മാഡ്രിഡ്: ചരിത്രം സൃഷ്ടിച്ച് അലാവ്സ് സ്പാനിഷ് കോപ ഡെല്‍ റേ ഫൈനലില്‍. ഇരുപാദ സെമിഫൈനലില്‍ സെല്‍റ്റ വിഗോയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് അലാവ്സിന്റെ മുന്നേറ്റം. രണ്ടാം പാദത്തില്‍ എണ്‍പത്തിരണ്ടാം മിനുട്ടില്‍ വിംഗര്‍ എഡ്ഗാര്‍ മെന്‍ഡെസാണ് വിജയഗോള്‍ നേടിയത്. ആദ്യ പാദം ഗോള്‍ രഹിതമായിരുന്നു. 96 വര്‍ഷത്തെ ക്ലബ്ബ് ചരിത്രത്തില്‍ അലാവ്സ് ആദ്യമായിട്ടാണ് കോപ ഡെല്‍ റേ ഫൈനലില്‍ കളിക്കാന്‍ യോഗ്യത സമ്പാദിക്കുന്നത്. മെയില്‍ നടക്കുന്ന ഫൈനലില്‍ എതിരാളി ബാഴ്സലോണയാണ്.
നടപ്പ് സീസണില്‍ ബാഴ്സലോണയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അട്ടിമറിച്ച ടീമാണ് അലാവ്സ്. വരുന്ന ശനിയാഴ്ച ലാ ലിഗയില്‍ ബാഴ്സയാണ് അലാവ്സിന്റെ എതിരാളി. കോപ ഡെല്‍ റേ ഫൈനലിന് മുമ്പ് ലാ ലിഗയില്‍ ഫൈനല്‍ പോരാട്ടം വരുന്നത് ഏറെ ശ്രദ്ധേയമായി.
അലാവ്സ് ഇതിന് മുമ്പ് മേജര്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ കളിച്ചത് 2001 യുവേഫ കപ്പിലാണ്. അന്ന് ലിവര്‍പൂളിനോട് 5-4ന് തോല്‍ക്കുകയായിരുന്നു. കോപ ഡെല്‍ റേ ഫൈനലില്‍ പ്രവേശിച്ചതോടെ കളിക്കാരും വലിയ ആവേശത്തിലാണ്. രാത്രി മുഴുവന്‍ ആഘോഷിച്ചു തീര്‍ത്തു. മെയില്‍ നടക്കുന്ന ഫൈനലിലും ഞങ്ങള്‍ ചരിത്രം സൃഷ്ടിക്കും - അലാവ്സ് ക്യാപ്റ്റന്‍ മനു ഗാര്‍സിയ ആവേശക്കൊട്ടാരത്തിന് മുകളിലാണ്.
സ്കോര്‍
അലാവ്സ് 1-0 സെല്‍റ്റ വിഗോ (ഇരുപാദം)
ആദ്യപാദം 0-0 ; രണ്ടാം പാദം 1-0