മാഡ്രിഡ്: സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ആന്ദ്രെ ഇനിയെസ്റ്റ ജാപ്പനീസ് ക്ലബ്ബുമായി കരാര്‍ ഒപ്പുവെയ്ക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍. മുന്‍നിര ജപ്പാന്‍ ക്ലബ്ബായ വിസെല്‍ കോബെയിലാണ് മുന്‍ ബാഴ്‌സ ക്യാപ്റ്റന്റെ അടുത്ത അങ്കമെന്നാണ് കരുതുന്നത്. ഇതുസംബന്ധിച്ച അന്തിമ പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടാകുമെന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബാഴ്‌സയിലെ തന്റെ അവസാന മത്സരം ഞായറാഴ്ച പൂര്‍ത്തിയാക്കിയ ഇനിയെസ്റ്റ 16 വര്‍ഷം നീണ്ട കരിയറിനാണ് കര്‍ട്ടന്‍ വലിച്ചിട്ടത്. ബുധനാഴ്ച ഇദ്ദേഹം ജപ്പാനിലേക്ക് പറന്നിട്ടുള്ളതിനാല്‍ ഉടന്‍ തന്നെ പുതിയ ക്ലബ്ബുമായുള്ള സഹകരണം വിശദീകരിക്കാന്‍ പത്രസമ്മേളനം വിളിക്കുമെന്നാണ് പ്രതീക്ഷ. ഹിരോഷി മികിതാനിയുടെ ഉടമസ്ഥതയിലുള്ളതാണ് കോബെ. ബാഴ്‌സലോണയുടെ പ്രധാന സ്‌പോണ്‍സര്‍ റാകുടെന്റെ ചീഫ് എക്‌സിക്യൂട്ടീവ് കൂടിയാണ് ഇദ്ദേഹം.

ഒരിക്കല്‍ പോലും ജപ്പാനിലെ ലീഗ് ചാമ്പ്യന്‍ഷിപ്പ് വിജയിക്കാത്ത ക്ലബ്ബ് ഇപ്പോള്‍ ജെ ലീഗില്‍ ഏഴാം സ്ഥാനത്താണ്. ഇനിയെസ്റ്റ ടീമുമായി കരാര്‍ ഒപ്പുവെച്ചാല്‍ ഒപ്പം കളിക്കാന്‍ മറ്റൊരു മൂന്‍ സൂപ്പര്‍താരം കൂടിയുണ്ടാകും. മുന്‍ ജര്‍മ്മന്‍ അന്താരാഷ്ട്ര താരം ലൂകാസ് പൊഡോള്‍സ്‌കി കഴിഞ്ഞ വര്‍ഷമാണ് കോബെയിലെത്തിയത്. ഏപ്രിലിലാണ് ബാഴ്‌സലോണയിലെ കളി മതിയാക്കുകയാണെന്ന് ഇനിയെസ്റ്റ പ്രഖ്യാപിക്കുന്നത്. 12-ാം വയസ്സില്‍ ക്ലബ്ബിന്റെ അക്കാഡമിയിലെത്തിയ താരം കൂടിയാണ് ഇദ്ദേഹം.
ഒന്‍പതാമത്തെ ലാ ലിഗ കിരീടം കൂടി ചൂടിയ ശേഷമാണ് ബാഴ്‌സ സ്റ്റേഡിയത്തില്‍ ഇനിയെസ്റ്റയ്ക്ക് വീരോചിതമായ യാത്രയയപ്പ് നല്‍കിയത്. ക്ലബ്ബുമായി കരാര്‍ ഒപ്പിട്ട ശേഷം സ്‌പെയിനില്‍ തിരിച്ചെത്തുന്ന താരം റഷ്യയില്‍ അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പിനുള്ള തയ്യാറെടുപ്പിനായി ദേശീയ ടീമിനൊപ്പം ചേരും. രണ്ടാം വട്ടം കപ്പുയര്‍ത്താനുള്ള മോഹത്തിലാണ് സ്‌പെയിന്‍.