ചെന്നൈ: ഐഎസ്എല്‍ ആറാം സീസണില്‍ അത്ഭുതക്കുതിപ്പിന് ലക്ഷ്യമിട്ട് ചെന്നൈയിന് എഫ്സി ബെംഗളുരുവിനെതിരെ ഇറങ്ങുന്നു. നിറംമങ്ങിയ തുടക്കത്തിനുശേഷം പുതിയ പരിശീലകനൊപ്പം കുതികുതിക്കുന്ന ചെന്നൈ കഴിഞ്ഞ നാല് മത്സരങ്ങളിലും ജയിച്ച് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തിയിട്ടുണ്ട്. ബെംഗളുരുവിന് ഒരു ജയം അകലെയാണ് പ്ലേ ഓഫ്. ചെന്നൈയുടെ മൈതാനത്ത് രാത്രി 7.30നാണ് മത്സരം.
പുതിയ പരിശീലകന് ഓവന് കോയിലിനുകീഴില് തുടര്‍ജയങ്ങളുമായി മുന്നേറുന്ന ചെന്നൈയിനെ ബെംഗളുരു തളയ്ക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സനെ 6-3ന് തോല്‍പ്പിച്ച ടീമിന്റെ മുന്നേറ്റനിര വമ്പന്‍ ഫോമിലാണ്. വാല്‍സ്കിസ്, റാഫേല്‍ ക്രിവല്ലാരോ സഖ്യം ബെംഗളുരു പ്രതിരോധത്തിന് പിടിപ്പത് പണിയുണ്ടാക്കും. കോയിലിന് കീഴില്‍ 22 ഗോളുകളാണ് ടീം അടിച്ചുകൂട്ടിയത്. 14 കളികളില്‍ 21 പോയന്റുള്ള ചെന്നൈയ്ക്ക് ഇനിയുള്ള എല്ലാ കളികളും ജയിക്കുകയാണെങ്കില്‍ പ്ലേ ഓഫിലെത്താം.
ഈ കോലിക്കിത് എന്തുപറ്റി? തുടര്‍ച്ചയായ മൂന്നാം ഏകദിനത്തിലും ക്ലീന്‍ ബൗള്‍ഡ്
നിലവിലെ ചാമ്പ്യന്മാരായ ബെംഗളുരുവിന് ഒരു ജയം അകലെയാണ് പ്ലേ ഓഫ്. 15 കളികളില്‍നിന്നും 28 പോയന്റുള്ള ടീം ഇത്തവണയും കരുത്തരാണ്. ഏറ്റവും മികച്ച പ്രതിരോധമാണ് ടീമിനുള്ളതെന്നതിനാല് എതിരാളികള്‍ക്ക് ഗോള്‍ കണ്ടെത്തുക ബുദ്ധിമുട്ടാകും. സീസണില്‍ ആകെ 9 ഗോള്‍ മാത്രമാണ് ബെംഗളുരു വഴങ്ങിയത്. അതേസമയം, ഗോളടിക്കുന്നതില്‍ ടീം പിശുക്കുകാട്ടുന്നു. സുനില്‍ ഛേത്രി നയിക്കുന്ന ആക്രമണ നിര ഫോമിലേക്കുയര്‍ന്നാല്‍ ബെംഗളുരു ഇത്തവണയും നേരത്തെതന്നെ പ്ലേ ഓഫ് ഉറപ്പിക്കും.