
ബെംഗളൂരു: ഐഎസ്എല്ലിലെ പോയിന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ബെംഗളൂരു എഫ്‌സിക്കു ജയം. ഹോം ഗ്രൗണ്ടില്‍ മുന്‍ റണ്ണറപ്പായ എഫ്‌സി ഗോവയെയാണ് നിലവിലെ റണ്ണറപ്പായ ബെംഗളൂരു കെട്ടുകെട്ടിച്ചത്. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കായിരുന്നു ബെംഗളൂരുവിന്റെ വിജയം. രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളുകളും. യുവാനന്‍ (50ാം മിനിറ്റ്), ഉദാന്ത സിങ് (58), മിക്കു (69) എന്നിവരാണ് ബെംഗളൂരുവിന്റെ സ്‌കോറര്‍മാര്‍. ഈ വിജയത്തോടെ ഗോവയെ പിന്തള്ളി ബെംഗളൂരു ലീഗില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു. ബെംഗളൂരുവിന് 34ഉം ഗോവയ്ക്കു 31ഉം പോയിന്റാണുള്ളത്. ഇരുടീമുകള്‍ക്കും ഓരോ മല്‍സരം കൂടിയാണ് ഇനി ശേഷിക്കുന്നത്.
ബെംഗളൂരുവിനെതിരേ ഗോവയ്ക്കായിരുന്നു നേരിയ മുന്‍തൂക്കം. ബോള്‍ പൊേെസഷനിലും പാസിങിലുമെല്ലാം അവര്‍ ബെംഗളൂരുവിനെ പിന്നിലാക്കി. പക്ഷെ ഇവ ഗോളാക്കാന്‍ ഗോവയ്ക്കായില്ല. 43ാം മിനിറ്റില്‍ നിഷു കുമാര്‍ രണ്ടാം മഞ്ഞക്കാര്‍ഡും കണ്ടു പുറത്തുപോയതിനെ തുടര്‍ന്ന് ബെംഗളൂരു പത്ത് പേരായി ചുരുങ്ങിയിട്ടും ഇത് മുതലാക്കാനാവാതെയാണ് ഗോവ ദയനീയ തോല്‍വിയിലേക്കു വീണത്.
ആദ്യപകുതിയേക്കാള്‍ ആവേശകരമായിരുന്നു രണ്ടാംപകുതി. 50ാം മിനിറ്റിലാണ് ഗോവയെ ഞെട്ടിച്ചുകൊണ്ട് ബെംഗളൂരു മുന്നിലെത്തുന്നത്. സിസ്‌കോയുടെ ക്രോസ് മിക്കു മറിച്ചു നല്‍കിയപ്പോള്‍ യുവാനന്‍ തകര്‍പ്പനൊരു ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു. എട്ടു മിനിറ്റിനുള്ളില്‍ ഗോവയെ സ്തബ്ധരാക്കി ബെംഗളൂരു രണ്ടാം ഗോളും നേടി. മിക്കു തന്നെയായിരുന്നു ഈ ഗോളിനും ചരടു വലിച്ചത്. മിക്കു നല്‍കിയ പാസില്‍ ഡിമാസ് ഡെല്‍ഗാഡോ ലോബ് ചെയ്തു നല്‍കിയ പന്ത് ഓടിക്കയറിയ ഉദാന്ത മിന്നുന്ന ഷോട്ടിലൂടെ വലയ്ക്കുള്ളിലേക്കു പായിച്ചപ്പോള്‍ ഗോളി നിസ്സഹായനായിരുന്നു.
69ാം മിനിറ്റില്‍ ബെംഗളൂരുവിന്റെ വിജയമുറപ്പാക്കിക്കൊണ്ട് മിക്കു ഗോള്‍പട്ടിക തികച്ചു. 30 വാര അകലെ നിന്നുള്ള മിക്കുവിന്റെ വെടിയുണ്ട ഗോളിയെ നിഷ്പ്രഭനാക്കിയാണ് വലയില്‍ തുളഞ്ഞു കരിയറിയത്. ഇതിനിടെ ഗോവയ്ക്ക് ഗോള്‍ മടക്കാന്‍ ഒരവസരം ലഭിച്ചെങ്കിലും ക്രോസ് ബാര്‍ വില്ലനാവുകയായിരുന്നു.