ദില്ലി: വെസ്റ്റിന്‍ഡീസിന്റെയും ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും കളിക്കാരനായ ആന്‍ഡ്രൂ റസ്സല്‍ ഒരു വര്‍ഷത്തെ വിലക്കിലാണ്. ഉത്തേജകമരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിലക്ക്. അതുകൊണ്ടുതന്നെ ഇത്തവണ ഐപിഎല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ഈ ഓള്‍റൗണ്ടര്‍ക്ക് കഴിഞ്ഞിട്ടില്ല.
എന്നാല്‍, ഒരു വര്‍ഷത്തെ വിലക്ക് വെറുതെ കളയാന്‍ ഉദ്ദേശമില്ല റസ്സലിന്. ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കുന്ന സമയം പരമാവധി പ്രയോജനപ്പെടുത്താന്‍ തന്നെയാണ് താരത്തിന്റെ തീരുമാനം. വിന്‍ഡീസ് സഹതാരം ഡ്വെയിന്‍ ബ്രാവോയുടെ ചുവടുപിടിച്ച് പാട്ടിലും നൃത്തത്തിലും ആല്‍ബത്തിലുമെല്ലാം ഒരുകൈ നോക്കാന്‍ റസ്സല്‍ ഒരുങ്ങുകയാണ്.

തന്റെ ആല്‍ബത്തില്‍ ആടിപ്പാടാന്‍ ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്രയേയോ ദീപിക പദുക്കോണോ എത്തുമെങ്കില്‍ റസ്സല്‍ കൂടുതല്‍ സന്തോഷവാനാകും. ഏപ്രിലില്‍ ഇന്ത്യയില്‍ നടത്തുന്ന സന്ദര്‍ശന വേളയില്‍ ഇക്കാര്യം അവതരിപ്പിച്ച് അവരെ ആല്‍ബത്തില്‍ പങ്കെടുപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ റസ്സലിനുണ്ട്. ലോകപ്രശസ്ത പോപ് താരം ജസ്റ്റിന്‍ ബീബര്‍ പാട്ട് റെക്കോര്‍ഡ് ചെയ്ത അതേ സ്റ്റുഡിയോയില്‍ തന്റെ പാട്ടും റെക്കോര്‍ഡ് ചെയ്‌തെന്നും റസ്സല്‍ അഭിമാനത്തോടെ പറയുന്നു.