Euro Cup 2021: തുര്‍ക്കിയെ തരിപ്പണമാക്കി അസൂറിപ്പട, ഇറ്റലിക്കു മൂന്നു ഗോള്‍ ജയം

റോം: യൂറോ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനു ആവേശോജ്വല തുടക്കം. ഉദ്ഘാടന മല്‍സരത്തില്‍ ഗ്രൂപ്പ് എയില്‍ മുന്‍ ചാംപ്യന്‍മാരായ ഇറ്റലി തകര്‍പ്പന്‍ ജയത്തോടെ കുതിപ്പ് തുടങ്ങി. സ്വന്തം മൈതാനത്തു നടന്ന കളിയില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു അസൂറിപ്പട തുര്‍ക്കിയെ കെട്ടുകെട്ടിക്കുകയായിരുന്നു. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ഇറ്റലി അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്. ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങാതെ ഇറ്റലിക്കു കൂട്ടുവിലങ്ങിടാന്‍ തുര്‍ക്കിക്കു സാധിച്ചു. പക്ഷെ രണ്ടാം പകുതിയില്‍ ഇറ്റലിക്കു മുന്നില്‍ തുര്‍ക്കിയുടെ പ്രതിരോധക്കോട്ട തകര്‍ന്നു.

53ാം മിനിറ്റില്‍ തുര്‍ക്കി ഡിഫന്‍ഡര്‍ മെറി ഡെമിറലിന്റെ സെല്‍ഫ് ഗോളിലായിരുന്നു ഇറ്റലി മുന്നിലെത്തിയത്. പിന്നാലെ സിറെ ഇമ്മൊബിലി (66), ലോറെന്‍സോ ഇന്‍സിനി (79) എന്നിരുടെ ഗോളുകളില്‍ ഇറ്റലി വിജയം കൂടുതല്‍ ആധികാരികമാക്കി മാറ്റി. അരമണിക്കൂറോളം നീണ്ട വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങോടെയാണ് യൂറോയ്ക്കു അരങ്ങുണര്‍ന്നത്. കൊവിഡിനെ തുടര്‍ന്നു നിശ്ചിത ശതമാനം കാണികള്‍ക്കു മാത്രമേ സ്‌റ്റേഡിയത്തിലേക്കു പ്രവേശനമുണ്ടായിരുന്നുള്ളൂ.

ഹൈ പ്രെസിങ് ഗെയിമായിരുന്നു ആതിഥേയരായ ഇറ്റലി തുടക്കം മുതല്‍ കാഴ്ചവച്ചത്. അറ്റാക്കിങ് ശൈലിയിലൂടെ അവര്‍ തുര്‍ക്കിയെ നിരന്തരം പ്രതിരോധത്തിലാക്കി. കൂടുതല്‍ സമയവും പന്ത് തുര്‍ക്കിയുടെ ഹാഫിലായിരുന്നു. മൂന്നാം മിനിറ്റില്‍ സിറോ ഇമ്മൊബിലിയാണ് ഇറ്റലിക്കായി ഗോളിലേക്കു ആദ്യ ഷോട്ട് പരീക്ഷിക്കുന്നത്. ഔട്ടായെന്നു കരുതിയ ബോള്‍ വലതു കോര്‍ണര്‍ ഭാഗത്തു നിന്നും സഹതാരം ബോക്‌സിലേക്കു ക്രോസ് ചെയ്തപ്പോള്‍ ഇമ്മൊബിലിയുടെ റണ്ണിങ് ഗ്രൗണ്ട് ഷോട്ട് വലയുടെ പുറത്ത് പതിക്കുകയായിരുന്നു.

18ാം മിനിറ്റിലായിരുന്നു കളിയിലെ ആദ്യത്തെ ഗോളവസരം പിറക്കുന്നത്. ഇറ്റലിക്കായിരുന്നു ഈ അവസരം ലഭിച്ചത്. ഇമ്മൊബിലിക്കൊപ്പം വണ്‍ ടു വണ്‍ പാസ് കളിച്ച് ഇന്‍സൈന്‍ ബോക്‌സിനകത്തേക്കു കയറി. ബോക്‌സിനുള്ളില്‍ ഇടതു പാര്‍ശ്വത്തു നിന്നും ഇന്‍സൈന്‍ കേര്‍ളിങ് ഷോട്ട് ഗോളിലേക്കു തൊടുക്കുകയായിരുന്നു. ഉറപ്പായും ഗോളാവേണ്ടിയിരുന്ന ഷോട്ടായിരുന്നു ഇത്. പക്ഷെ വലതു പോസ്റ്റിന് പുറത്തുകൂടെ പന്ത് പുറത്തേക്കു പറന്നപ്പോള്‍ താരം നിരാശ മറച്ചുവച്ചില്ല.

