ബ്യൂണസ്ഐറിസ്: ബൊക്കജൂനിയേഴ്സിന്റെ ഇതിഹാസ താരം കാര്‍ലോസ് ടെവസ് ചൈനീസ് ഫുട്ബോളിലേക്ക് ചുവട് മാറ്റുന്നു. നാല്പത് ദശലക്ഷം യൂറോയുടെ ഓഫറാണ് ചൈനീസ് ക്ലബ്ബ് ഷാംഗ്ഹായ് ഷെന്ഷ്വ അര്‍ജന്റൈന്‍ സ്ട്രൈക്കര്‍ക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്. അടുത്ത വര്‍ഷം ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ചും ടെവസ് ആലോചിക്കുന്നുണ്ട്.
ചൈനയിലെ സൂപ്പര്‍ ലീഗില്‍ ഒരു സീസണ് കളിച്ചതിന് ശേഷം കരിയര്‍ അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് താരമെന്നും സൂചനയുണ്ട്. 2003 ല്‍ ബൊക്ക ജൂനിയേഴ്സിനെ കോപ ലിബര്‍ട്ടഡോറസ് ചാമ്പ്യന്മാരാക്കിയതിന് ശേഷമാണ് ടെവസ് യൂറോപ്യന്‍ ക്ലബ്ബുകളിലേക്ക് തട്ടകം മാറ്റുന്നത്. കഴിഞ്ഞ വര്‍ഷം ബൊക്കയില്‍ തിരിച്ചെത്തിയ ടെവസിന് പഴയ മാജിക് പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല.
എന്നാല്‍, മുപ്പത്തിരണ്ടുകാരനായ ടെവസില്‍ ഇനിയും ഫുട്ബോള്‍ അവശേഷിക്കുന്നുവെന്നാണ് ഷാംഗ്ഹായ് ക്ലബ്ബിന്റെ ഉറുഗ്വെക്കാരനായ പരിശീലകന് ഗുസ്താവോ പയെറ്റയുടെ പക്ഷം. ദീര്‍ഘകാലത്തേക്ക് ടെവസിന്റെ സേവനം തനിക്കാവശ്യമുണ്ട്. താനേറെ പ്രതീക്ഷയോടെയാണ് ട്രാന്‍സ്ഫറിനെ നോക്കിക്കാണുന്നതെന്നും മുന്‍ ചെല്‍സി മിഡ്ഫീല്‍ഡറായ ഗുസ്താവോ പയെറ്റ് പറഞ്ഞു.