ബെംഗളൂരു: ഐഎസ്എല്‍ ടോപ്പ് ഫോറിലെ ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡഡിനെതിരേ ബെംഗളൂരു എഫ്‌സിക്കു ജയം. നിലവിലെ റണ്ണറപ്പ് കൂടിയായ ബെംഗളൂരു ഹോംഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു നോര്‍ത്ത് ഈസ്റ്റിനെ മറികടക്കുകയായിരുന്നു. മിസ്ലാവ് കൊമോര്‍സ്‌കിയുടെ സെല്‍ഫ് ഗോളും ചെങ്കോ ഗില്‍ഷന്റെ ഗോളുമാണ് ബെംഗളൂരിവിന് ജയം സമ്മാനിച്ചത്. ഫെഡറിക്കോ ഗല്ലെഗോയാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ മടക്കിയത്.

ഈ വിജയത്തോടെ മുംബൈ സിറ്റിയെ പിന്തള്ളി ബെംഗളൂരു ലീഗിലെ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു. ബെംഗളൂരുവിന് 30ഉം മുംബൈക്കു 27ഉം പോയിന്റാണുള്ളത്. മല്‍സരഫലം സൂചിപ്പിക്കുന്നതു പോലെ ബെംഗളൂരുവായിരുന്നില്ല കളിയിലെ മികച്ച ടീം. നോര്‍ത്ത് ഈസ്റ്റാണ് ജയമര്‍ഹിച്ചിരുന്നത്. എന്നാല്‍ ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ കണ്ണഞ്ചിപ്പിക്കുന്ന സേവുകള്‍ അവര്‍ക്കു ജയം നിഷേധിക്കുകയായിരുന്നു. 10 സേവുകളാണ് മല്‍സരത്തില്‍ സന്ധു നടത്തിയത്.
14ാം മിനിറ്റിലാണ് കൊമോര്‍സ്‌കിയുടെ സെല്‍ഫ് ഗോള്‍ ബെംഗളൂരുവിനെ മുന്നിലെത്തിക്കുന്നത്. ഫ്രീകിക്കിനൊടുവില്‍ ഉദാന്ത സിങിന്റെ അപകടകരമായ ക്രോസ് ബോക്‌സിനുള്ളില്‍ വച്ച് കൊമൊര്‍സ്‌കിയുടെ ശരീരത്തില്‍ തട്ടി സ്വന്തം വലയില്‍ കയറുകയായിരുന്നു. പിന്നീട് നോര്‍ത്ത് ഈസ്റ്റിന്റെ തുടരെയുള്ള ആക്രമണങ്ങളാണ് കണ്ടത്. എന്നാല്‍ ഇവയെല്ലാം സന്ധുവിന് മുന്നില്‍ വിഫലമായി. 60ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് അര്‍ഹിച്ച സമനില പിടിച്ചുവാങ്ങി. ട്രിയാഡിസിന്റെ ലോങ് ബോളില്‍ നിന്നാണ് ഗല്ലെഗോ വലകുലുക്കിയത്.
തുടര്‍ന്നും നോര്‍ത്ത് ഈസ്റ്റ് മുന്നറ്റങ്ങള്‍ നടത്തിക്കൊണ്ടിരിക്കെയാണ് 70ാം മിനിറ്റില്‍ ഗില്‍ഷനിലൂടെ ബെംഗളൂരു വിജയഗോള്‍ നേടിയത്. രാഹുല്‍ ബെക്കെയുടെ ലോങ് ത്രോ യുവാനന്‍ ഫ്‌ളിക്ക് ചെയ്ത് മറിച്ചു നല്‍കിയപ്പോള്‍ പന്ത് വലയിലേക്കു തട്ടിയിടേണ്ട ചുമതല മാത്രമേ ഗില്‍ഷനുണ്ടായിരുന്നുള്ളൂ.