Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് വേദിയിൽ ചരിത്രം കുറിച്ച് മലയാളി തിളക്കം! ഔദ്യോഗിക ആൽബത്തിൽ നൃത്തച്ചുവടുകളൊരുക്കി രജിത് ദേവ്!

വടക്കേ അമേരിക്കയിൽ ലോകകപ്പ് ഫുട്ബോളിന് പന്തുരുളാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഒരു ഇന്ത്യൻ താരത്തിന്റെ കഠിനാധ്വാനത്തിന്റെ കഥയാണ് ഇപ്പോൾ കായിക-കലാ ലോകത്ത് ചർച്ചയാകുന്നത്. മെക്സിക്കോ സിറ്റിയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മുഴങ്ങിക്കേൾക്കാൻ പോകുന്ന ഫിഫയുടെ ഔദ്യോഗിക ലോകകപ്പ് ആൽബത്തിലെ 18 ഗാനങ്ങളിൽ ഒന്നായ 'സീർ സീർ’ (Siir Siir) എന്ന പാട്ടിന് നൃത്തച്ചുവടുകൾ ഒരുക്കിയിരിക്കുന്നത് കേരളീയ വേരുകളുള്ള മുംബൈ മലയാളി രജിത് ദേവ് ആണ്.

ഈ അപൂർവ്വ നേട്ടത്തോടെ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ആൽബവുമായി സഹകരിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനും ആദ്യത്തെ മലയാളിയുമായി ചരിത്രം കുറിച്ചിരിക്കുകയാണ് രജിത് ദേവ്. മുംബൈയിലാണ് ജനിച്ച് വളർന്നതെങ്കിലും തന്റെ നൃത്തത്തിന്റെ തുടക്കം കേരളവുമായുള്ള ബന്ധത്തിൽ നിന്നാണെന്ന് രജിത് പറയുന്നു.

rajitdev-1

സിസ്റ്ററുടെ ഭരതനാട്യം ക്ലാസിൽ തുടങ്ങി ഹൃത്വിക് റോഷൻ ചിത്രത്തിലേക്ക്!

പാലക്കാട് ഷൊർണ്ണൂർ സ്വദേശിയാണ് രജിതിന്റെ കുടുംബം. നൃത്തത്തിലേക്ക് എത്തിയതിനെക്കുറിച്ച് രജിത് ഓർക്കുന്നത് ഇങ്ങനെയാണ്:

"ഏതൊരു സൗത്ത് ഇന്ത്യൻ കുടുംബത്തെപ്പോലെ എന്റെ മാതാപിതാക്കൾക്കും സഹോദരിയെ നൃത്തം പഠിപ്പിക്കണമെന്നുണ്ടായിരുന്നു. അങ്ങനെ അവളെ ഭരതനാട്യം ക്ലാസിൽ കൊണ്ടുപോകുമ്പോൾ കൂട്ട് പോയതായിരുന്നു ഞാൻ. അവിടെ നിന്നാണ് എനിക്ക് നൃത്തത്തോട് പ്രണയം തോന്നിയത്."

തുടർന്ന് ഭരതനാട്യം ശാസ്ത്രീയമായി പഠിച്ച് അരങ്ങേറ്റം കുറിച്ച രജിത്, സ്കൂൾ ആനിവേഴ്സറികളിലും ഗണേശോത്സവങ്ങളിലും കളിച്ച് വളർന്നു. മത്സരങ്ങൾക്കായി അച്ഛൻ ജോലിയിൽ നിന്ന് ലീവെടുത്ത് കൂടെ വരുമായിരുന്നെന്നും, പലപ്പോഴും മത്സരങ്ങൾ കഴിഞ്ഞ് അവസാന ട്രെയിൻ നഷ്ടപ്പെട്ട് റെയിൽവേ പ്ലാറ്റ്‌ഫോമിൽ ഉറങ്ങി പുലർച്ചെയുള്ള ആദ്യ വണ്ടിക്ക് വീട്ടിൽ പോയ ഓർമ്മകളും രജിത് പങ്കുവെച്ചു.

