Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അത്‌ലറ്റികോ മാഡ്രിഡ് പരിശീലകന്‍ ഡീഗോ സിമിയോണിക്ക് കോവിഡ്

മാഡ്രിഡ്: സ്പാനിഷ് ലീഗിന്റെ പുതിയ സീസണ്‍ ആരംഭിച്ചതിന് പിന്നാലെ ആശങ്കയുണ്ടാക്കി കോവിഡ് സ്ഥിരീകരണം. ഇത്തവണ അത്‌ലറ്റികോ മാഡ്രിഡ് പരിശീലകന്‍ ഡീഗോ സിമിയോണിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രീ സീസണ്‍ ക്യാംപില്‍ ഉള്‍പ്പെടെ സജീവമായി പങ്കെടുത്ത സിമിയോണിക്ക് യാതൊരു രോഗലക്ഷണങ്ങളും കാണിച്ചിരുന്നില്ലെന്നും എന്നാല്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നുവെന്നും അത്‌ലറ്റികോ മാഡ്രിഡ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. സിമിയോണിക്ക് രോഗം സ്ഥിരീകരിച്ചതോടെ ടീമിലെ മറ്റ് താരങ്ങള്‍ക്കും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിമിയോണിയെ പ്രത്യേകം ക്വാറന്റെയ്‌നിലേക്ക് മാറ്റും. ഇത്തവണയും കോവിഡ് ഭീഷണി നിലനില്‍ക്കുന്നത് സംഘാടകരെ സംബന്ധിച്ച് വലിയ തലവേദന ആയിട്ടുണ്ട്. അവസാന സീസണിലും കോവിഡിനെത്തുടര്‍ന്ന് ടൂര്‍ണമെന്റ് മുടങ്ങിയിരുന്നു. മാര്‍ച്ചില്‍ നിര്‍ത്തിവെച്ച ടൂര്‍ണമെന്റ് പിന്നീട് ജൂണിലാണ് പുനരാരംഭിച്ചത്.

ആഗസ്റ്റില്‍ യൂറോപ്പാ ലീഗില്‍ അത്‌ലറ്റികോ മാഡ്രിഡ് കളിച്ചിരുന്നതിനാല്‍ ടീമിന് കൂടുതല്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ 27നാണ് അത്‌ലറ്റികോ മാഡ്രിഡിന്റെ ലാലിഗയിലെ ആദ്യ മത്സരം. ഗ്രനേഡയാണ് ആദ്യ എതിരാളികള്‍. കഴിഞ്ഞിടെ പിഎസ്ജിയിലെ ഏഴോളം താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നെയ്മര്‍, എംബാപ്പെ, ഇക്കാര്‍ഡി, ഏഞ്ചല്‍ ഡി മരിയ, കെയ്‌ലര്‍ നവാസ് എന്നിവരെല്ലാം ഇതില്‍ ഉള്‍പ്പെടും. നിലവില്‍ നെയ്മര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. താരം പരിശീലനവും പുനരാരംഭിച്ചു. എന്നാല്‍ മറ്റ് താരങ്ങളെല്ലാം നിരീക്ഷണത്തില്‍ തുടരുകയാണ്. അവസാന സീസണില്‍ ആഴ്‌സണല്‍ പരിശീലകന്‍ മിക്കല്‍ ആര്‍ട്ടിറ്റോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

diego-simeone

യുവന്റസിലെ പൗലോ ഡിബാല ഉള്‍പ്പെടെ അഞ്ചോളം താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചെങ്കിലും പിന്നീട് ഭേദമായി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ പോഗ്ബയ്ക്കും പ്രീ സീസണിന് മുന്നോടിയായുള്ള പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. നിലവില്‍ സ്‌പെയിനില്‍ കോവിഡ് വ്യാപനത്തിന് കുറവില്ല. താരങ്ങളെയെല്ലാം ബയോ ബബിള്‍ സുരക്ഷയില്‍ പാര്‍പ്പിച്ചാണ് ടൂര്‍ണമെന്റ് നടത്തുന്നത്. കൂടാതെ ഹോം ഗ്രൗണ്ട്, എവേ മത്സരങ്ങള്‍ എന്ന പതിവ് ശൈലി മാറ്റി ചുരുങ്ങിയ സ്‌റ്റേഡിയത്തിനുള്ളില്‍ മത്സരം നടത്തുകയാണിപ്പോള്‍. യാത്ര ചെയ്യുമ്പോള്‍ രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഇത്തരമൊരു നടപടി. ലാ ലിഗയുടെ പുതിയ സീസണിന് 12നാണ് തുടക്കമായത്. സൂപ്പര്‍ ടീമുകളെല്ലാം അടുത്ത ആഴ്ചയാണ് കളത്തിലിറങ്ങുന്നത്. സിനദിന്‍ സിദാന്‍ പരിശീലകനായുള്ള റയല്‍ മാഡ്രിഡാണ് നിലവിലെ ചാമ്പ്യന്മാര്‍. വിവാദങ്ങള്‍ക്കൊടുവില്‍ ബാഴ്‌സലോണയും അടുത്ത വാരം കളത്തിലിറങ്ങും.

Story first published: Sunday, September 13, 2020, 15:57 [IST]
Other articles published on Sep 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+