കറാച്ചി: ആധുനിക ക്രിക്കറ്റിലെ മികച്ച രണ്ട് ബാറ്റ്‌സ്മാന്‍മാരാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും പാകിസ്താന്‍ നായകന്‍ ബാബര്‍ അസാമും. ഇരുവരും ക്ലാസിക് ശൈലിയുള്ള ബാറ്റ്‌സ്മാന്‍മാരാണ്. ഇരുവരില്‍ ആരാണ് മികച്ചവനെന്നത് സംബന്ധിച്ച് വലിയ തര്‍ക്കം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍ നടത്താറുണ്ട്. ഇപ്പോഴിതാ ലോകത്തില്‍ ആളുകള്‍ അനുകരിക്കാന്‍ ശ്രമിക്കുന്ന രണ്ട് ബാറ്റ്‌സ്മാന്‍മാര്‍ കോലിയും ബാബറുമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകന്‍ സഹീര്‍ അബ്ബാസ്.
'ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോലി ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണെന്നതില്‍ സംശയംവേണ്ട. പിന്നെ ഞങ്ങളുടെ ഹീറോ ബാബര്‍ അസാം. ദൈവം അവന് കൂടുതല്‍ നീണ്ട കരിയറും മികച്ച പ്രകടനങ്ങളും നല്‍കട്ടെ. പ്രതിഭാശാലിയാണവന്‍. നിങ്ങള്‍ ചിലപ്പോള്‍ എന്നോട് കടുപ്പമേറിയ ചോദ്യങ്ങള്‍ ചോദിച്ചേക്കും. എന്നാല്‍ ഞാന്‍ വിശ്വസിക്കുന്നത് ലോകത്തിലെ കൂടുതല്‍ ആളുകളും അനുകരിക്കാന്‍ ശ്രമിക്കുന്നത് ബാബറിന്റെയും കോലിയുടെയും ശൈലികളാണ്'-സഹീര്‍ അബ്ബാസ് പറഞ്ഞു.

ചില ഐപിഎല്‍ താരങ്ങള്‍ കോലിയുടെയും ബാബറിന്റെയും ഷോട്ടുകള്‍ അനുകരിക്കാന്‍ ശ്രമിക്കാറുണ്ട്. ഐപിഎല്ലിലെ കുറച്ച് മത്സരങ്ങള്‍ കണ്ടപ്പോഴാണ് എനിക്കത് മനസിലായത്. ഗല്ലിയിലേക്കും സ്ലിപ്പിലേക്കും ഒരു ബാറ്റ്‌സ്മാന്‍ കട്ട് ഷോട്ട് കളിക്കുന്നു. ഇത് അവരുടെ ശൈലിയാണെന്നും സഹീര്‍ പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലവില്‍ പരമ്പര കളിക്കാത്തതിനാല്‍ കോലിക്കും ബാബറിനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനുള്ള സാഹചര്യം കുറവാണ്.
ഈ വര്‍ഷം ഐസിസി ടി20 ലോകകപ്പ് നടന്നാല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തിന് വീണ്ടും അവസരമൊരുങ്ങും. നിലവില്‍ പാകിസ്താന്‍ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ പങ്കെടുക്കുന്നതിനും വിലക്കുണ്ട്. ഇന്ത്യന്‍ താരങ്ങള്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗിലും പങ്കെടുക്കുന്നില്ല. ബാബര്‍ മികച്ച ബാറ്റ്‌സ്മാനാണെങ്കിലും കോലിയുടെ അത്ര ആരാധക പിന്തുണ ബാബറിനില്ല.
ഇന്ത്യക്കായി 91 ടെസ്റ്റില്‍ നിന്ന് 52.38 ശരാശരിയില്‍ 7490 റണ്‍സും 254 ഏകദിനത്തില്‍ നിന്ന് 59.07 ശരാശരിയില്‍ 12169 റണ്‍സും 89 ടി20യില്‍ നിന്ന് 52.65 ശരാശരിയില്‍ 3159 റണ്‍സും കോലി നേടിയിട്ടുണ്ട്. ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര നേട്ടങ്ങളാണ് കോലിയുടെ നായകത്വത്തിന് കീഴിലുള്ളത്.
26കാരനായ ബാബര്‍ 33 ടെസ്റ്റില്‍ നിന്ന് 42.53 ശരാശരിയില്‍ 2169 റണ്‍സും 80 ഏകദിനത്തില്‍ നിന്ന് 56.84 ശരാശരിയില്‍ 3808 റണ്‍സും 54 ടി20യില്‍ നിന്ന് 47.33 ശരാശരിയില്‍ 2035 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും കണക്കുകളില്‍ മുന്‍തൂക്കം കോലിക്കാണ്.