മാഡ്രിഡ്: യൂറോപ്പിലെ ഫുട്ബോള്‍ രാജാക്കന്മാര് ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാന്‍ ഇംഗ്ലണ്ട് ടീമുകളായ ലിവര്‍പൂളും ടോട്ടനം ഹോട്സ്പറും ഏറ്റുമുട്ടും. ജൂണ്‍ ഒന്നിന് രാത്രി മാഡ്രിഡിലെ വന്ഡ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിലാണ് കലാശപ്പോര്.
2008-നുശേഷം ആദ്യമായാണ് ചാമ്പ്യന്‍സ് ലീഗില്‍ ഓള് ഇംഗ്ലീഷ് ഫൈനല്‍ നടക്കുന്നത്. അതേസമയം, ലിവര്‍പൂളിനും സ്പര്‍സിനും ഇത് നഷ്ടപ്രതാപത്തിന്റെ വീണ്ടെടുക്കലിനുള്ള സമയമാണ്. 2012-ലാണ് ലിവര്‍പൂള്‍ അവസാനമായി ചാമ്പ്യന്മാരായതെങ്കില്‍, ടോട്ടനമാവട്ടെ ഇതുവരെ ചാംപ്യന്‍സ് ലീഗില്‍ ജേതാക്കളായിട്ടുമില്ല.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തലനാരിഴയ്ക്ക് കിരീടം നഷ്ടമായ ലിവര്‍പൂളിനിത് അഭിമാനപ്പോരാട്ടമാണ്. യുര്‍ഗന്‍ ക്ലോപ്പിനു കീഴില്‍ റെഡ്സ് ഈ സീസണില്‍ ഉജ്വല പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതിനാല്‍ത്തന്നെ കിരീടത്തില്‍ കുറഞ്ഞതൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല. മൗറീഷ്യോ പൊച്ചെറ്റിനോയുടെ കീഴില്‍ സ്പര്‍സും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
ലോകകപ്പ്: ബാറ്റിങ് മാത്രമല്ല, കോലിക്കു മറ്റൊരു വജ്രായുധം കൂടി!! മിനുക്കിയെടുത്തു നെറ്റ്സില്‍...
സെമി ഫൈനലില്‍ പുറത്താകല്‍ ഭീഷണി നേരിട്ട ലിവര്‍പൂളും ടോട്ടനവും ഉജ്വല തിരിച്ചുവരവ് നടത്തിയാണ് കലാശപ്പോരിന് യോഗ്യരായത്. സെമിയിലെ ആദ്യപാദ മത്സരത്തില്‍ ബാഴ്സലോണയോട് മറുപടിയില്ലാത്ത മൂന്ന് ഗോളിന് തോല്‍വി ഏറ്റുവാങ്ങിയ ലിവര്‍പൂള്‍ രണ്ടാംപാദത്തില്‍ ലയണല്‍ മെസ്സിയെയും സംഘത്തെയും 4-0ന് തുരത്തിയാണ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കിയത്.
ആദ്യപാദത്തില്‍ അയാക്സിനുമുന്നില് ഒരു ഗോളിന് പരാജയപ്പെട്ട ടോട്ടനം രണ്ടാംപാദത്തില്‍ 3-2ന് ജയം നേടി. രണ്ടുപാദങ്ങളിലുമായി 3-3 എന്ന സ്കോര്‍ ആയെങ്കിലും മികച്ച ഗോള്‍ശരാശരിയുടെ മികവില്‍ ടോട്ടനം മുന്നേറുകയായിരുന്നു.
സാധ്യതാ ടീം:
ലിവര്‍പൂള്‍ - അലിസ്സണ്‍, അലക്സാണ്ടര്‍ ആര്‍നോള്‍ഡ്, മാറ്റിപ്, വാന്‍ ദിജിക്, റോബര്ട്സണ്, ഫാബിഞ്ഞോ, ഹെന്ഡേഴ്സണ്, വിനാല്‍ഡം, മാനെ, സലാ, ഫിര്‍മിഞ്ഞോ.
ടോട്ടനം - ലോറിസ്, ട്രിപ്പിയര്‍, ആല്ഡെര്വെയില്ഡ്, വെര്ട്ടോനെന്, റോസ്, വിന്‍ക്സ്, സിസ്സോകോ, അലി, എറിക്സന്, സണ്‍, കെയ്ന്‍.
വേദി - മാഡ്രിഡ്
സമയം - ജൂണ്‍ ഒന്ന് രാത്രി 12.30