കൊച്ചി: ലയണല്‍ മെസിയും ലോകകപ്പ് നേടിയ അര്‍ജന്റീന ടീമിന്റേയും കേരളത്തിലെ സൗഹൃദ മത്സരം അടുത്ത വിന്‍ഡോയില്‍. ഫിഫ അനുമതി ലഭിക്കുന്നതിലെ കാലതാമസം പരിഗണിച്ചാണ് തീരുമാനം. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് അധികൃതര്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയയുമായി ബ്യൂണസ് അയേഴ്‌സില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം.
അടുത്ത വിന്‍ഡോയില്‍ കേരളത്തിലെത്തുമെന്ന് എഎഫ്എ അറിയിച്ചു. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കമ്പനി ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍, വൈസ് ചെയര്‍മാന്‍ ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരാണ് അര്‍ജന്റീനയില്‍ ചര്‍ച്ച നടത്തിയത്.
നവംബറിലെ മത്സരം മാറ്റി വെക്കണം എന്നതാണ് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചതെന്നും ഫിഫയുടെ അനുമതി കിട്ടിയാല്‍ അടുത്ത വിന്‍ഡോയില്‍ തന്നെ കളി നടത്തുമെന്നും അതിന് വേണ്ടി നടപടി ക്രമങ്ങള്‍ തുടരുമെന്നും റിപ്പോര്‍ട്ടര്‍ എംഡി ആന്റോ അഗസ്റ്റിന്‍ അറിയിച്ചു.

തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഫിഫ അനുമതി കിട്ടിയാല്‍ മത്സരം കൊച്ചിയില്‍ തന്നെ നടക്കുമെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. മത്സരം നടക്കുമോ എന്നതില്‍ ആശങ്കയേയില്ല. നവംബറില്‍ മത്സരം ഉണ്ടാവില്ലെന്നേയുള്ളൂ.അര്‍ജന്റീന ടീം ഇവിടെ മത്സരത്തിനെത്തുക എന്നതാണ് വേണ്ടത്.
മെസിയെ മാത്രം കൊണ്ടുവരാനാണെങ്കില്‍ ഈ ബുദ്ധിമുട്ടുകളില്ല. സാമ്പത്തിക ചെലവും ടീമിനെകൊണ്ടുവരുന്നതിനേക്കാള്‍ കുറവാണ്. ലോകകപ്പ് നേടിയ ടീമിനെ തന്നെ കൊണ്ടുവന്ന് മത്സരം നടത്തുകയാണ് ലക്ഷ്യം. അതുകൊണ്ടാണ് അടുത്ത വിന്‍ഡോയിലേക്ക് മാറ്റുന്നതെന്നും ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കി..
കൊച്ചിയിലെ സ്റ്റേഡിയത്തിന് ഉടന്‍ തന്നെ ഫിഫ അനുമതി ലഭിക്കും.സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ അതിവേഗം പുരോഗമിക്കുന്നു. അപ്രൂവലിന് വേണ്ടിയുള്ള എല്ലാ രേഖകളും സമര്‍പ്പിച്ചുകഴിഞ്ഞു.കലൂര്‍ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിക്കഴിഞ്ഞാല്‍ കൂടുതല്‍ ഫിഫ മത്സരങ്ങള്‍ നടത്തും
സ്റ്റേഡിയത്തിന്റെ സീറ്റിങ് കപ്പാസിറ്റി ഉള്‍പ്പെടെ വര്‍ധിപ്പിക്കും.ഫിഫ റാങ്കിനുള്ള എല്ലാ രേഖകളും സമര്‍പ്പിച്ചു കഴിഞ്ഞു. നവംബറില്‍ അംഗോളയുമായാണ് അര്‍ജന്റീനയുടെ മറ്റൊരു മത്സരം നടക്കുന്നത്, അവിടെ നിന്നും കേരളത്തിലേക്കുള്ള നീണ്ട യാത്രയുടെ പ്രശ്‌നങ്ങളും സ്റ്റേഡിയത്തിന്റെ ഫിഫയുടെ അപ്രൂവല്‍ കാലതാമസവുമാണ് മത്സരം അടുത്ത വിന്‍ഡോയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
നവംബറില്‍ തന്നെ കളി നടത്താന്‍ സര്‍ക്കാരും സ്‌പോണ്‍സറും പരാമവധി ശ്രമിച്ചെന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്‍ മലപ്പുറത്ത് പറഞ്ഞു.മാച്ച് ഫീ തിരിച്ച് വാങ്ങാം എന്നല്ല സ്‌പോണ്‍സര്‍ പറയുന്നത്.കേരളം ആഗ്രഹിച്ച പോലെ കളി നടത്താനാണ് ശ്രമം.
