ബ്രസല്‍സ്: 2020 യൂറോ കപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ബെല്‍ജിയം. വ്യാഴാഴ്ച്ച ബ്രസല്‍സില്‍സില്‍ നടന്ന യോഗ്യതാ മത്സരത്തില്‍ സാന്‍ മരീനോയെ എതിരില്ലാത്ത ഒന്‍പതു ഗോളുകള്‍ക്ക് ബെല്‍ജിയം പൊളിച്ചടുക്കി. റോമേലു ലുക്കാക്കു ഉള്‍പ്പെടെ ഏഴു ബെല്‍ജിയന്‍ താരങ്ങളാണ് കിങ് ബൊഡിന്‍ സ്റ്റേഡിയത്തില്‍ വലകുലുക്കിയത്. 28 ആം മിനിറ്റില്‍ കരിയറിലെ അന്‍പതാം ഗോള്‍ തികച്ച ലുക്കാക്കുവിലൂടെയാണ് ഗോളാരവത്തിന് തുടക്കം. തുടര്‍ന്നു മറ്റു ബെല്‍ജിയന്‍ താരങ്ങള്‍ സാന്‍ മരീനോയുടെ ഗോള്‍മുഖത്ത് ഉന്നം തെറ്റാതെ നിറയൊഴിച്ചു.

മത്സരത്തില്‍ ഇരട്ട ഗോളുകളുണ്ട് ലുക്കാക്കുവിന്. 41 ആം മിനിറ്റില്‍ താരം രണ്ടാം ഗോള്‍ കണ്ടെത്തി. നേസര്‍ ചാഡ്‌ലി, ടോബി ആല്‍ഡര്‍വെയ്‌റള്‍ഡ്, യൂറി ടെയ്ല്‍മാന്‍സ്, ക്രിസ്റ്റിയന്‍ ബെന്‍ടെക്കെ, യാരി വെര്‍ഷെയ്‌റന്‍, ടിമോത്തി കാസ്റ്റാന്യ എന്നിവരാണ് ബെല്‍ജിയത്തിനായി ഗോളടിച്ച മറ്റു താരങ്ങള്‍. ഒന്‍പതു ഗോളുകളില്‍ രണ്ടെണ്ണം സാന്‍ മരീനോ താരങ്ങളുടെ സംഭാവനയായിരുന്നു. എന്തായാലും ജയത്തോടെ ഗ്രൂപ്പ് ഐയില്‍ 21 പോയിന്റുകള്‍ ബെല്‍ജിയം കരസ്ഥമാക്കി; ഒപ്പം യൂറോ കപ്പിലേക്ക് ആദ്യ ടിക്കറ്റും മുറിച്ചു. അടുത്തവര്‍ഷം ജൂണിലാണ് യൂറോ കപ്പ് ആരംഭിക്കുക.

തോല്‍വിയറിയാതെയാണ് യോഗ്യതാ റൗണ്ടില്‍ ബെല്‍ജിയത്തിന്റെ പ്രകടനം. കളിച്ച ഏഴു മത്സരങ്ങളും ടീം ജയിച്ചു. ഏഴില്‍ ആറു ജയവുമായി റഷ്യയാണ് ബെല്‍ജിയത്തിന് പിന്നില്‍ രണ്ടാമത്. യോഗ്യതാ റൗണ്ടില്‍ ഇനിയും മൂന്നു മത്സരങ്ങള്‍ ബാക്കിയുണ്ട്. നേരത്തെ സ്‌കോട്ട്‌ലാന്‍ഡിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്ത പിന്‍ബലത്തിലാണ് സൈപ്രസിനെ മറികടന്ന് റഷ്യ രണ്ടമതെത്തിയത്. നിലവില്‍ റഷ്യയും സൈപ്രസും തമ്മില്‍ എട്ടു പോയിന്റുകളുടെ അകലമുണ്ട്. ഞായറാഴ്ച്ച സൈപ്രസുമായി സമനിലയെങ്കിലും പിടിച്ചാല്‍ റഷ്യ യൂറോ കപ്പിന് യോഗ്യത നേടും.