യുവന്റസ് കോട്ട കാക്കാന്‍ ഇനി ബഫണ്‍ ഇല്ല; 17 വര്‍ഷത്തിനു ശേഷം ഇതിഹാസം പടിയിറങ്ങുന്നു
റോം: 17 വര്‍ഷത്തെ അവിസ്മരണീയ കരിയറിനൊടുവില്‍ ഇറ്റാലിയന്‍ ലീഗ് ചാംപ്യന്‍മാരായ യുവന്റസില്‍ നിന്ന് സ്റ്റാര്‍ ഗോള്‍കീപ്പര്‍ ജിയാന്‍ലുയിജി ബഫണ്‍ വിടപറയാനൊരുങ്ങുന്നു. ഈ സീസണിനു ശേഷം യുവന്റസ് ഗോള്‍വല കാക്കാനുണ്ടാവില്ലെന്ന് 40കാരനായ താരം തന്നെയാണ് പ്രഖ്യാപിച്ചത്. 2001 മുതല്‍ യുവന്റസിന്റെ ഗോള്‍വല കാക്കുകയാണ് ഇറ്റലിയുടെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പര്‍മാരിലൊരാള്‍ കൂടിയായ ബഫണ്‍. ഈ സീസണില്‍ യുവന്റസിന് ഇരട്ട കിരീടം സമ്മാനിച്ചു കൊണ്ടാണ് ക്ലബ്ബ് ക്യാപ്റ്റന്‍ കൂടിയായ ബഫണ്‍ പടിയിറങ്ങുന്നത്. നാളെ വെറോണയ്‌ക്കെതിരേ നടക്കുന്ന മല്‍സരത്തോടെയാണ് യുവന്റസിന്റെ ഗോള്‍കീപ്പര്‍ സ്ഥാനത്തുനിന്ന് ബഫണ്‍ വിടപറയുക.
യുവന്റസിന് പല അവിസ്മരണീയ കിരീട നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുള്ള തങ്ങളുടെ പ്രിയ ഗോള്‍കീപ്പര്‍ ബഫണിനെ യാത്രയയക്കാനുള്ള ഒരുക്കത്തിലാണ് ആരാധകര്‍. ദേശീയ ടീമില്‍ നിന്ന് നേരത്തെ വിരമിച്ച ബഫണ്‍ ഇനി ഗോള്‍കീപ്പറായി മറ്റു ക്ലബ്ബുകളില്‍ കാണാനിടയില്ല. മറ്റെന്തെങ്കിലും റോളില്‍ യുവന്റസില്‍ തന്നെ ബഫണിന് സാന്നിധ്യമുണ്ടാവുമെന്നാണ് റിപോര്‍ട്ടുകള്‍. അടുത്തയാഴ്ച തന്റെ പുതിയ റോള്‍ എന്താണെന്ന് വ്യക്തമാക്കുമെന്ന് ഗോള്‍കീപ്പര്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന ബഫണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്.

യുവന്റസിനു വേണ്ടി 508 മല്‍സരങ്ങളിലാണ് ബഫണ്‍ വലകാക്കാനിറങ്ങിയത്. 11 തവണ ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിനെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരം കൂടിയാണ് ബഫണ്‍. കൂടാതെ സെരിയ ബി, കോപ്പ ഇറ്റാലിയ, ഇറ്റാലിയന്‍ സൂപ്പര്‍കപ്പ് എന്നിവകളിലായി 10 തവണ കിരീടം നേടാനും ബഫണിന്റെ കീഴില്‍ യുവന്റസിന് കഴിഞ്ഞിട്ടുണ്ട്. 2006ല്‍ ഇറ്റലിയെ ലോക ചാംപ്യന്‍മാരാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച താരം കൂടിയാണ് ബഫണ്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications