കൊച്ചി: മോശം പ്രകടനം നടത്തിയ സീസണ് കഴിഞ്ഞതോടെ ഐഎസ്എല്‍ ടീം കേരള ബ്ലാസ്റ്റേഴ്സ് പുതിയ കളിക്കാരെ ഉള്‍പ്പെടുത്തി ശക്തിപ്പെടുത്തുന്നു. സ്പാനിഷ് മധ്യനിര താരം മരിയോ ആര്‍ക്വെസ് റിയല്‍ കാശ്മീര്‍ ഗോള്‍കീപ്പര്‍ ബിലാല്‍ ഖാന് എന്നിവര്‍ ടീമിലെത്തി. ക്ലബ്ബിന്റെ പുതിയ സിഇഒ ആയി വിരെന് ഡിസെല്‍വ ചുമതലയേറ്റശേഷം മൂന്ന് കളിക്കാരാണ് ടീമിലെത്തിയത്.
നേരത്തെ മലയാളികൂടിയായ കെ എല്‍ രാഹുലിനെ ഇന്ത്യന്‍ ആരോസില്നിന്നും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റു രണ്ട് കളിക്കാര്‍ കൂടി ടീമിലെത്തിയത്. 2018-19 സീസണില്‍ ജെംഷേദ്പൂര്‍ ടീമിനുവേണ്ടി കളിച്ച മരിയോ മികച്ച മധ്യനിര താരങ്ങളിലൊരാണ്. ടീമിന് വലിയ നേട്ടങ്ങളുണ്ടാക്കാനായില്ലെങ്കിലും മരിയോയുടെ പ്രകടനം ശ്രദ്ധക്കപ്പെട്ടു. നേരത്തെ സ്പെയിനിലെ മൂന്നാം ഡിവിഷന് ലീഗിലും പിന്നീട് യുക്രൈന് പ്രീമിയര്‍ ലീഗ് ടീം കര്പറ്റിയിലും മരിയോ കളിച്ചിട്ടുണ്ട്.
ജയിക്കാനായി മാന്യത കൈവിട്ട് അശ്വിന്; ബട്ലറെ പുറത്താക്കാന്‍ മങ്കാത്; രൂക്ഷ വിമര്‍ശനം
ഐഎസ്എല്‍ ടീം എഫ്സി പൂണെ സിറ്റിയുടെ മുന്‍ താരമാണ് ബിലാല്‍ ഖാന്. എന്നാല്‍, ടീമിനായി ഒരു മത്സരത്തില്‍പോലും കളിക്കാനായില്ല. പിന്നീട്, ഐ ലീഗ് ടീം റിയല്‍ കാശ്മീരിന് ലോണില്‍ നല്‍കിയതോടെയാണ് താരത്തിന്റെ ഭാഗ്യമുതിക്കുന്നത്. 9 മത്സരങ്ങളില്‍ ഒരു ഗോള്‍പോലും വഴങ്ങാതെ വലകാത്ത ബിലാലിനെ തേടി ഐ ലീഗിലെ മികച്ച കളിക്കാരനെന്ന ബഹുമതിയുമെത്തി. ചര്‍ച്ചില്‍ ബ്രദേഴ്സ്, മുഹമ്മദെന് സ്പോര്‍ട്ടിങ്, ഹിന്ദുസ്ഥാന്‍ എഫ്സി തുടങ്ങിയ ക്ലബ്ബുകള്‍ക്കായി താരം നേരത്തെ കളിച്ചിട്ടുണ്ട്. മുന്‍ അണ്ടര്‍ 17 ദേശീയതാരം ധീരജ് സിങ് ആണ് നിലവില്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍കീപ്പര്‍.