ഗുവാഹത്തി: ആവേശകരമായ സമനിലയോടെ ഐഎസ്എല്ലിന്റെ ഈ സീസണിലെ ലീഗ് മല്‍സരങ്ങള്‍ക്കു തിരശീല വീണു. 90ാം മല്‍സരത്തില്‍ ചെന്നൈയ്ന് എഫ്സിയും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും തമ്മിലുള്ള കളിയാണ് 2-2ന് അവസാനിച്ചത്. നേരത്തേ തന്നെ പ്ലേഓഫിലെത്തിയ ടീമായിരുന്നു ചെന്നൈയെങ്കില് നോര്‍ത്ത് ഈസ്റ്റ് ലീഗിലെ ഒമ്പതാം സ്ഥാനക്കാരായിരുന്നു. സ്വന്തം കാണികള്‍ക്കു മുന്നില്‍ 2-1ന്റെ ജയത്തോടെ സീസണ് അവസാനിപ്പിക്കാനുള്ള സുവര്‍ണാവസരം അവസാന മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റില്‍ നിന്നു വഴുതിപ്പോവുകയായിരുന്നു. ചെന്നൈക്കെതിരേ 2-1ന്റെ അപ്രതീക്ഷിത വിജയത്തിനു കൈയെത്തും ദൂരത്തായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ ചെമ്പട. എന്നാല്‍ ഇഞ്ചുറിടൈമിന്റെ അവസാന സെക്കന്റില്‍ ചെന്നൈയുടെ സമനില ഗോള്‍ നോര്‍ത്ത് ഈസ്റ്റിന്റെ ഹൃദയം തകര്‍ത്തു.
ലാലിയന്‍സുവാല ചാങ്തെയുടെ വകയായിരുന്നു ചെന്നൈയെ രക്ഷിച്ച സമനില ഗോള്‍. ആദ്യ ഗോള്‍ 17ാം മിനിറ്റില്‍ മാസിഹ് സെയ്ഗാനിയുടെ വകയായിരുന്നു. നോര്‍ത്ത് ഈസ്റ്റിന്റെ രണ്ടു ഗോളുകളും നേടിയത് മാര്ട്ടിന് ചാവേസായിരുന്നു. 43, 71 മിനിറ്റുകളിലായിരുന്നു താരം വല കുലുക്കിയത്. ഫെബ്രുവരി 29നാണ് ടൂര്‍ണമെന്റിലെ ആദ്യ സെമി ഫൈനല്‍. എഫ്സി ഗോവയും ചെന്നൈയും തമ്മിലാണ് ആദ്യ സെമി പോരാട്ടം. തൊട്ടടുത്ത ദിവസം രണ്ടാം സെമിയില്‍ നിലവിലെ ചാംപ്യന്മാരായ ബെംഗളൂരു എഫ്സി മുന്‍ ജേതാക്കളായ എടിക്കെയെ നേരിടും.
ചെന്നൈക്കെതിരേ വീറുറ്റ പ്രകടനമാണ് നോര്‍ത്ത് ഈസ്റ്റ് കാഴ്ചവച്ചത്. തോറ്റാല്‍ ഒന്നും നഷ്ടപ്പെടാനില്ലെന്ന ആത്മവിശ്വാസത്തില്‍ അവര്‍ ആക്രമിച്ചു തന്നെ കളിച്ചു. 17ാം മിനിറ്റില്‍ സെയ്ഗാനിയിലൂടെ ചെന്നൈയാണ് ആദ്യം മുന്നിലെത്തിയത്. ത്രോയ്ക്കൊടുവില്‍ ബോക്സിനുള്ളില്‍ വച്ച് ലഭിച്ച പന്ത് സെയ്ഗാനി ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയിലേക്ക് അടിച്ചുകയറ്റി. 43ാം മിനിറ്റില്‍ ചാവേസിലൂടെ നോര്‍ത്ത് ഈസ്റ്റ് സമനില പിടിച്ചുവാങ്ങി. ലോങ്ബോള്‍ സ്വീകരിച്ചു വലതു പാര്‍ശ്വത്തിലൂടെ ബോക്സിലേക്കു ഓടിക്കയറിയ ചാവേസിനെ ചെന്നൈ താരം നാസ്പാം സിങ് ഫൗള്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് താരത്തെ നേരിട്ടു ചുവപ്പ് കാര്‍ഡ് നല്കി പുറത്താക്കി റഫറി നോര്‍ത്ത് ഈസ്റ്റിന് അനുകൂലമായി പെനല്‍റ്റിയും വിധിച്ചു. ചാവേസ് പെനല്‍റ്റി അനായാസം ഗോളാക്കിയതോടെ സ്കോര്‍ 1-1.
രണ്ടാംപകുതിയില്‍ നോര്‍ത്ത് ഈസ്റ്റ് കൂടുതല്‍ മെച്ചപ്പെട്ട കളിയാണ് പുറത്തെടുത്തത്. 71ാം മിനിറ്റില്‍ അവര്‍ അര്‍ഹിച്ച ലീഡും കൈക്കലാക്കി. കോര്‍ണറിനൊടുവില്‍ ബോക്സിനു തൊട്ടരികില്‍ നിന്നു കിട്ടിയ പന്ത് നിലത്തു വീഴും മുമ്പ് മനോഹരമായ ഫുള്‍ വോളിയിലൂടെ ചാവേസ് വലയ്ക്കുള്ളിലേക്കു തൊടുത്തപ്പോള്‍ ഡൈവ് ചെയ്ത ഗോളിക്കു തൊടാന്‍ പോലുമായില്ല. തുടര്‍ന്നും ചെന്നൈയെ സമ്മര്‍ദ്ദത്തിലാക്കുന്ന ചില മുന്നേറ്റങ്ങള്‍ നോര്‍ത്ത് ഈസ്റ്റ് നടത്തി. ഒടുവില്‍ കളി 2-1ന് അവസാനിക്കുമെന്നിരിക്കെയായിരുന്നു ചെന്നൈയുടെ സമനില ഗോള്‍. ജര്‍മന്‍പ്രീത് സിങ് ബോക്സിനകത്തേക്കു നല്കിയ ത്രൂബോള്‍ പിടിച്ചെടുത്ത ചാങ്തെ ഒന്നു വെട്ടിയൊഴിഞ്ഞ ശേഷം നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തെയും ഗോളിയെയും കബളിപ്പിച്ച് ഇടംകാല് ഷോട്ടിലൂടെ വല കുലുക്കുകയായിരുന്നു.