ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനോടേറ്റ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ടീമില്‍ വമ്പന്‍ അഴിച്ചുപണിയുമായി ബാഴ്‌സലോണ. പരിശീലകസ്ഥാനത്ത് സെറ്റിയനെ മാറ്റി മുന്‍ താരവും പരിചയസമ്പന്നനായ പരിശീലകനുമായ റൊണാള്‍ഡ് കോമാനെ ബാഴ്‌സ നിയമിക്കാനൊരുങ്ങുന്നു. ഡെയ്‌ലി മെയ്‌ലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഹോളണ്ട് ദേശീയ ടീം പരിശീലകസ്ഥാനമൊഴിഞ്ഞാണ് കോമാനെ ബാഴ്‌സലോണ തട്ടകത്തിലെത്തിക്കുന്നതെന്നാണ് വിവരം. എന്നാല്‍ കരാര്‍ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഈ സീസണില്‍ എല്ലാത്തരത്തിലും പരാജയമായിരുന്ന ബാഴ്‌സലോണക്ക് പുതുജീവന്‍ നല്‍കി ഉയര്‍ത്തിക്കൊണ്ടുവരികയെന്ന ഭാരിച്ച ഉത്തരവാദിത്തമാവും കോമാന്‍ വഹിക്കേണ്ടിവരിക.

57കാരനായ കോമാന്‍ ഹോളണ്ടിന്റെ സഹപരിശീലകനായാണ് പരിശീലക കരിയര്‍ ആരംഭിച്ചത്. 1998-2000 കാലഘട്ടങ്ങളില്‍ ബാഴ്‌സലോണയുടെ സഹ പരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചു. അയാക്‌സ്, ബെന്‍ഫിക്ക, പിഎസ്‌വി, വലന്‍സിയ, സതാംപ്റ്റണ്‍, എവര്‍ട്ടന്‍ ടീമുകളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. 2018 മുതല്‍ അദ്ദേഹം ഹോളണ്ട് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. മിഡ്ഫീല്‍ഡറായിരുന്നു കോമാന്‍ 1989 മുതല്‍ 1995വരെയാണ് ബാഴ്‌സലോണയ്ക്കുവേണ്ടി കളിച്ചത്. ക്ലബ്ബിനൊപ്പം 192 മത്സരത്തില്‍ നിന്ന് 67 ഗോളും നേടി.
535 മത്സരങ്ങളില്‍ കളിച്ച് പരിചയസമ്പത്തുള്ള താരമായിരുന്ന കോമാന്‍ 193 ഗോളും കരിയറില്‍ നേടിയിട്ടുണ്ട്. പരിശീലകനെന്ന നിലയില്‍ പ്രധാനമായും രണ്ട് നേട്ടമാണ് കോമാന്റെ എടുത്തുപറയാനുള്ളത്. 2007-2008 സീസണിലെ കോപ്പാ ഡെല്‍ റേയില്‍ വലന്‍സിയയെ ചാമ്പ്യന്മാരാക്കാന്‍ കോമാന് സാധിച്ചിരുന്നു. 2019ലെ യുവേഫ നാഷന്‍സ് ലീഗില്‍ ഹോളണ്ടിനെ റണ്ണറപ്പാക്കാനും അദ്ദേഹത്തിന് സാധിച്ചു. പരിചയസമ്പത്തേറെയുള്ള കോമാന് ബാഴ്‌സലോണയിലെ സാഹചര്യങ്ങള്‍ ഏറെ സുപരിചിതമാണ്.
കോമാന്‍ പരിശീലക സ്ഥാനത്ത് എത്തിയാല്‍ അത് മെസ്സിയെ എങ്ങനെ ബാധിക്കുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.സെറ്റിയന് കീഴില്‍ താന്‍ അസംതൃപ്തനാണെന്ന് പറയാതെ പലതവണ പറഞ്ഞ മെസ്സി ടീമിന്റെ ഓരോ തോല്‍വിക്ക് ശേഷവും അക്കമിട്ട് പിഴവുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തവണ ലാ ലിഗ കിരീടം ചിരവൈരികളായ റയല്‍ ഉയര്‍ത്തിയതിന് പിന്നാലെ ചാമ്പ്യന്‍സ് ലീഗായിരുന്നു ബാഴ്‌സയുടെ പ്രതീക്ഷ. എന്നാല്‍ അവിടെ കാത്തിരുന്നത് ഒരിക്കലും മറക്കാനാവാത്ത തോല്‍വിയും.
തളര്‍ന്നിരിക്കുന്ന ടീമിനെ പഴയ പ്രതാപത്തിലേക്കെത്തിക്കാന്‍ സൂപ്പര്‍ താരങ്ങള്‍ തന്നെ വരേണ്ടതുണ്ട്. നെയ്മറെ ടീമിലെത്തിക്കാന്‍ കോമാന് താല്‍പര്യമുണ്ടെന്ന തരത്തില്‍ ചില സ്പാനിഷ് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അങ്ങനെ സംഭവിച്ചാല്‍ മെസ്സി-സുവാരസ്-നെയ്മര്‍ കൂട്ടുകെട്ടില്‍ ബാഴ്‌സലോണ വീണ്ടും നേട്ടങ്ങളിലേക്ക് ഉയരുന്നത് ആരാധകര്‍ക്ക് കാണാം. പ്രതിരോധത്തിലെ പിഴവുകള്‍ അടക്കുക ബാഴ്‌സലോണയെ സംബന്ധിച്ച് ഏറ്റവും ആവശ്യമായ കാര്യമാണ്. മെസ്സിയുടെ കരാര്‍ പുതുക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളും വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് വിവരം.