റിയോ ഡി ജനീറോ: ലോകകപ്പിലെ കനത്ത പരാജയങ്ങള്‍ക്ക് ബ്രസീല്‍ പരിശീലകന് ലൂയിസ് ഫിലിപ് സ്കൊളാരിക്ക് കനത്ത വില തന്നെ നല്‍കേണ്ടി വന്നു. ദേശീയ ടീമിന്റെ പരിശീലകന്റെ സ്ഥാനത്ത് നിന്ന് സ്കൊളാരിയെ ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ പുറത്താക്കി.
ഈ ലോകകപ്പോടെ അവസാനിക്കുന്ന കരാര്‍ പുതുക്കാന്‍ ബ്രസീല്‍ അധികൃതര്‍ തയ്യാറല്ല. 2002 ല്‍ ടീമിന് ലോകകപ്പ് സമ്മാനിച്ച, 2012 ല്‍ കോണ്‍ഫെഡറേഷന്‍ കപ്പ് സമ്മാനിച്ച സ്കൊളാരിക്ക് ഇത് അനിവാര്യമായ വിധി?
സെമി ഫൈനലില്‍ ജര്‍മനിയുമായി ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് ബ്രസീല്‍ പരാജയപ്പെട്ടതോടെ സ്കൊളാരിയുടെ വിധി എഴുതപ്പെട്ടതായിരുന്നു. ലൂസേഴ്സ് ഫൈനലില്‍ ഹോളണ്ട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ ബ്രസീലിയന്‍ ഫുട്ബോളിന് മുകളില്‍ അവസാനത്തെ ആണിയും അടിച്ച് കഴിഞ്ഞപ്പോള്‍ സ്കൊളാരി ദുരന്ത നായകനായി.
മാരക്കാനാസോ എന്ന ഉറുഗ്വന്‍ ദുരന്തത്തിന് ശേഷം ലോകകപ്പ് വീണ്ടും ബ്രസീലിലെത്തിയപ്പോള്‍ കാത്തിരുന്നത് അതിലും വലിയ ദുരന്തം. അതിനെ സ്കൊളാരി ദുരന്തമെന്നോ, നെയ്മര്‍ ദുരന്തമെന്നോ ഇനി വിളിച്ചേക്കാം. എന്തായാലും ഹോളണ്ടിനെതിരെ ബ്രസീല്‍ തകര്‍ന്നടിഞ്ഞപ്പോള്‍ സ്കൊളാരി പറഞ്ഞു- തന്റെ ഭാവി ഇനി ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിക്കും.
സ്കൊളാരിയുടെ പിടിവാശിയും തര്‍ക്കവാദങ്ങളും കടുത്ത തീരുമാനങ്ങളും നേരത്തേ തന്നെ പ്രസിദ്ധമാണ്. തന്റെ പിടിവാശിയുടെ ജയത്തിനായി ഇത്തവണ റൊണാള്‍ഡീഞ്ഞോ, കക്ക, ഫാബിയാനോ തുടങ്ങിയ മുന്‍ നിര താരങ്ങളെയാണ് അദ്ദേഹം ടീമിന്റെ പടിക്ക് പുറത്തിരുത്തിയത്. അതിന്റെ ഫലം കാണുകയും ചെയ്തു. നെയമറില്ലാതെ ബ്രസീല്‍ കളിക്കില്ല എന്ന സ്ഥിതിയിലേക്ക് ടീമിനെ അദ്ദേഹം എത്തിച്ചു.