ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി പതിനൊന്ന് പോയിന്റ് മുന്നില്‍. ഇരുപത്താറാം റൗണ്ടില്‍ സ്വാന്‍സി സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെല്‍സി ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടര്‍ന്നത്. സെസ്ക് ഫാബ്രിഗസ് (19), പെഡ്രോ റോഡ്രിഗസ് (72), ഡിയഗോ കോസ്റ്റ (84) നീലപ്പടക്കായി സ്കോര്‍ ചെയ്തു.
25 റൗണ്ടുകള്‍ പൂര്‍ത്തിയാക്കിയ മാഞ്ചസ്റ്റര്‍ സിറ്റി 52 പോയിന്റുമായി ടേബിളില്‍ രണ്ടാംസ്ഥാനത്താണ്. ഒരു ഡസന്‍ മത്സരങ്ങള്‍ മാത്രം ശേഷിക്കെ 63 പോയിന്റുമായി ചെല്‍സി വ്യക്തമായ ആധിപത്യം നിലനിര്‍ത്തുന്നു.
പ്രീമിയര്‍ ലീഗില്‍ മുന്നൂറാം മത്സരത്തിനിറങ്ങിയ ഫാബ്രിഗസ് ലീഡ് ഗോള്‍ നേടിക്കൊണ്ടാണ് അതാഘോഷിച്ചത്. ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമില്‍ സ്വാന്‍സി ഗോള്‍ മടക്കിയത് ഹോം ടീമിനെ ഞെട്ടിച്ചു. ഫെര്‍നാന്‍ഡോ ലോറെന്റെയാണ് ഗോള്‍ നേടിയത്. സിഗുഡ്സനിന്റെ ഫ്രീ കിക്കില്‍ ഹെഡറിലൂടെയാണ് ലോറെന്റെയുടെ ഗോള്‍. പെഡ്രോ രണ്ടാം ഗോള്‍ നേടുന്നതിന് തൊട്ടു മുമ്പ് ഫാബ്രിഗസിന്റെ ഒരു ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. ക്ലോസ് റേഞ്ചില്‍ നിന്ന് ഡിയഗോ കോസ്റ്റ ചെല്‍സിയുടെ ഗോള്‍ പട്ടിക തികച്ചു. സീസണില്‍ കോസ്റ്റയുടെ പതിനാറാം ലീഗ് ഗോളായിരുന്നു ഇത്.
സ്കോര്‍ 1-1 ല്‍ നില്ക്കുമ്പോള് സ്വാന്‍സിക്ക് അര്‍ഹിച്ച പെനാല്‍റ്റി റഫറി നല്‍കിയില്ല. സെസാര്‍ അസ്പിലിക്യൂറ്റ ബോക്സിനുളളില് വെച്ച് പന്ത് കൈ കൊണ്ട് തട്ടിയത് റീപ്ലേകളില്‍ വ്യക്തമായിരുന്നു.
ഗോള്‍ നില
ചെല്‍സി 3-1 സ്വാന്‍സി
ക്രിസ്റ്റല്‍ പാലസ് 1-0 മിഡില്‍സ്ബറോ
എവര്ട്ടന് 2-0 സണ്ടര്‍ലാന്‍ഡ്
ഹള്‍ 1-1 ബണ്‍ലി
വെസ്റ്റ്ബ്രോം 2-1 ബൗണ്മൗത്
വാട്ഫോഡ് 1-1 വെസ്റ്റ്ഹാം
പോയിന്റ് ടേബിളില്‍ (ടീം, മത്സരം, പോയിന്റ് ക്രമം)
ചെല്‍സി 26 63
മ. സിറ്റി 25 52
ടോട്ടനം 25 50
ആഴ്സണല്‍ 25 50
ലിവര്‍പൂള്‍ 25 49
മ.യുനൈറ്റഡ് 25 48
എവര്ട്ടന് 26 44
വെസ്റ്റ് ബ്രോം 26 40
വെസ്റ്റ്ഹാം 26 40
സ്റ്റോക് സിറ്റി 25 32