ഇവര്‍ പുറത്തായ വീരന്മാര്‍
ലോകചാമ്പ്യന്മാരായ സ്‌പെയിന്‍ ഒന്നാം റൗണ്ടില്‍ ലോകകപ്പില്‍ നിന്നും പുറത്തുപോകുമെന്ന് ആരറിഞ്ഞു. കഴിഞ്ഞ ലോകകപ്പ് ഫൈനലിന്റെ തനിയാവര്‍ത്തനം പ്രതീക്ഷിച്ചെത്തിയവരെ നിശബ്ദരാക്കി ഹോളണ്ട് സ്‌പെയിനിന്റെ ലോകകപ്പ് പ്രതീക്ഷകളെയാണ് തച്ചുതകര്‍ത്തത്. പിന്നീട് ഒരു തിരിച്ചുവരവിന് സ്‌പെയിനിന് കഴിഞ്ഞതേയില്ല.
മരണഗ്രൂപ്പായ ഡിയില്‍ നിന്നും ഇംഗ്ലണ്ടോ ഇറ്റലിയോ ഒരാള്‍ പുറത്തുപോകാനുളള സാധ്യത ഉണ്ടായിരുന്നു. ഉറുഗ്വേയും കോസ്റ്റാറിക്കയും അട്ടിമറികള്‍ക്ക് പ്രാപ്തരാണെങ്കിലും ഇങ്ങനെ ഒരു തോല്‍വി മുന്‍ ചാമ്പ്യന്മാര്‍ പ്രതീക്ഷിച്ചിരിക്കില്ല. അത്ഭുതങ്ങള്‍ ഇഷ്ടം പോലെ സംഭവിച്ചു. ഇംഗ്ലണ്ടും ഇറ്റലിയും പുറത്ത്.
പോര്‍ച്ചുഗലിന് വിനയായത് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പരിക്ക്. ജര്‍മനിയോട് തോറ്റ പോര്‍ച്ചുഗല്‍ നാല് പോയിന്റോടെ യു എസിന് ഒപ്പമെത്തിയെങ്കിലും ഗോള്‍ ശരാശരിയില്‍ തോറ്റു. ജപ്പാനും കൊറിയയും ഘാനയും ഇറാനും ക്രൊയേഷ്യയും പുറത്തായെങ്കിലും കളിക്കമ്പക്കാരെ അത്ഭുതപ്പെടുത്തി.

സ്‌പെയിന്‍
ഈ ലോകകപ്പിന്റെ ഏറ്റവും വലിയ നഷ്ടം സ്‌പെയിന്‍ തന്നെ. ടിക്ക ടാക്കയുടെ കാലം കഴിഞ്ഞു എന്ന് പവര്‍ ഫുട്‌ബോളിന്റെ ആരാധകര്‍ വിളിച്ചുപറയുന്ന കാഴ്ചയാണ് ബ്രസീലിയന്‍ തെരുവുകളില്‍ കണ്ടത്. ബി ഗ്രൂപ്പില്‍ മൂന്ന് കളിയില്‍ മൂന്ന് പോയിന്റാണ് സ്‌പെയിനിന്റെ സമ്പാദ്യം.

ഇറ്റലി
ഇംഗ്ലണ്ടിനോട് ജയിച്ചുതുടങ്ങിയ ഇറ്റലിയുടെ പുറത്താകല്‍ അപ്രതീക്ഷിതമായിരുന്നു. ഉറുഗ്വേയും കോസ്റ്റാറിക്കയും ഇറ്റലിയെ തോല്‍പിച്ചുവിട്ടു. മൂന്ന് കളിയില്‍ മൂന്ന് പോയിന്റുകളാണ് മരണഗ്രൂപ്പില്‍ ഇറ്റലിയുടെ നേട്ടം.