22ാം മിനിറ്റില്‍ ഇറ്റലിയെ അര്‍ഹിച്ച ലീഡ് നേടുന്നതില്‍ നിന്നും തുര്‍ക്കി ഗോള്‍കീപ്പര്‍ തടഞ്ഞുനിര്‍ത്തി. വലതു മൂലയില്‍ നിന്നും ഇറ്റലിക്കു അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്ക് കിയേലിനിയുടെ തലയ്ക്കു കൃത്യമായിരുന്നു. കിയേലിനി ഈ ബോള്‍ മനോഹരമായി വലയിലേക്കു വഴികാണിച്ചു. ക്രോസ് ബാറിനു തൊട്ടുതാഴെക്കൂടി ബോള്‍ വലയ്ക്കുള്ളിലേക്കു കയറവെയാണ് മിന്നല്‍ വേഗത്തില്‍ തുര്‍ക്കി ഗോള്‍കീപ്പര്‍ വായുവില്‍ പറന്നുയര്‍ന്ന് ഒരു കൈകൊണ്ട് പുറത്തേക്കു തട്ടിയകറ്റിയത്.

32ാം മിനിറ്റില്‍ അസൂറിപ്പട വീണ്ടും തുര്‍ക്കി ഗോള്‍മുഖം വിറപ്പിച്ചു. ഇടതു വിങിലൂടെ പറന്നെത്തിയ ബെറാഡി ബോള്‍ ബോക്‌സിനു കുറുകെ ക്രോസ് നല്‍കി. ഉയര്‍ന്നു ചാടിയ ഇമ്മൊബിലിയുടെ ഹെഡ്ഡര്‍ പക്ഷെം വലതു പോസ്റ്റിന് തൊട്ടിരികിലൂടെ പുറത്തുപോയതോടെ തുര്‍ക്കി വീണ്ടും രക്ഷപ്പെടുന്നു. മൂന്നു മിനിറ്റുകള്‍ക്കു ശേഷം കളിയില്‍ തുര്‍ക്കിയുടെ ആദ്യ ഗോളവസരം കണ്ടു. കൗണ്ടര്‍അറ്റാക്കില്‍ നിന്നായിരുന്നു ഇത്. ഇടതു വിങിലൂടെ പറന്നെത്തിയ ബുറാക്ക് യില്‍മസ് ബോക്‌സിനകത്തേക്കു കയറിയ സഹതാരത്തിനു ഇതു പാസ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഗോളി ഡൊണാറുമ മുന്നിലേക്കു ഡൈവ് ചെയ്ത് ബോള്‍ കുത്തിയകറ്റി അപകടമൊഴിവാക്കി.

ആദ്യപകുതിയുടെ അവസാന മിനിറ്റുകളില്‍ ബോള്‍ തുര്‍ക്കി ഗോള്‍മുഖത്ത് നിരന്തരം വട്ടമിട്ടു പറന്നു. ഇടയ്ക്കു അകത്തേക്കു അവര്‍ കയറിയെങ്കിലും തുര്‍ക്കി താരങ്ങള്‍ കൈയ്‌മെയ് മറന്നു പ്രതിരോധിച്ച് ഇറ്റലിയെ അസ്വസ്ഥരാക്കി. ഇറ്റലിയുടെ ചില ഗോള്‍ ശ്രമങ്ങള്‍ മാത്രമേ ഗോള്‍കീപ്പറിലെത്തിയുള്ളൂ. ബാക്കിയെല്ലാം തുര്‍ക്കി പടുത്തുയര്‍ത്തിയ പ്രതിരോധ മതിലില്‍ തട്ടിത്തെറിച്ചു.

ഒന്നംപകുതിയുടെ ഇഞ്ചുറിടൈമില്‍ ഇറ്റലിക്കു അനുകൂലമായി പെനല്‍റ്റി ലഭിക്കേണ്ടതായിരുന്നു. ഇടതു വിങില്‍ നിന്നും സ്പിനാലോസ ബോക്‌സിലേക്കു നീട്ടി നല്‍കിയ ക്രോസ് തുര്‍ക്കി താരത്തിന്റെ കൈയില്‍ തട്ടി ദിശമാറിയപ്പോള്‍ ഇറ്റലി താരങ്ങള്‍ ഹാന്റ് ബോളിനായി വാദിച്ചു. ഇതോടെ റഫറി വിഎആഫിന്റെ സഹായം തേടിയെങ്കിലും പെനല്‍റ്റി നല്‍കേണ്ടതില്ലെന്ന തീരുമാനത്തില്‍ മാറ്റമുണ്ടായില്ല.

ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാംപകുതിയില്‍ ഇരുടമുകളും കുറേക്കൂടി അറ്റാക്കങ് ഗെയിമാണ് കാഴ്ചവച്ചത്. ഇതോടെ പന്ത് രണ്ടു ഗോള്‍മുഖത്തും കയറിയിറങ്ങി. 53ാം മിനിറ്റില്‍ ഇറ്റലി കാത്തിരുന്ന, അര്‍ഹിച്ച ഗോള്‍ പിറന്നു. അതു പക്ഷെ ഇറ്റലി താരങ്ങളുടെ വകയായിരുന്നില്ല, തുര്‍ക്കി ഡിഫന്‍ഡര്‍ മെറി ഡെമിറെലിന്റെ വകയായിരുന്നു. വലതുവിങിലൂടെ ഓടിക്കയറിയ ബെറാഡി ഷോട്ടിനല്ല, മറിച്ച് ക്രോസിനാണ് ശ്രമിച്ചത്. ബെറാഡിയുടെ അപകടകരമായ ക്രോസ് ഡെമിറെലിന്റെ ദേഹത്തു തട്ടി വലയില്‍ കയറുമ്പോള്‍ ഗോള്‍കീപ്പര്‍ക്കു നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ.

66ാം മിനിറ്റില്‍ വീണ്ടും വലകുലുക്കിയ ഇറ്റലി തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിച്ചു. ഈ ഗോളിനും ചരടുവലിച്ചത് ബെറാഡിയായിരുന്നു. വലതു പാര്‍ശ്വത്തില്‍ നിന്നും ബെറാഡി ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് സ്പിനസോലയുടെ കാലുകളില്‍. താരത്തിന്റെ വോളി ഗോളി ഒരുവിധം ബ്ലോക്ക് ചെയ്‌തെങ്കിലും അപകടം ഒഴിഞ്ഞിരുന്നില്ല. തക്കം പാര്‍ത്തുനിന്ന ഇമ്മൊബിലെയുടെ മുന്നിലേക്കാണ് ബോള്‍ വന്നത്. റീബൗണ്ട് ചെയ്ത ബോള്‍ ഇമ്മൊബിലെ ഗോളിക്കു തൊടാന്‍ പോലും അവസരം നല്‍കാതെ വലയിലേക്കു ചിപ്പ് ചെയ്തിടുകയായിരുന്നു.

79ാം മിനിറ്റില്‍ ഇന്‍സിനി ഇറ്റലിയുടെ മൂന്നാം ഗോളും നിക്ഷേപിച്ചു. മനോഹരമായ നീക്കത്തില്‍ നിന്നായിരുന്നു ഈ ഗോള്‍. കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടില്‍ നിന്നായിരുന്നു ഈ ഗോള്‍. ആദ്യപകുതിയില്‍ നഷ്ടപ്പെടുത്തിയ അതേ ആംഗിളില്‍ നിന്നാണ് അദ്ദേഹം ഇത്തവണ വലകുലുക്കിയത്. ഇടതു ഭാഗത്തു നിന്നുള്ള ഇന്‍സിനിയുടെ കേര്‍ളിങ് ഷോട്ട് വലയുടെ വലതുമൂലയില്‍ തുളഞ്ഞു കയറുകയായിരുന്നു.

മാച്ച് ലൈനപ്പ്
ഇറ്റലി: ജിയാന്‍ ലുയിജി ഡൊണാമുറ (ഗോള്‍കീപ്പര്‍), ലിയൊനാര്‍ഡോ സ്പിനാസോല, ലിയൊനാര്‍ഡോ ബൊനൂച്ചി, ജോര്‍ജിയോ കിയിലേനി, അലെസാന്‍ഡ്രോ ഫ്‌ളോറെന്‍സി, നിക്കോളോ ബറേല, ജോര്‍ജീഞ്ഞോ, മാന്വല്‍ ലൊക്കാറ്റെലി, ലോറെന്‍സോ ഇന്‍സൈന്‍, സിറോ ഇമ്മൊബൈല്‍, ഡൊമെനിക്കോ ബെറാര്‍ഡി.

തുര്‍ക്കി (- ഉഗുര്‍കാന്‍ കാക്കിര്‍, മെഹമത് സെക്കി സെലിക്ക്, കാഗ്ലര്‍ സൊയൂന്‍കു, മെറി ഡെമിറെല്‍, ഉമുത് മെറാസ്, ഓകെ യൊകുസ്ലു, കെനാന്‍ കറാമന്‍, ഒസാന്‍ ടുഫാന്‍, യൂസുഫ് യാസിക്കി, ഹക്കാന്‍ കഹനോഗ്ലു, ബുറാക് യില്‍മസ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
പ്രവചനങ്ങൾ
VS
Story first published: Friday, June 11, 2021, 23:59 [IST]
Other articles published on Jun 11, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X