ബെംഗളൂരു: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ സെമി ഫൈനല്‍ സാധ്യത വര്‍ധിപ്പിച്ച് ബെംഗളൂരു എഫ്സിക്കു ജയം. ഹോം മാച്ചില്‍ ജംഷഡ്പൂര്‍ എഫ്സിയെ ബെംഗളുരു എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്തുവിടുകയായിരുന്നു. പോയിന്റ് പട്ടികയില്‍ നാലാമതുള്ള ജംഷഡ്പൂരിന് ഈ കളിയില്‍ ജയിച്ചിരുന്നെങ്കില്‍ സെമിക്കു തൊട്ടരികില്‍ എത്തായിരുന്നു. എന്നാല്‍ സ്റ്റീവ് കോപ്പലിന്റെ കുട്ടികള്‍ ബെംഗളൂരുവിനോട് തോറ്റതോടെ ഒരു റൗണ്ട് മാത്രം ബാക്കിനില്‍ക്കെ ടൂര്‍ണമെന്റ് സൂപ്പര്‍ ക്ലൈമാക്സിലേക്ക് നീങ്ങുകയാണ്.
പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ബെംഗളൂരു മാത്രമാണ് നിലവില്‍ സെമിയിലേക്കു ടിക്കറ്റെടുത്ത ഏക ടീം. രണ്ടു മുതല്‍ ആറു വരെ സ്ഥാനക്കാര്‍ക്ക് ഇപ്പോഴും സെമി ഫൈനല്‍ സാധ്യതയുണ്ട്. 26 പോയിന്റോടെ ജംഷഡ്പൂര്‍ നാലാംസ്ഥാനത്തു തുടരുമ്പോള്‍ ഒരു പോയിന്റ് മാത്രം പിറകിലായി മഞ്ഞപ്പട തൊട്ടുതാഴെയുണ്ട്. ഇരുടീമിനും ഒരു മല്‍സരം മാത്രമാണ് സീസണില്‍ ഇനി ശേഷിക്കുന്നത്.
ജംഷഡ്പൂരിനെതിരേ ഒന്നാംപകുതിയിലായിരുന്നു ബെംഗളൂരുവിന്റെ രണ്ടു ഗോളുകളും. മിക്കുവും (23ാം മിനിറ്റ്) ക്യാപ്റ്റനും സ്റ്റാര്‍ സ്ട്രൈക്കറുമായ സുനില്‍ ഛേത്രിയുമാണ് ബെംഗളൂരുവിനായി വലകുലുക്കിയത്. സ്കോര്‍ സൂചിപ്പിക്കുന്നതുപോലെ ഏകപക്ഷീയമായിരുന്നില്ല മല്‍സരം. ബെഗംളൂരുവിനെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രകടനമാണ് കളിയുടെ തുടക്കം മുതല്‍ ജംഷഡ്പൂര്‍ കാഴ്ചവച്ചത്. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ ചില തകര്‍പ്പന്‍ സേവുകളാണ് അവരെ ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തിയത്.