പോര്‍ച്ചുഗല്‍
ബാലന്‍ ദ്യോര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ കാണാനെങ്കിലും ലോകകപ്പില്‍ പറങ്കിപ്പട വേണമെന്ന് ലോകം ആഗ്രഹിച്ചു. എന്നാല്‍ പരിക്കേറ്റ് റൊണാള്‍ഡോ മുടന്തിയപ്പോള്‍ പോര്‍ച്ചുഗലും ഒപ്പം മുടന്തി. ഗ്രൂപ്പ് ജിയില്‍ ഒരു വിജയവും ഒരു സമനിലയുമാണ് പോര്‍ച്ചുഗലിന്റെ അക്കൗണ്ടില്‍

ഇംഗ്ലണ്ട്
വെയ്ന്‍ റൂണിയും ഫ്രാങ്ക് ലാംപാര്‍ഡും അത്ഭുതങ്ങള്‍ കാണിക്കും എന്ന പ്രതീക്ഷയിലായിരുന്നു ഇംഗ്ലണ്ട്. പരിചയ സമ്പത്തും യുവത്വവും ഒത്തു ചേര്‍ന്ന ടീം പക്ഷേ പ്രതീക്ഷ കാത്തില്ല. ഡി ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ് ഇംഗ്ലണ്ട്. ഒരു കളി പോലും ജയിച്ചതുമില്ല.

ഇറാന്
അര്‍ജന്റീനയ്‌ക്കെതിരെ നടത്തിയ ചെറുത്തുനില്‍പാണ് ഇറാനെ ആരാധകരുടെ പ്രിയ ടീമാക്കിയത്. ലയണല്‍ മെസിയുടെ ടീമിനെതിരെ 90 മിനുട്ടും ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കാന്‍ ഇറാന് സാധിച്ചു. ഇന്‍ജുറി ടൈമില്‍ മെസി അടിച്ച ഗോളിലാണ് ഏഷ്യന്‍ പ്രതീക്ഷകളായ ഇറാന്റെ ചങ്ക് കലങ്ങിയത്.

ഘാന
ആഫ്രിക്കന്‍ കരുത്തുമായെത്തിയ ഘാന ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എന്നാല്‍ കരുത്തരായ ജര്‍മനിയെ സമനിലയില്‍ തളയ്ക്കാന്‍ ഘാനയ്ക്ക് സാധിച്ചു

ഓസ്‌ട്രേലിയ
ടിം കാഹിലിന്റെ ഗോളുകളാണ് ഓസ്‌ട്രേലിയയ്ക്ക് ഈ ലോകകപ്പില്‍ ഓര്‍ക്കാനുള്ളത്. ഹോളണ്ടിനോടും ചിലിയോടും പൊരുതിയെങ്കിലും കളികളൊന്നും ജയിക്കാന്‍ കംഗാരുക്കള്‍ക്ക് സാധിച്ചില്ല.

ക്രൊയേഷ്യ
ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ബ്രസീലിനെ വെള്ളം കുടിപ്പിച്ച് ക്രൊയേഷ്യും ആരാധകരുടെ പ്രിയപ്പെട്ടവരായി. ബ്രസീല്‍ ഈ കളി കളിച്ചാല്‍ പോര എന്ന് ഒന്നാമത്തെ കളിയില്‍ തന്നെ ക്രൊയേഷ്യ കാണിച്ചുകൊടുത്തു. മൂന്ന് കളിയില്‍ മൂന്ന് പോയിന്റാണ് ക്രൊയേഷ്യയുടെ നേട്ടം

കാമറൂണ്‍
ഈ ലോകകപ്പിന്റെ ദുരന്തമാണ് കാമറൂണ്‍ ടീം. ഗ്രൂപ്പ് ഘട്ടം തീരുമ്പോള്‍ ഏറ്റവും നിരാശപ്പെടുത്തിയ ടീമായി സാമുവല്‍ എറ്റുവും കൂട്ടരും മാറി. മൂന്ന് കളി. മൂന്നിലും തോല്‍വി. അതാണ് കാമറൂണിന് ബ്രസീല്‍ ലോകകപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications