കൊളോണി: യുവേഫ യൂറോപ്പാ ലീഗ് ഫൈനലില്‍ കരുത്തരായ ഇന്റര്‍ മിലാനെ തകര്‍ത്ത് സെവിയ്യ കിരീടം നേടിയിരിക്കുകയാണ്. റോമലു ലുക്കാക്കു,മാര്‍ട്ടിനെസ്,ഡീഗോ ഗോഡിന്‍,ക്രിസ്റ്റിയന്‍ എറിക്‌സണ്‍,അലക്‌സീസ് സാഞ്ചസ് തുടങ്ങിയവര്‍ അണിനിരത്തിയിട്ടും 3-2ന് സ്പാനിഷ് കരുത്തിന് മുന്നില്‍ ഇന്റര്‍ അടിയറവ് പറയുകയായിരുന്നു. കലാശപോരാട്ടത്തിലെ തോല്‍വിക്ക് ശേഷം ഇന്റര്‍ പരിശീലകന്‍ അന്റോണിയോ കോന്റെ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
തോല്‍വിയെത്തുടര്‍ന്ന് ഇന്റര്‍ വിടില്ലെന്നും ക്ലബ്ബില്‍ തുടരുമെന്നുമാണ് അന്റോണിയോ കോന്റെ വ്യക്തമാക്കിയിരിക്കുന്നത്. 'തോല്‍വിയില്‍ എനിക്കോ ക്ലബ്ബിനോ ഒരു ദേഷ്യവുമില്ല. എനിക്ക് ഇഷ്ടപ്പെടാത്ത ചില കാര്യങ്ങള്‍ ഈ വര്‍ഷം നേരിടേണ്ടി വന്നു. ഇന്ററിനൊപ്പം ഒരു വര്‍ഷം തുടരാന്‍ അവസരം ലഭിച്ചതുതന്നെ മഹത്വരമായി കരുതുന്നു. എന്നാല്‍ മറ്റൊരു വശത്തില്‍ വളരെ ബുദ്ധിമുട്ടേറിയ ജോലിയായിരുന്നു ഇത്. ഞാന്‍ ക്ലബ്ബ് വിടുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ അത് വേണ്ട,ഞാന്‍ ക്ലബ്ബ് വിടില്ല'-അന്റോണിയോ കോന്റെ പറഞ്ഞു.

മികച്ച രീതിയില്‍ പോകവെ രണ്ടാം പകുതിയില്‍ സംഭവിച്ച പിഴവാണ് മത്സരത്തെ മാറ്റിവെച്ചത്. റോമലുവിന്റെ ദൗര്‍ഭാഗ്യകരമായ സംഭവത്തിന് ശേഷം അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റുന്നതില്‍ ടീം പരാജയപ്പെട്ടുവെന്നും കോന്റെ പറഞ്ഞു. നേരത്തെ മത്സരത്തില്‍ തോറ്റവരെ ആരും ഓര്‍ക്കില്ലെന്നും ജയിച്ചവരെ മാത്രമെ ഓര്‍ത്തിരിക്കൂവെന്ന് മനസിലാക്കണമെന്നും അന്റോണിയോ കോന്റെ ഇന്റര്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്തായാലും ഇന്ററിന് കിരീടം നേടിക്കൊടുത്ത് തന്റെ മികവ് ഒരിക്കല്‍ക്കൂടി തെളിയിക്കാനുള്ള സുവര്‍ണ്ണാവസരമാണ് അന്റോണിയോ കോന്റെയ്ക്ക് നഷ്ടമായത്. ഇന്ററിനെ തകര്‍ത്ത് ആറാം യൂറോപ്പാ ലീഗാണ് സെവിയ്യ സ്വന്തമാക്കിയത്. യൂറോപ്പാ ലീഗ് ചരിത്രത്തില്‍ കൂടുതല്‍ കിരീടമെന്ന റെക്കോഡും സെവിയ്യയുടെ പേരിലാണ്. ഇതുവരെ മൂന്ന് കിരീടമാണ് ഇന്റര്‍ മിലാന്‍ സ്വന്തമാക്കിയത്. ഒമ്പത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇന്റര്‍ യൂറോപ്പാ ലീഗ് ഫൈനലിലെത്തിയതെങ്കിലും അതിനെ കിരീട നേട്ടത്തിലേക്കെത്തിക്കാന്‍ സാധിക്കാതെ പോയി.
ആദ്യ പകുതിയില്‍ 2-2ന് പിരിഞ്ഞ ശേഷം രണ്ടാം പകുതിയില്‍ റോമലു ലുക്കാക്കു സെല്‍ഫ് ഗോള്‍ നേടിയതാണ് മത്സരത്തെ മാറ്റിമറിച്ചത്. ഇന്ററിനൊപ്പം 34 ഗോളുകള്‍ ഇതിനോടകം നേടിയ ലുക്കാക്കു സെമിയിലും ഇരട്ട ഗോളുമായി തിളങ്ങിയിരുന്നു. എന്നാല്‍ കലാശപ്പോരാട്ടത്തില്‍ ലുക്കാക്കുവിന്റെ പിഴവ് ടീമിന്റെ കിരീടം നഷ്ടമാക്കുകയായിരുന്നു.