സാന്റിയാഗോ: കോപ്പ അമേരിക്കയുടെ സെമിഫൈനലില്‍ കടക്കാന്‍ പെറുവിന് പൗലോ ഗ്വരേരോയുടെ ഹാട്രിക് ഗോളുകള്‍ ധാരാളമായിരുന്നു. പെറുവിന് വേണ്ടി ഗ്വരേര മാത്രം സ്കോര്‍ ചെയ്ത കളിയില്‍ ബൊളീവിയ തിരിച്ചടിച്ചത് ഒരേയൊരു ഗോള്‍ മാത്രം. കളി തീരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ മാര്‍സെലോ മോറേനോ പെനല്ട്ടിയിലൂടെയാണ് ബൊളിവീയയുടെ ആശ്വാസ ഗോള്‍ നേടിയത്.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന കളിയില്‍ ബൊളീവിയയെ 5 - 0 ന് കെട്ടുകെട്ടിച്ച ചിലിയാണ് സെമി ഫൈനലില്‍ പെറുവിന് എതിരാളികള്‍. ബൊളീവീയയ്ക്കെതിരായ കളി ബെഞ്ച് മാര്‍ക്കായി എടുത്താല്‍ ആതിഥേയരായ ചിലിക്കാണ് നേരിയ മുന്‍തൂക്കം. യുറുഗ്വെയെ തോല്പിച്ച് സെമിഫൈനല്‍ ശാപം മറികടന്നാണ് ചിലി എത്തുന്നത്. പെറുവാകട്ടെ കഴിഞ്ഞ തവണയും കോപ്പയുടെ സെമി കളിച്ചിരുന്നു.
ഇരുപതാം മിനുട്ടില്‍ ഒരു തകര്‍പ്പന്‍ ഹെഡ്ഡറോടെയാണ് പൗലോ ഗ്വരേരോ ഗോള്‍വേട്ട തുടങ്ങിയത്. ഇരുപത്തിമൂന്നാം മിനുട്ടിലും എഴുപത്തിനാലാം മിനുട്ടിലും വല കുലുക്കി ഗ്വരേര ഹാട്രിക് തികയ്ക്കുമ്പോഴേക്കും പെറു സെമിഫൈനല്‍ ഉറപ്പിച്ചുകഴിഞ്ഞിരുന്നു. ഒന്നാം ക്വാര്‍ട്ടര്‍ പോലെ തന്നെ പരുക്കന്‍ കളിയും ഫൗളുകളും കൊണ്ട് സമ്പന്നമായിരുന്നു പെറു - ബൊളീവിയ കളിയും. ചിലിയുടെ തട്ടകമായ സാന്റിയാഗോയില്‍ ചൊവ്വാഴ്ചയാണ് സെമിഫൈനല്‍.