ഈ വര്‍ഷം തന്നെ കളി നടത്താനാണ് ശ്രമിക്കുന്നത്. സ്റ്റേഡിയത്തിന് അപ്രൂവല്‍ ആയാല്‍ കാര്യങ്ങള്‍ നടത്തും. വാതിലുകള്‍ അടഞ്ഞിട്ടില്ല. മെസിയെ മാത്രം കൊണ്ടുവരാന്‍ സാധിക്കും. അതുകൊണ്ട് കേരളത്തിലെ കായിക മേളയ്ക്ക് ഗുണമുണ്ടാകില്ല. അര്‍ജന്റീന ടീമിനെ മുഴുവന്‍ കൊണ്ടുവന്ന് കളി നടത്താന് തന്നെയാണ് ശ്രമമെന്നും അതിന് എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.

അര്‍ജന്റീനയ്ക്ക് സൗഹൃദമത്സരം നഷ്ടപ്പെടാതിരിക്കാനാണ് നവംബര്‍ വിന്‍ഡോയിലെ മത്സരം അടുത്ത വിന്‍ഡോയിലേക്ക് മാറ്റുന്നതെന്നും തീരുമാനത്തെ നെഗറ്റീവായി കാണേണ്ടതില്ലെന്നും അര്‍ജന്റീന ടീം കേരളത്തിലെത്തില്ലെന്ന് പ്രചരിപ്പിക്കരുതെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരത്തിന് മുന്നൊരുക്കങ്ങള്‍ക്ക് കൂടുതല്‍ സമയം ആവശ്യമാണ്.
ഫിഫ അംഗീകാരത്തിലുള്ള സ്റ്റേഡിയം ഇല്ലെന്നത് യാഥാര്‍ത്ഥ്യമാണ്. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റുസ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവൃത്തികളുമായി മുന്നോട്ട് പോകുമെന്നും റിപ്പോര്‍ട്ടര്‍ മാനേജ്‌മെന്റ് അറിയിച്ചു.
70 കോടി രൂപ ചെലവിട്ടാണ് സ്റ്റേഡിയം നിര്‍മാണം നടത്തുന്നത്. കസേരകള്‍ പകുതിയോളം മാറ്റി സ്ഥാപിച്ചു. രാജ്യാന്തര നിലവാരത്തിലുള്ള ലൈറ്റിങ് സംവിധാനം സ്ഥാപിക്കുന്നു. റൂഫിങ് ശക്തിപ്പെടുത്താനുള്ള നടപടികളും സ്റ്റേഡിയത്തിന് ചുറ്റുമുള്ള നിര്‍മാണവും പുരോഗമിക്കുകയാണ്.
കേരളത്തിന്റെ കായിക ഭൂപടത്തെ തന്നെ മാറ്റിമറിക്കുന്ന തരത്തിലാണ് ഫിഫ സൗഹൃദ മത്സരം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ആദ്യ സ്‌പോണ്‍സര്‍ പിന്മാറിയതോടെയാണ് റിപ്പോര്‍ട്ടര്‍ ടിവി സ്‌പോണ്‍സര്‍മാരായി എത്തിയത്. പിന്നാലെ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി ചര്‍ച്ച നടത്തുകയും കരാറിലെത്തുകയും ചെയ്തു.
2024 ഡിസംബര്‍ 20നാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് കരാറില്‍ ഒപ്പിട്ടത്. ടീം മാനേജര്‍ ഡാനിയേല്‍ കബ്രേര നേരിട്ടെത്തി ഒരുക്കങ്ങള്‍ വിലയിരുത്തുകയും തൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ഫിഫ റാങ്കിങ്ങില്‍ മുന്‍നിരയിലുള്ള ഓസ്‌ട്രേലിയ ടീം മത്സരത്തിന് തയ്യാറാണെന്ന് റിപ്പോര്‍ട്ടര്‍മാനേജ്‌മെന്റിനെ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. കായിക മന്ത്രി വി അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ സ്റ്റേഡിയം നിര്‍മാണവും വിലയിരുത്തിയിരുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ച് ഒരുക്കങ്ങളുമായി മുന്നോട്ട് പോവുകയാണ്.പൂര്‍ണ സജ്ജമായി അടുത്ത വിന്‍ഡോയില്‍ മത്സരം നടത്താനാണ് തീരുമാനം.