ലണ്ടന്‍: കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജെഫെര്സന് ലെര്‍മയെ ക്ലബ്ബ് റെക്കോഡ് തുകയ്ക്ക് റാഞ്ചി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ബേണ്‍മൗത്ത്. സ്പാനിഷ് ക്ലബ്ബായ ലെവന്റയില് നിന്നാണ് 23 കാരനായ താരത്തെ ബേണ്‍മൗത്ത് തങ്ങളുടെ കൂടാരത്തിലെത്തിച്ചത്.
ബേണ്‍മൗത്തിന്റെ എക്കാലത്തെയും റെക്കോഡ് ട്രാന്‍സ്ഫറായ 25 മില്യണ്‍ യൂറോയ്ക്കാണ് ലെര്‍മയെ ലെവന്റയില് നിന്ന് റാഞ്ചിയത്. താരവുമായി ബേണ്‍മൗത്ത് അഞ്ച് വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചു.
കഴിഞ്ഞ സീസണില്‍ ചെല്‍സിയില്‍ നിന്ന് 20 മില്യണ്‍ യൂറോയ്ക്ക് ഡച്ച് ഡിഫന്‍ഡര്‍ നതാന്‍ അക്കെയെ സ്വന്തമാക്കിയതായിരുന്നു ഇതിനു മുമ്പ് ബേണ്‍മൗത്തിന്റെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍. അതാണ് ലെര്‍മ മറികടന്നത്. റഷ്യന്‍ ലോകകപ്പില്‍ കൊളംബിയക്കു വേണ്ടി എല്ലാ മല്‍സരങ്ങളിലും ലെര്‍മ കളത്തിലിറങ്ങിയിരുന്നു.