ഒര്‍ലാന്റോ: കഴിഞ്ഞ കോപ്പ അമേരിയ്ക്ക ഫൈനലില്‍ ഏറ്റ തോല്‍വിയ്ക്ക് ഇത്തവണത്തെ ആദ്യ മത്സരത്തില്‍ തന്നെ അര്‍ജന്റീനയുടെ മധുര പ്രതികാരം. ചിലിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തങ്ങളുടെ ആദ്യ മത്സരത്തില്‍ അര്‍ജന്റീന തകര്‍ത്തത്.
മെസ്സി ഇല്ലാതെ ചിലിയ്‌ക്കെതിരെ പൊരുതാനിറങ്ങിയ അര്‍ജന്റീന ഒരു ഘട്ടത്തിലും പതറിയില്ല. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നിട്ട് നില്‍ക്കവേ ഇഞ്ചുറി ടൈമിലാണ് ചിലി ആശ്വാസ ഗോള്‍ നേടിയത്. അതും അര്‍ജന്റീനയുടെ പിഴവിലൂടെ.

ഗോള്‍ രഹിതമായിരുന്നു മത്സരത്തിന്റെ ആദ്യപകുതി. എന്നാല്‍ ഇരുടീമികളും മികച്ച പ്രകടം കാഴ്ചവച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ മികച്ച ആക്രമണോത്സുക ഫുട്‌ബോള്‍ പുറത്തെടുത്ത ചിലിയ്ക്ക് ലക്ഷ്യം ഭേദിയ്ക്കാനായില്ല. അങ്ങനെ കളിയുടെ 51-ാം മിനിട്ടില്‍ ഡി മരിയയിലൂടെ അര്‍ജന്റീന ചിലിയുടെ ഗോള്‍വല ഭേദിച്ചു.
സെവിയ്യന്‍ താരമായ എവര്‍ ബനേഗയുടെ കിടിലന്‍ പാസിനെ ചിലിയുടെ നായന്‍ ബ്രാവോയെ നിഷ്പ്രഭനാക്കി ഡി മരിയ ഗോല്‍പോസ്റ്റിലേയ്ക്ക് ചെത്തിയിട്ടു.
അധിക സമയം കാത്തുനില്‍ക്കേണ്ടി വന്നില്ല. ആദ്യ ഗോളിന് വഴിയൊരുക്കിയ എവര്‍ ബനേഗ വീണ്ടും ചിലിയെ ഞെട്ടിച്ചു. 59-ാം മിനിട്ടില്‍ അര്‍ജന്റീനയുടെ രണ്ടാം ഗോള്‍!!! ഡി മരിയ നല്‍കിയ പാസ് അതിമനോഹരമായിത്തന്നെ ബനേഗ പോസ്റ്റിലാക്കി.
ഇതിനിടെ ഡി മരിയോയ്ക്കും സോട്ടോയ്ക്കും മഞ്ഞക്കാര്‍ഡും ലഭിച്ചു. ഏത് വിധേനയും ഗോള്‍ നേടുക എന്ന ചിലിയുടെ ലക്ഷ്യം അര്‍ജന്റീനയുടെ ഗോള്‍മുഖത്ത് പലതവണ പൊഴിഞ്ഞുവീണു. കളി അവസാനിയ്ക്കാന്‍ മിനിട്ടുകള്‍ മാത്രം ശേഷിയ്‌ക്കേ ലീഡ് വര്‍ദ്ധിപ്പിയ്ക്കാന്‍ അര്‍ജന്റീന അഗ്വേറയെ കളത്തിലിറക്കി.
എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ചിലിയെ തോല്‍പിച്ചു എന്ന ആത്മവിശ്വാസത്തില്‍ നില്‍ക്കുമ്പോഴാണ് ഇഞ്ച്വറി ടൈമിലെ ആ ആശ്വാസ ഗോള്‍ പിറക്കുന്നത്. റോമേരോയുടെ അമിത ആത്മവിശ്വാസം തുണച്ചത് ചിലിയെ... പന്ത് കൈക്കലാക്കാന്‍ മുന്നോട്ട് കുതിച്ച അര്‍ജന്റീന ഗോളിയെ പറ്റിച്ച് മികച്ച ഹെഡ്ഡറിലൂടെ ചിലിയുടെ ആറാം നമ്പര്‍ താരം ഫുന്‍സാലിഡ ആശ്വാസ ഗോള്‍ നേടി.
കഴിഞ്ഞ കോപ്പ അമേരിയ്ക്ക ഫൈനലില്‍ ചിലിയോടേറ്റ പരാജയത്തിനുള്ള മധുര പ്രതികാരമാണ് അര്‍ജന്റീന ഇത്തവണ തീര്‍ത്തത്. സൂപ്പര്‍ താരം മെസ്സിയെ കളത്തിന് പുറത്തിരുത്തിയാണ് ഈ വിജയം എന്നതും പ്രത്യേകയാണ്. ഒരു ഗോള്‍ നേടുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത എഞ്ചല്‍ ഡി മരിയ ആണ് കളിയിലെ താരം.