റിയോ ഡി ജനീറോ: റിയോയ്ക്ക് ആഗസ്ത് അഞ്ചിന് റിയോയില്‍ തിരിതെളിയുമ്പോള്‍ കനത്ത സുരക്ഷയാണ് ബ്രസീല്‍ അധികൃതര്‍ വാഗ്ദാനം ചെയ്യുന്നത്. ആഗസ്ത് അഞ്ച് മുതല്‍ 21 വരെ നടക്കുന്ന ലോക കായിക മാമാങ്കത്തിനെത്തുന്ന അഞ്ച് ലക്ഷത്തോളം പേരുടെ സുരക്ഷയാണ് ബ്രസീല്‍ അധികൃതര്‍ ഉറപ്പുനല്‍കുന്നത്. ജൂണില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച ആന്‍ഡ്രേ റോഡ്രിഗസ് തികഞ്ഞ ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്. റിയോ ഒളിംപിക്‌സിന്റെ സുരക്ഷക്ക് വേണ്ടി 24 കോടി രൂപ അധികമായി നീക്കിവെച്ചതായി കായിക മന്ത്രി ലിയനാഡോ പിക്കിയാനി വ്യക്തമാക്കിയിരുന്നു.
ഒളിംപിക്‌സ് മത്സരവേദികളില്‍ ജൂലൈ 24ന് തന്നെ സൈന്യം പട്രോളിംഗ് ആരംഭിക്കും. ഒളിംപിക്‌സ് അവസാനിക്കുന്നത് വരെ നഗരങ്ങളില്‍ പട്രോളിംഗ് നടത്തുന്നതിനായി 80,000ത്തിലധികം, പോലീസ് ഉദ്യോഗസ്ഥരെയും സൈന്യത്തേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇരുന്നൂറോളം രാജ്യങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് പേരെത്തുന്ന റിയോ ഒളിംപിക്‌സില്‍ നുഴഞ്ഞുകയറ്റക്കാര്‍ ഉള്‍പ്പെടാനുള്ള സാധ്യത ബ്രസീല്‍ അധികൃതര്‍ തള്ളിക്കളയുന്നില്ല. ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ ആക്രമണത്തിന് ലക്ഷ്യം വയ്ക്കുന്ന സുപ്രധാന രാജ്യങ്ങളില്‍ ബ്രസീല്‍ ഉള്‍പ്പെടുന്നില്ല എന്നതാണ് മറ്റൊരു ആശ്വാസം. എന്നാല്‍ 2014 നവംബറില്‍ പാരീസിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പോര്‍ച്ചുഗീസ് ഭാഷയില്‍ പ്രത്യക്ഷപ്പെട്ട ചില ജിഹാദി മസേജുകളില്‍ ബ്രസീലാണ് അടുത്ത ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനൊപ്പം റിയോയ്ക്ക് പ്രതിരോധം തീര്‍ക്കേണ്ടി വരുന്ന മറ്റൊരു ഭീഷണി സൈബര്‍ ആക്രമണങ്ങളാണ്.

55 രാജ്യങ്ങളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെയും ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രത്യേക ഭീകരവിരുദ്ധ സക്വാഡും റിയോയ്ക്ക് സുരക്ഷയൊരുക്കാന്‍ ആഗസ്‌തോടെ ബ്രസീലിലെത്തും. ഒളിംപിക്‌സിനെത്തുന്നവരെ ബ്രസീല്‍ സ്വീകരിക്കുന്നത് സ്വര്‍ഗ്ഗത്തിലേക്ക് സ്വാഗതം എന്ന ആപ്തവാക്യത്തോടെയാണ്.