18-ാം വയസ്സിൽ കൊമേഴ്സ് പഠിച്ചുകൊണ്ടിരിക്കെയാണ് രജിതിന് ബോളിവുഡിൽ ആദ്യമായി നർത്തകനായി അവസരം ലഭിക്കുന്നത്. പ്രഭുദേവയുടെ കൊറിയോഗ്രഫിയിൽ ഹൃത്വിക് റോഷൻ തകർത്താടിയ 'മെയിൻ ഐസാ ക്യൂ ഹൂൺ' (Main Aisa Kyu Hoon) എന്ന ഐക്കോണിക് ഗാനത്തിലായിരുന്നു അത്.

ഷാരൂഖും സൽമാനും കടന്ന് നോറ ഫത്തേഹിയിലൂടെ ലോകവേദിയിലേക്ക്!

പിന്നീട് പ്രശസ്ത കൊറിയോഗ്രഫർ വൈഭവി മെർച്ചന്റിനൊപ്പം 7 വർഷത്തോളം ജോലി ചെയ്ത രജിത് ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, കത്രീന കൈഫ് എന്നിവരുടെ വലിയ സിനിമകളുടെ ഭാഗമായി. തുടർന്ന് സ്വതന്ത്ര കൊറിയോഗ്രഫറായി മാറിയ അദ്ദേഹം രൺവീർ സിംഗ്, നടി നോറ ഫത്തേഹി എന്നിവർക്കൊപ്പം പ്രവർത്തിച്ചു. നോറ ഫത്തേഹിയുമായുള്ള ഒരു പതിറ്റാണ്ടുകാലത്തെ ക്രിയേറ്റീവ് കൂട്ടുകെട്ടാണ് രജിതിനെ ഇപ്പോൾ ലോകകപ്പിന്റെ വലിയ വേദിയിലേക്ക് എത്തിച്ചിരിക്കുന്നത്.

ഇന്ത്യൻ ആത്മാവുള്ള ആഗോള നൃത്തശൈലി!

മൊറോക്കൻ ഫുട്ബോൾ ആരാധകരുടെ പ്രശസ്തമായ ഒരു ചാന്റുമായി ബന്ധപ്പെട്ടാണ് 'സീർ സീർ’ എന്ന ഗാനം ഒരുക്കിയിരിക്കുന്നത്. ലോകകപ്പ് അവസരത്തെക്കുറിച്ച് രജിത് പറയുന്നത് ഇങ്ങനെയാണ്:

"വിവിധ സംസ്കാരങ്ങളിലുള്ള കലാകാരന്മാർ അണിനിരക്കുന്ന ഒരു പാട്ടാണിത്. ഇതിന് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു ശൈലി വേണമായിരുന്നു. പാട്ട് കേൾക്കുമ്പോൾ എന്റെ ശരീരം എങ്ങനെയാണോ പ്രതികരിക്കുന്നത്, ആ മൂവ്‌മെന്റുകളാണ് ഞാൻ ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് കാണാൻ തികച്ചും ഗ്ലോബൽ ആണെങ്കിലും ഇതിന്റെ ഊർജ്ജവും ആത്മാവും പൂർണ്ണമായും ഇന്ത്യൻ തന്നെയാണ്. ഇന്ത്യൻ കലാകാരന്മാരുടെ പ്രത്യേകത എന്താണെന്ന് ലോകത്തിന് കാട്ടിക്കൊടുക്കാനുള്ള അവസരമാണിത്."

നിലവിൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ മൊറോക്കോ ടീമിനെയാണ് ഈ മലയാളി താരം പിന്തുണയ്ക്കുന്നത്. ഫിഫയുടെ ഔദ്യോഗിക ചരിത്രത്തിലേക്ക് ചുവടുവെച്ചുകയറിയ ഈ മുംബൈ മലയാളിക്ക് ഇപ്പോൾ കായിക-സിനിമാ ലോകത്ത് നിന്നും വൻ അഭിനന്ദനപ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story first published: Thursday, June 11, 2026, 9:55 [IST]
Other articles published on Jun 11, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+