. ബ്രസീലും കൊളംബിയയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.