സാന്റിയാഗോ: നിലവിലെ ചാമ്പ്യന്മാരായ ഉറുഗ്വേ കോപ്പ അമേരിക്കയില്‍ നിന്നും പുറത്തായി. ആതിഥേയരായ ചിലിയാണ് ക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ചാമ്പ്യന്മാരുടെ കാറ്റ് കുത്തിയത്. സെമിഫൈനലില്‍ ബൊളീവിയ - പെറു മത്സരത്തിലെ വിജയികളെയാണ് ചിലി എതിരിടാന്‍ പോകുന്നത്. ചിലിക്കെതിരെ പരുക്കന്‍ കളിയാണ് ഉറുഗ്വേ പുറത്തെടുത്തത്. പക്ഷേ കാര്യമുണ്ടായില്ല എന്ന് മാത്രം.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉറുഗ്വെയുടെ രണ്ട് പേരാണ് പുറത്ത് പോകേണ്ടിവന്നത്. സ്‌ട്രൈക്കര്‍ എഡിന്‍സണ്‍ കവാനി 63 ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കിട്ടി കവാനി പുറത്തായി. ഒമ്പത് പേരായി ചുരങ്ങിയതിന് ശേഷമാണ് ഉറുഗ്വേ മത്സരത്തിലെ ഏക ഗോള്‍ വഴങ്ങിയത്.

കളിയുടെ അവസാന പത്ത് മിനുട്ടിലാണ് ചിലി ഉറുഗ്വേയുടെ വല കുലുക്കിയത്. എണ്‍പത്തിമൂന്നാം മിനുട്ടില്‍ മൗറീഷോ ഇസ്ലയാണ് ചിലിക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. വിദാല്‍, അലക്‌സി സാഞ്ചസ് വാല്‍ഡിവിയ തുടങ്ങിയവര്‍ ഒന്നാം പകുതിയില്‍ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും അത് സ്‌കോറാക്കി മാറ്റാന്‍ ചിലിക്ക് കഴിഞ്ഞില്ല.
എന്നാല്‍ രണ്ടാം പകുതിയില്‍ ഉറുഗ്വേയുടെ പരുക്കന്‍ കളി അവര്‍ക്ക് തന്നെ കുഴിതോണ്ടി. കോപ്പ അമേരിക്ക 2015 ല്‍ വെറും നാല് കളികളില്‍ നിന്നായി ഉറുഗ്വേ താരങ്ങള്‍ വാങ്ങിക്കൂട്ടിയത് ഏഴ് മഞ്ഞക്കാര്‍ഡും രണ്ട് ചുവപ്പുകാര്‍ഡുമാണ്. അതേസമയം ആതിഥേയരായ ചിലിയാകട്ടെ ശരിക്കും ചാമ്പ്യന്മാരെപ്പോലെയാണ് കളിക്കുന്നത്. ഈ കോപ്പയിലെ ഏറ്റവും വലിയ വിജയവും ചിലിയുടെ പേരിലാണ്