ബ്രസീല്‍ ഫിഫ ലോകകപ്പിന് യോഗ്യത നേടി, അര്‍ജന്റീനക്ക് തോല്‍വി, യോഗ്യത കട്ടപ്പുറത്ത്!!
ബ്രസീലിയ: ബ്രസീല്‍ 2018 ല്‍ റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിന് യോഗ്യത നേടി. ലാറ്റിനമേരിക്കന്‍ ക്വാളിഫൈയറില്‍ പരാഗ്വയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബ്രസീലിന്റെ മുന്നേറ്റം. അതേ സമയം മെസിയില്ലാതെ കളിക്കാനിറങ്ങിയ അര്‍ജന്റീന ബൊളിവിയക്ക് മുന്നില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റു. ഉറുഗ്വെ, ഇക്വഡോര്‍ ടീമുകളും പരാജയപ്പെട്ടു.

ലാറ്റിനമേരിക്കന്‍ പട്ടിക...
പതിനാല് മത്സരങ്ങളില്‍ 33 പോയിന്റാണ് ബ്രസീലിനുള്ളത്. കൊളംബിയ (24), ഉറുഗ്വെ (23), ചിലി (23) ടീമുകളാണ് ആദ്യ നാലില്‍ ഉള്ളത്. 22 പോയിന്റുമായി അര്‍ജന്റീന അഞ്ചാം സ്ഥാനത്താണ്.

നെയ്മറിന് അമ്പത്തിരണ്ടാം ഗോള്‍...
സാവോ പോളോയില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയമൊരുക്കിയത് ലിവര്‍പൂളിന്റെ ഫിലിപ് കുട്ടീഞ്ഞോയും ബാഴ്‌സയുടെ നെയ്മറും റയലിന്റെ മാര്‍സെലോയും ചേര്‍ന്നാണ്. മുപ്പത്തിനാലാം മിനുട്ടില്‍ കുട്ടീഞ്ഞോ ലീഡെടുത്തു. അറുപത്തിനാലാം മിനുട്ടില്‍ നെയ്മര്‍ ലീഡുയര്‍ത്തി. രാജ്യാന്തര തലത്തില്‍ നെയ്മറിന്റെ അമ്പത്തിരണ്ടാം ഗോളായിരുന്നു ഇത്. എണ്‍പത്താറാം മിനുട്ടില്‍ മാര്‍സലോയാണ് ജയം പൂര്‍ത്തിയാക്കിയത്.

മെസിയില്ല, അര്‍ജന്റീന വീണു...
കിക്കോഫിന് മണിക്കൂറുകള്‍ മുമ്പാണ് ഫിഫയുടെ മത്സരവിലക്ക് മെസിക്ക് വരുന്നത്. ചിലിക്കെതിരായ മത്സരത്തില്‍ റഫറിയോട് അപമര്യാദയായി പെരുമാറിയതിനാണ് നാല് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ മെസിക്ക് വിലക്ക് വീണത്. കളിക്കാനിറങ്ങിയപ്പോഴും അത് ടീമില്‍ നിഴലിച്ചു. യുവാന്‍ കാര്‍ലോസ് ആര്‍സെയും മാര്‍സെലോ മാര്‍ട്ടിന്‍സും അര്‍ജന്റീനയുടെ വല കുലുക്കി.

കൊളംബിയ ഓവര്‍ടേക്ക് ചെയ്തു...
നാല് മത്സരങ്ങള്‍ ശേഷിക്കെ കൊളംബിയ 2-0ന് ഇക്വഡോറിനെ കീഴടക്കി അര്‍ജന്റീനക്കും ഉറുഗ്വെക്കും മുകളില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ഹാമിഷ് റോഡ്രിഗസും യുവാന്‍ കൊഡ്രാഡോയുമാണ് സ്‌കോര്‍ ചെയ്തത്.

ഗോള്‍ നില
പെറു 2-1 ഉറുഗ്വെ
ബ്രസീല്‍ 3-0 പരാഗ്വെ
ചിലി 3-1 വെനിസ്വെല
ഇക്വഡോര്‍ 0-2 കൊളംബിയ
ബൊളിവിയ 2-0 അര്‍ജന്റീന
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications