മ്യൂണിക്ക്: ബുണ്ടസ്ലീഗയുടെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന് എതിരില്ലാത്ത എട്ട് ഗോള്‍ ജയം. ഷാല്ക്കെയെയാണ് ബയേണ്‍ 8-0ന് നാണം കെടുത്തി വിട്ടത്. അവസാന സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയെ 8-2ന് നാണംകെടുത്തിയതിന്റെ ഓര്മ പുതുക്കുന്ന തരത്തിലായിരുന്നു ബയേണ്‍ നിരയുടെ പ്രകടനം. നിലവിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ബയേണ്‍ അനായാസമായാണ് ഷാല്‍ക്കയെ നാണംകെടുത്തിയത്. സൂപ്പര്‍ താരങ്ങളെല്ലാം തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയ ഗ്നാബ്രി ഹാട്രിക്കോടെ പുതിയ സീസണിലേക്കുള്ള വരവ് ഗംഭീരമാക്കി.
കളിയുടെ നാലാം മിനുട്ടില്‍ത്തന്നെ ബയേണ്‍ അക്കൗണ്ട് തുറന്നു. ജോഷ്വാ കിമ്മിച്ചിന്റെ അസിസ്റ്റില്‍ സെര്‍ജി ഗ്നാബ്രിയാണ് വലകുലുക്കിയത്. 19ാം മിനുട്ടില്‍ തോമസ് മുള്ളര്‍ ഗോളിന് വഴിയൊരുക്കിയപ്പോള്‍ ലിയോന്‍ ഗോരീറ്റ്സ്ക പന്ത് വലയിലെത്തിച്ച് ബയേണിന്റെ ലീഡുയര്‍ത്തി. 31ാം മിനുട്ടില്‍ സൂപ്പര്‍ താരം ലെവന്‍ഡോസ്കി ബയേണ്‍ സ്കോര്‍ബോര്‍ഡില്‍ മൂന്നാം ഗോള്‍ ചേര്‍ത്തു. ഇത്തവണ പെനാല്‍റ്റിയെ ലെവന്‍ഡോസ്കി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. അവസാന സീസണില്‍ ഗംഭീര പ്രകടനം പുറത്തെടുത്ത ലെവന്‍ഡോസ്കിയാണ് ബയേണിന് ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗും സമ്മാനിച്ചത്. ആദ്യ പകുതിയില്‍ മൂന്ന് ഗോള്‍ നേടിയ ബയേണ്‍ ബാക്കി അഞ്ചും രണ്ടാം പകുതിയിലാണ് നേടിയത്.
രണ്ടാം പകുതിയുടെ തുടക്കം തന്നെ ബയേണ്‍ വീണ്ടും വലകുലുക്കി. 47ാം മിനുട്ടില്‍ ലിറോയ് സാനെയുടെ അസിസ്റ്റില്‍ സെര്‍ജി ഗ്നാബ്രിയാണ് പന്ത് പോസ്റ്റിലെത്തിച്ചത്. 59ാം മിനുട്ടില്‍ സാനെയുടെ അസിസ്റ്റില്‍ ഗോള്‍ നേടി ഗ്നാബ്രി ഹാട്രിക്ക് പൂര്‍ത്തിയാക്കി. 69ാം മിനുട്ടില്‍ ജോഷ്വാ കിമ്മിച്ചിന്റെ അസിസ്റ്റില്‍ തോമസ് മുള്ളര്‍ ആറാം ഗോള്‍ സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തപ്പോള്‍ 71ാം മിനുട്ടില്‍ ജോഷ്വാ കിമ്മിച്ചിന്റെ അസിസ്റ്റില്‍ ലിറോയ് സാനെ ഏഴാം ഗോള്‍ ബയേണിന് സമ്മാനിച്ചപ്പോള്‍ 81ാം മിനുട്ടില്‍ ലെവന്‍ഡോസ്കിയുടെ അസിസ്റ്റില്‍ ജമാല്‍ മുസിയാല ബയേണിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ഇത്തവണയും എതിരാളികള്‍ക്ക് വലിയ വെല്ലുവിളി തങ്ങള്‍ ഉയര്‍ത്തുമെന്ന് അടിവരയിട്ട് പറയുന്ന പ്രകടനമായിരുന്നു ബയേണിന്റേത്. അവസാന സീസണില്‍ ടീമിന്റെ ഭാഗമായിരുന്ന ഒട്ടുമിക്ക താരങ്ങളും ഇത്തവണയും ടീമിനൊപ്പമുള്ളതിനാല്‍ മികച്ച കെട്ടുറപ്പ് ബയേണിനുണ്ട്. 27ന് ഹോഫന്ഫെയിമിനെതിരെയാണ് ബയേണിന്റെ അടുത്ത മത്സരം.